Minister Veena George | വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത് പ്രൊഫഷനലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു; നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Nov 4, 2022, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത് പ്രൊഫഷനലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു.
സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാന്‍ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനനുസരിച്ചുള്ള ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നാഷനല്‍ നഴ്സിംഗ് കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെഡികല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നഴ്സിംഗ് കോളജുകളും ഹെല്‍ത് സര്‍വീസിന് കീഴില്‍ നഴ്സിംഗ് സ്‌കൂളുകളുമുണ്ട്.
കൂടാതെ സ്വകാര്യ മേഖലയിലും നഴ്സിംഗ് കോളജുകളുണ്ട്. രണ്ട് സര്‍കാര്‍ മെഡികല്‍ കോളജുകളും രണ്ട് സര്‍കാര്‍ നഴ്സിംഗ് കോളജുകളും അഞ്ച് സ്വകാര്യ നഴ്സിംഗ് കോളജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ബി എസ് സി നഴ്സുമാരെ ഗണ്യമായി വര്‍ധിപ്പിക്കണം. ക്രിടികല്‍ കെയര്‍, സൈക്യാട്രി തുടങ്ങിയ എം എസ് സി നഴ്സിംഗ് വിഭാഗത്തില്‍ കൂടുതല്‍ വിദ്യാര്‍ഖികളെ സൃഷ്ടിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ നഴ്സിംഗ് കോളജുകളില്‍ എം എസ് സി സൈക്യാട്രി നഴ്സിംഗ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷം മുതല്‍ എം എസ് സി നഴ്സിംഗില്‍ പുതിയ സ്പെഷ്യാലിറ്റികള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍കാര്‍ നഴ്സിംഗ് കോളജുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടിയുള്ള നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപോസല്‍ നല്‍കാന്‍ നഴ്സിംഗ് കോളജ് പ്രിന്‍സിപല്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യ സര്‍വകലാശാല, നഴ്സിംഗ് കൗണ്‍സില്‍ എന്നിവരുടെ പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു. നഴ്സിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച നടത്തി.
ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രടറി ഡോ. ആശ തോമസ്, പ്രിന്‍സിപല്‍ സെക്രടറി ടിങ്കു ബിസ് വാള്‍, എന്‍ എച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. ഹബീബ്, ജോ. നഴ്സിംഗ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സലീന ശാ, അഡീ. ഡയറക്ടര്‍ നഴ്സിംഗ് എം ജി ശോഭന, ആരോഗ്യ സര്‍വകലാശാല രെജിസ്ട്രാര്‍ ഡോ. മനോജ്, നഴ്സിംഗ് കൗണ്‍സില്‍ രെജിസ്ട്രാര്‍ സുലേഖ, നഴ്സിംഗ് കോളജ് പ്രിന്‍സിപല്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Minister Veena George says steps will be taken to increase nursing seats, Thiruvananthapuram, News, Health, Health Minister, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

