ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് തൊഴില്‍ നിയമപരിരക്ഷ ഉറപ്പാക്കും: ടി പി രാമകൃഷ്ണന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08/06/2017) കേരളത്തില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെയെത്തി തൊഴിലെടുക്കുന്നവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്.

ഈ രംഗത്ത് യാതൊരു വിധ ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മസ്‌കറ്റ് ഹോട്ടലില്‍ തൊഴില്‍ നൈപുണ്യ വകുപ്പും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് തൊഴില്‍ നിയമപരിരക്ഷ ഉറപ്പാക്കും: ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ അപകടങ്ങളില്‍പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളികളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. അവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തെ നിയമ പരിരക്ഷ അവര്‍ക്കും ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ തൊഴില്‍ ഏജന്റുമാര്‍ ശ്രദ്ധിക്കണം.

നിര്‍മാണമേഖലയിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ തൊഴിലാളികളുടെ വേതനത്തിലും മറ്റാനുകൂല്യങ്ങളിലും ചൂഷണം നടക്കുന്നുണ്ടോ എന്നത് അന്വേഷിക്കും. ഈ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ തൊഴില്‍വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കാന്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് 640 പേര്‍ക്ക് താമസിക്കാവുന്ന 64 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ ഈ സൗകര്യമൊരുക്കും. എല്ലാ ജില്ലകളിലും ഇത്തരം സംവിധാനങ്ങളുണ്ടാക്കാന്‍ പദ്ധതിയുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കും മറ്റുമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, 25 ലക്ഷത്തില്‍ പരം ഇതര സംസ്ഥാന തൊഴിലാളികളില്‍ അറുപതിനായിരത്തില്‍ താഴെ പേര്‍ മാത്രമേ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. രജിസ്റ്റര്‍ ചെയ്തവര്‍പോലും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത സാഹചര്യവുമുണ്ട്.

തൊഴിലാളി സംഘടനകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഇക്കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. തൊഴിലാളികളുടെ കൃത്യമായ എണ്ണവും വ്യക്തിവിവരങ്ങളും നിര്‍ണയിക്കപ്പെടണം. ഭരണഘടനാപരമായ തത്വങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ ബിജു, ആസൂത്രണ ബോര്‍ഡ് അംഗം കെ രവിവര്‍മ, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. എ വി ജോസ്, വി വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ ഫെലോ ഡോ. എസ് കെ ശശികുമാര്‍, ഐഎല്‍ഒ വര്‍ക്ക് ഇന്‍ പ്രോഗ്രാം നാഷണല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഭാരതി ബിര്‍ല, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Hotel, Inauguration, Health, News, Kerala, Migrant workers face challenges in Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia