SWISS-TOWER 24/07/2023

Contamination | നമ്മൾ കഴിക്കുന്ന ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്! ഇവയിലേക്ക് കടന്ന് കൂടുന്നതെങ്ങനെ?

 
Contamination
Contamination

Representational Image Generated by Meta AI

ശരാശരി, ഒരു ഇന്ത്യക്കാരന്‍ പ്രതിദിനം 10.98 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശിത പരിധിയായ 5 ഗ്രാമിന്റെ ഇരട്ടിയിലധികം വരുമെന്നും പഠനം പറയുന്നു

ആദിത്യൻ ആറന്മുള 

(KVARTHA) രാജ്യത്തെ പാക്ക് ചെയ്തതോ, അല്ലാത്തതോ ആയ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്കിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. ഒരു മൈക്രോ മീറ്ററിനും 5,000 മൈക്രോ മീറ്ററിനും ഇടയില്‍ വലിപ്പമുള്ള ഖര പ്ലാസ്റ്റിക് കണങ്ങള്‍ അല്ലെങ്കില്‍ സിന്തറ്റിക് നാരുകള്‍ എന്നിങ്ങനെയാണ് മൈക്രോപ്ലാസ്റ്റിക്‌സിനെ സാധാരണയായി നിര്‍വചിക്കുന്നത്. വ്യത്യസ്തമായ പാരിസ്ഥിതിക നാശവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്ന പോളിയെത്തിലീന്‍, പോളിപ്രൊഫൈലിന്‍, പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് എന്നിങ്ങനെ വിവിധ പോളിമറുകള്‍ അവയില്‍ അടങ്ങിയിരിക്കുന്നു.

Aster mims 04/11/2022

 Contamination

ഈ സൂക്ഷ്മകണികകള്‍  കുത്തിവയ്പ്പ്, ശ്വസനം, നേരിട്ടുള്ള ചര്‍മ്മ സമ്പര്‍ക്കം എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. പോളിമറുകള്‍ മിക്കവാറും എല്ലായിടത്തും കാണുന്നതിനാല്‍, മൈക്രോപ്ലാസ്റ്റിക്കുകള്‍ പലപ്പോഴും അടിഞ്ഞുകൂടുകയും തകരുകയും ഒടുവില്‍ ഭക്ഷ്യ ശൃംഖലയില്‍ സംയോജിക്കുകയും ചെയ്യുന്നു, ഇത് ജീവജാലങ്ങള്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നു.

ഭക്ഷ്യവസ്തുക്കള്‍ വഴിയാണ് മൈക്രോപ്ലാസ്റ്റിക് പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്, ഉപ്പ് ഇതില്‍ പ്രധാന ഘടകമാണ്, അതിന് ശേഷം പഴങ്ങളും പച്ചക്കറികളും. ഉപ്പിലെയും പഞ്ചസാരയിലെയും മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് പരിശോധിച്ചപ്പോള്‍,  ബ്രാന്‍ഡഡ് അയോഡൈസ്ഡ് പായ്ക്കറ്റ് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്‌സ് കണ്ടെത്തിയതെന്ന് പഠനം പറയുന്നു.  പൊടി ഉപ്പ്, കല്ലുപ്പ്,  കടല്‍ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന പത്ത് ഇനം ഉപ്പുകള്‍  ലാബില്‍ പരിശോധിച്ചു. 

മൂന്നെണ്ണം പായ്ക്ക് ചെയ്ത അയോഡൈസ്ഡ് ഉപ്പും മൂന്ന് കല്ലുപ്പ് സാമ്പിളുകളും രണ്ട് ഓര്‍ഗാനിക് ബ്രാന്‍ഡുകളും രണ്ട് കടല്‍ ഉപ്പ് സാമ്പിളുകളും രണ്ട് പ്രാദേശിക ബ്രാന്‍ഡുകളും ആയിരുന്നു ഇവ. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക വിപണികളില്‍ നിന്നും വാങ്ങിയ അഞ്ച് പഞ്ചസാര സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് ഉപ്പ് സാമ്പിളുകളും ഒരു പഞ്ചസാര സാമ്പിളും ഒഴികെ ബാക്കിയെല്ലാം ബ്രാന്‍ഡഡ് ആയിരുന്നു.  

പഞ്ചസാര, ഉപ്പ് സാമ്പിളുകളിലെ മൈക്രോപ്ലാസ്റ്റിക് എട്ട് വ്യത്യസ്ത നിറങ്ങളാണെന്ന് ഗവേഷകര്‍ കണ്ടെത്തി, (തെളിഞ്ഞ നിറം, വെള്ള, നീല, ചുവപ്പ്, കറുപ്പ്, വയലറ്റ്, പച്ച, മഞ്ഞ). അവയുടെ അളവും വലിപ്പവും വ്യത്യസ്തമായിരുന്നു, ഒരു കിലോഗ്രാം  ഉപ്പിലും പഞ്ചസാരയിലും യഥാക്രമം 6.71 മുതല്‍ 89.15 കഷണങ്ങള്‍ വരെയും യഥാക്രമം 0.1 മില്ലീ മീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയുമാണ് കണ്ടത്. നാരുകള്‍, ഫിലിമുകള്‍, കഷണം, ഉരുണ്ട എന്നീ രൂപങ്ങളിലാണ് മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു കിലോഗ്രാം പാക്ക്ഡ് അയോഡൈസ്ഡ് ഉപ്പിലാണ് മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയത്. 89.15 കഷണങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഒരു കിലോഗ്രാം ജൈവ കല്ലുപ്പിലാണ് ഏറ്റവും കുറഞ്ഞ സാന്ദ്രത കണ്ടെത്തിയത്, കിലോഗ്രാമിന് 6.70 മൈക്രോപ്ലാസ്റ്റിക് കഷണങ്ങളാണ് അതിലുണ്ടായിരുന്നത്.

അഞ്ച് പഞ്ചസാര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഓര്‍ഗാനിക് പഞ്ചസാര സാമ്പിളിലാണ് ഏറ്റവും കുറവ് മൈക്രോപ്ലാസ്റ്റിക് ഉള്ളത്, ഒരു കിലോഗ്രാമിന് 11.85 കഷണങ്ങളാണ് അതിലുണ്ടായിരുന്നത്. ഓര്‍ഗാനിക്ക് അല്ലാത്ത പഞ്ചസാര സാമ്പിളിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്‌സ് ഉള്ളത്, ഒരു കിലോഗ്രാമിന് 68.25 കഷണങ്ങളാണ് അതിലുണ്ടായിരുന്നത്.  വിവിധ പഞ്ചസാര സാമ്പിളുകളില്‍ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്‌സിന്റെ വലുപ്പം 0.1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അവ കൂടുതലും നാരുകളുടെയും പിന്നീട് ഫിലിമുകളുടെയും ഉരുളകളുടെയും രൂപത്തിലായിരുന്നു. 

ഉപ്പില്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വസ്ത്ര നാരുകള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളിലെ പ്ലാസ്റ്റിക് കണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്‌ വരാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ വിതരണം ഉപ്പിന്റെ ഉറവിടം, ഉല്‍പ്പാദന കേന്ദ്രത്തിന്റെ സ്ഥാനം, ചുറ്റുമുള്ള പരിസ്ഥിതി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.പഞ്ചസാരയില്‍, മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് കരിമ്പ് സംസ്‌കരണം, ശുദ്ധീകരണം, പഞ്ചസാര പാക്കേജിംഗ് എന്നിവ കാരണമാകാം. കാര്‍ഷിക, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഈ കണങ്ങളെ പരിസ്ഥിതിയിലേക്ക് തള്ളി വിടുന്നതായി പഠനം പറയുന്നു.

ശരാശരി, ഒരു ഇന്ത്യക്കാരന്‍ പ്രതിദിനം 10.98 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശിത പരിധിയായ 5 ഗ്രാമിന്റെ ഇരട്ടിയിലധികം വരുമെന്നും പഠനം പറയുന്നു. പ്രതിശീര്‍ഷ പഞ്ചസാരയുടെ പ്രതിദിന ഉപഭോഗം ഏകദേശം 10 സ്പൂണ്‍ ആണ്. ശരാശരി ഇന്ത്യക്കാരന്‍ പ്രതിവര്‍ഷം 18 കിലോഗ്രാം പഞ്ചസാര കഴിക്കുന്നു. ഇതിനര്‍ത്ഥം ഇന്ത്യക്കാരും ഗണ്യമായ അളവില്‍ മൈക്രോപ്ലാസ്റ്റിക് കഴിക്കുന്നു എന്നാണ്. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങള്‍ക്ക് ഇത് ഇടവരുത്തും. രാജ്യത്തെ കാന്‍സര്‍ രോഗികളടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും ആഹാരത്തിലെ വിഷാംശങ്ങളിലൂടെ രോഗം പിടിപെട്ടവരാണ്. 

പ്ലാസ്റ്റിക് പാക്കറ്റുകളിലെ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകരടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ അതൊന്നും പാലിക്കാറില്ല. ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിലൂടെയും അര്‍ബുദം ഉണ്ടാകാം. വഴിയോരങ്ങള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ ഇത്തരത്തില്‍ എണ്ണ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് പലപ്പോഴും റെയ്ഡ് നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കറിമസാലകളില്‍ വിഷാശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂരും അമേരിക്കയും അടക്കം ഇന്ത്യയില്‍ നിന്നുള്ള മസാലകളുടെ ഇറക്കുമതി ഒഴിവാക്കിയിരുന്നു.

#microplastics #pollution #health #foodsafety #India #environment #study

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia