Outbreak | മാർബർഗ് വൈറസ് ഭീതി: റുവാണ്ടയിൽ 12 മരണം, 88% മരണനിരക്ക്
ന്യൂഡൽഹി: (KVARTHA) ആഫ്രിക്കയിലെ റുവാണ്ടയിൽ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് പകർച്ചവ്യാധി. കഴിഞ്ഞ മാസം അവസാനമാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം 12 പേർ മാരകമായ ഈ രോഗം ബാധിച്ച് മരിച്ചു.
എന്താണ് മാര്‍ബര്‍ഗ് വൈറസ്?
എബോള വൈറസിന്റെ കുടുംബത്തിൽ പെട്ട മാരകമായ ഒരു വൈറസാണ് മാര്‍ബര്‍ഗ്. ഈ വൈറസ് ബാധിച്ചാൽ രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. ഏറ്റവും ഭീകരമായ കാര്യം, ഈ വൈറസ് ബാധിച്ചാൽ മരണനിരക്ക് 88 ശതമാനമാണ്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും വൈറസ് നയിക്കും. ആരോഗ്യ വിദഗ്ധർ പറയുന്നത് അനുസരിച്ച ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ് വൈറസ് എബോളയേക്കാള്‍ അപകടകാരിയാണ്.
രോഗലക്ഷണങ്ങൾ
മാർബർഗ് വൈറസ് ബാധിച്ചാൽ ആദ്യം കടുത്ത പനി, തലവേദന എന്നീ ലക്ഷണങ്ങൾ കാണിക്കും. തുടർന്ന് പേശീ വേദന അതിസാരം, വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാം. രോഗം മൂർച്ഛിക്കുന്നതോടെ അതായത് അഞ്ചു മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ മൂക്കിൽ നിന്നും, മോണകളിൽ നിന്നും, സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തസ്രാവം ഉണ്ടാകും. കൂടാതെ, രോഗിക്ക് മാനസികമായ പ്രശ്‌നങ്ങളും ഉണ്ടാകാം. അവസാന ഘട്ടത്തിൽ വൃഷണം വീർക്കുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.
എങ്ങനെ പകരുന്നു?
മാർബർഗ് വൈറസ് രോഗിയിലെ രക്തം, ശരീര സ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. അണുബാധിതമായ ഉപരിതലങ്ങളുമായുള്ള സമ്പർക്കവും രോഗം പകരാൻ കാരണമാകും.
വാക്സിൻ
മാർബർഗ് വൈറസിനെതിരെയുള്ള വാക്സിൻ ട്രയൽ ആരംഭിച്ചെന്ന് റുവാണ്ടൻ അധികൃതർ അറിയിച്ചു.
റുവാണ്ടയിൽ ഈ വൈറസ് വ്യാപനം വളരെ വേഗത്തിലാണ്. ഇതുവരെ 46 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 80 ശതമാനം അണുബാധകളും മെഡിക്കൽ തൊഴിലാളികൾക്കിടയിലാണ്. റുവാണ്ടയിലുള്ളത് 1,500 ഡോക്ടർമാർ മാത്രമായതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ് നേരിടുന്നത്.
#MarburgVirus #Outbreak #Rwanda #Africa #Ebola #PublicHealth #HealthCrisis