കൊറോണ: ലോക്ക് ഡൗൺ 21 ദിവസത്തേക്കുകൂടി തുടരണം: ഐ എം എ, ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കർമ്മസമിതിയും, ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നും ശുപാര്‍ശ, സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കെ ജി എം ഒ എയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.04.2020) കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഏപ്രിൽ 14 നു ശേഷവും 21
 ദിവസത്തേക്ക് കൂടി ലോക്ക് ഡൗൺ തുടരണമെന്നാണ് ഐഎംഎയുടെ നിർദ്ദേശം. ഇക്കാര്യമുന്നയിച്ച് .ഐ എം എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.
കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും കേരളം മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ നിലവിലുള്ള നേട്ടവും മേൽക്കൈയും നിലനിർത്താൻ അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗണ്‍ തുടരേണ്ടത് അനിവാര്യമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച്‌ വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗണ്‍ പിൻവലിക്കുമ്പോൾ ഉണ്ടാകാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് വളരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.


കൊറോണ: ലോക്ക് ഡൗൺ 21 ദിവസത്തേക്കുകൂടി തുടരണം: ഐ എം എ, ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കർമ്മസമിതിയും, ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നും  ശുപാര്‍ശ, സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കെ ജി എം ഒ എയും

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ചർച്ച ചെയ്ത ശേഷമാണ് പുതിയ നിർദ്ദേശം മുഖൈമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചത്. സംസ്ഥാന- ദേശീയ- അന്തർ ദേശീയ തലത്തിലുള്ള വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐ എം എയുടെ നിര്‍ദ്ദേശം. മറ്റ് രാജ്യങ്ങളില്‍ പലതും പതിനായിരക്കണക്കിന് പേർ  ശേഷമാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. എന്നാൽ ഇന്ത്യയിൽ ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇത് സമൂഹവ്യാപനം ഒരു പരിധി വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യകതയും കത്തിലുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതരരോഗമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധ തുടരണം. കേരളത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റും കൂടുതല്‍ വ്യാപകമാക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.


കൊറോണ: ലോക്ക് ഡൗൺ 21 ദിവസത്തേക്കുകൂടി തുടരണം: ഐ എം എ, ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കർമ്മസമിതിയും, ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നും  ശുപാര്‍ശ, സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കെ ജി എം ഒ എയും

അതേസമയം, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് കാട്ടി 17 അംഗ കര്‍മ്മസമിതി. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മാനദണ്ഡങ്ങള്‍ തയാറാക്കി. രോഗികളുടെ എണ്ണത്തിലെ കുറവ് ഉള്‍പ്പെടെ പരിഗണിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജില്ലകള്‍ക്കായിരിക്കും ഇളവുകള്‍ നല്‍കുക.

ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കും. ജില്ലകള്‍ പരിഗണിച്ച്‌ വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. മറ്റിടങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ചാവണം തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.


കൊറോണ: ലോക്ക് ഡൗൺ 21 ദിവസത്തേക്കുകൂടി തുടരണം: ഐ എം എ, ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കർമ്മസമിതിയും, ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നും  ശുപാര്‍ശ, സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കെ ജി എം ഒ എയും

നിയന്ത്രണങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് നൽകിയ വിശദമായ കത്തിൽ ചൂണ്ടിക്കാട്ടി. സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായി പല അന്തര്‍ദേശീയ പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റെയില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതും രോഗവ്യാപനം ദ്രുതഗതിയിലാക്കും. ആ നിലയ്ക്ക് ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ എങ്കിലും തുടര്‍ന്നു കൊണ്ട് പോകുന്നത് നന്നായിരിക്കും. ചെറിയ ഒരു ഇടവേള നല്‍കിയ ശേഷം നിയന്ത്രണങ്ങള്‍ ഇന്നത്തെ രീതിയില്‍ പുനരാരംഭിക്കുന്നതും പരിഗണിക്കാവുന്നതാണെന്നും  സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണനും കത്തിൽ ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിരോധം ശക്തമാക്കുന്നത് സംബന്ധിച്ച് കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം:

കോവിഡ് 19 രോഗം ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ള നിര്‍ണയ, നിരീക്ഷണ, ചികിത്സാ രീതികളിലൂടെ രോഗവ്യാപനം ഫലപ്രദമായി തടഞ്ഞുനിര്‍ത്തുന്നതിന് സാധിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിന്റെ ഈ പ്രവര്‍ത്തന രീതി ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്നത്തെ ഊര്‍ജത്തോടും ശാസ്ത്രീയാവ ബോധത്തോടും മുന്നോട്ടു പോയാല്‍ നമുക്ക് ഈ മഹാമാരിയെ കീഴടക്കുവാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ മേഖലയില്‍ ഈ രോഗത്തിനെതിരെ രാപ്പകല്‍ പൊരുതിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഗുണകരമാകുന്ന ചില നിര്‍ദേശങ്ങള്‍ അങ്ങയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു.

പ്രാഥമിക തലത്തിലെ ആശുപത്രികളുടെ ശാക്തീകരണം

കോവിഡ് രോഗം സംശയിക്കുന്നവര്‍ക്കുള്ള സ്രവ പരിശോധനയും രോഗ ചികിത്സയും നടക്കുന്നത് താലുക്ക്, ജില്ലാ തല ആശുപത്രികളിലാണെങ്കിലും സാമൂഹികവ്യാപനത്തിനു തടയിടാനുതകുംവിധം രോഗം സംശയിക്കുന്നവരെ സംബന്ധിച്ചുള്ള വിവര ശേഖരണവും വിശകലനവും ഗൃഹ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് പ്രാഥമിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ്. ഈ സ്ഥാപനങ്ങളെ ശക്തീകരിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ അധികമായി ചെയ്യേണ്ടിവന്നിട്ടുണ്ട്.

സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക.

അവരില്‍ രോഗമുള്ളവര്‍ ഉണ്ടെങ്കില്‍ പരിശോധനാകേന്ദ്രത്തിലേക്ക് അയക്കുക.

നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ വന്നാല്‍ അത് കണ്ടെത്തി അവരെ പരിശോധനയ്ക്ക് അയക്കുക.

പരിശോധനക്ക് അയക്കേണ്ടവര്‍ക്ക് വാഹനം ഏര്‍പ്പെടുത്തുക.

സ്ഥാപനത്തിലെ ജീവനക്കാരുമായി സ്റ്റാഫ് മീറ്റിംഗ് എല്ലാ ദിവസവും.

കൊറോണബാധയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ജീവനക്കാരെ ബോധവല്‍ക്കരിക്കുക.

ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.

അതിഥി തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളുടെ സന്ദര്‍ശനം.

പഞ്ചായത്തു തല ആര്‍ ആര്‍ ടി മീറ്റിംഗുകള്‍.

ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രത്യേക പരിപാലനംയ

കൊറോണ പരിപാലന കേന്ദ്രങ്ങളുടെ മേല്‍നോട്ടം

മൂന്നു ദിവസം ഇടവിട്ട് ബ്ലോക്ക് തല മീറ്റിംഗ്

ദിവസേന ജില്ലാതല സൂം മീറ്റിംഗ്, എം എല്‍ എ മീറ്റിംഗ്

നിരീക്ഷണത്തിലുള്ള വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക

പ്രതിദിന റിപ്പോര്‍ട്ടുകളുടെ പരിശോധന

മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും മറ്റു ആവശ്യസംവിധാനങ്ങളും സജ്ജീകരിക്കല്‍

പൊതു സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കാനായി പോലീസ് അടക്കം ഇതര വകുപ്പുകളുമായുള്ള ഏകോപനം

സമൂഹത്തില്‍ ആളുകള്‍ ഒരുമിച്ചു കൂടുവാന്‍ സാധ്യതയുള്ള നടക്കുന്ന മരണാനന്തര ചടങ്ങ് പോലുള്ള സന്ദര്‍ഭങ്ങളുടെ നിരീക്ഷണം

പ്രായമായവരുടെ നിരീക്ഷണം

എന്‍ സി ഡി, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം

ഐ ഡി എസ് പി

വിവിധ ഫണ്ടുകളുടെ വിനിയോഗം

പരിശീലന പരിപാടികളില്‍ പങ്കെടുക്കല്‍

മാര്‍ഗരേഖകളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ മനസിലാക്കി നടപ്പിലാക്കല്‍.

ഇന്നത്തെ സാഹചര്യത്തില്‍ പ്രാഥമിക തലത്തിലുള്ള ഒരു ആശുപത്രിയിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ മുഴുവന്‍ സമയവും പൂര്‍ണമായും വിനിയോഗിച്ചാല്‍ പോലും ഈ ജോലികള്‍ സമയത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനു പുറമെയാണ് പതിവ് രോഗീപരിചരണം. ആയതുകൊണ്ട് പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങള്‍ എല്ലാം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ശക്തീകരിക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍മാരെ പതിവ് ഓപിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ ആ ഡോക്ടര്‍ക്ക് കൊറോണ പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കാനാവും. അതിനു മതിയാകുന്ന തരത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂ.

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം

ശാസ്ത്രീയമായി സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എങ്കിലും കോറോണാ വൈറസിന്റെ സാമൂഹികവ്യാപന സാദ്ധ്യത പൂര്‍ണമായും തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. അതുകൊണ്ട് രോഗവ്യാപനം തടയാനുള്ള ഉപാധികള്‍ സാര്‍വത്രികമായി നടപ്പിലാക്കുന്നത് ഉചിതമാണ്. പൊതുജനം വ്യാപകമായി മാസ്‌കുകള്‍ ഉപയോഗിക്കണം എന്ന് അങ്ങ് നല്‍കിയ നിര്‍ദ്ദേശം ഇന്ന് ഏറെ പ്രസക്തമാണ്. ഇതിനായി ഗൃഹ നിര്‍മിത തുണി മാസ്‌കുകള്‍ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം, രോഗീപരിചരണം ചെയ്യുന്ന എല്ലാ ജീവനക്കാരും കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പല സ്ഥാപനങ്ങളിലും ഇത്തരം ഉപകരണങ്ങളുടെ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. തന്മൂലം അടിയന്തര ഘട്ടങ്ങളില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ രോഗികളെ പരിചരിക്കുവാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ നിര്‍ബന്ധിതരായി തീരുവാനുള്ള സാദ്ധ്യത വിദൂരമല്ല. അങ്ങനെ സംഭവിച്ചാല്‍ അത് ആ ജീവനക്കാരുടെ ആരോഗ്യത്തെ മാത്രമല്ല അവരുടെ സഹപ്രവര്‍ത്തകരുടെയും അവര്‍ തുടര്‍ന്ന് പരിശോധിക്കുന്ന മറ്റു രോഗികളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ആശുപത്രി പ്രവര്‍ത്തനം സ്തംഭിക്കുകയും ഒരു പ്രദേശത്തെ മുഴുവന്‍ രോഗത്തിന്റെ പിടിയിലാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇപ്രകാരം വലിയതോതിലുള്ള രോഗവ്യാപനത്തിന്റെ സാദ്ധ്യതയുള്ളതിനാല്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാകാതെ വന്നാല്‍ രോഗീപരിചരണം തുടരാനാവാതെ വരും. കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ലഭ്യത കുറയുന്ന സാഹചര്യത്തില്‍ ഇവ കഴിയുന്നത്ര ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്. ഏതെങ്കിലും മേഖലയില്‍ ഇവ പൂഴ്ത്തിവയ്ക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഉല്പാദിപ്പിക്കപ്പെടുന്ന ഉപകരണങ്ങള്‍ രോഗീപരിചരണം നടത്തുന്ന സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതിനു മുന്‍ഗണന നല്കണം. പൊതുജനം തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ദൌര്‍ലഭ്യം നേരിടുന്ന മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ ദുര്‍വ്യയം ചെയ്യപ്പെടാതിരിക്കുവാനുള്ള നടപടി സ്വീകരിക്കുകയും വേണം.

ഓപികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം

ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് പൊതുജനം അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ആശുപത്രികള്‍ രോഗവ്യാപനത്തിന് സാദ്ധ്യത കൂടുതല്‍ ഉള്ള സ്ഥലങ്ങളാണ്. കൂടാതെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവരില്‍ ഏറിയ പങ്കും പലവിധ രോഗബാധകളാല്‍ പ്രതിരോധ ശക്തി കുറവുള്ളവരും പ്രായം ചെന്നവരും കുട്ടികളുമാണ്. കൊറോണ പിടിപെട്ടാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുവാന്‍ സാധ്യതയുള്ളവരാണ് ഇവര്‍. അതിനാല്‍ സമ്പര്‍ക്കം കുറയ്ക്കുവാന്‍ അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ടെലിമെഡിസിന്‍ അംഗീകരിച്ച സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമാകും വിധം ഈ സംവിധാനം നടപ്പിലാക്കിയാല്‍ ആശുപത്രി സന്ദര്‍ശനം കുറയ്ക്കാനാകും. അടിയന്തര സ്വഭാവമില്ലാത്ത ചികിത്സകളും ശസ്ത്രക്രീയകളും സ്‌പെഷ്യാലിറ്റി ഒപികളും ഒഴിവാക്കുന്നതും തിരക്ക് കുറഞ്ഞ ആശുപത്രികളില്‍ ഓപി സമയം കുറയ്ക്കുന്നതും സമ്പര്‍ക്കം കുറയ്ക്കുന്നതിന് സഹായകരമാകും. പ്രാഥമിക തലത്തിലെ പി എച്ച് സി, എഫ് എച്ച് സി, സി എച്ച് സി തുടങ്ങിയ ആശുപത്രികളിലെ ഓപി സമയം ഒന്‍പതു മുതല്‍ രണ്ടു വരെയാക്കി നിജപ്പെടുത്തുന്നത് സമ്പര്‍ക്കം കുറയ്ക്കുന്നതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭ്യമാക്കുകയും ദുര്‍ലഭമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യും.

പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക

സാമൂഹിക വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗമുള്ള എല്ലാവരെയും തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുകയും അവരുടെ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയുമാണ്. ഇതിനു കൂടുതല്‍ ആള്‍ക്കാരെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയും പരിശോധന വര്‍ധിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ലഘുവായ ലക്ഷണങ്ങള്‍ മാത്രമുള്ള ക്യാറ്റഗറി എ യില്‍പ്പെടുന്ന ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ള രോഗികളുടെ സ്രവ പരിശോധന കൂടി നടത്താന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഈയവസരത്തില്‍ ശ്ലാഘനീയമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ സമ്പര്‍ക്കം ഇല്ലാത്തവരിലും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ കണ്ടെത്തുകയുണ്ടായി. ആ സ്ഥിതിയ്ക്ക് ക്യാറ്റഗറി എ യില്‍പ്പെടുന്ന ലോ റിസ്‌ക് സമ്പര്‍ക്കമുള്ള രോഗികളുടെയും രോഗികളോ രോഗലക്ഷണമില്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ള എല്ലാവരുടെയും സ്രവ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുന്നത് നന്നായിരിക്കും.

നിയന്ത്രണങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത

ഏപ്രില്‍ പതിനാലോടുകൂടി ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുകയാണ്. സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പെട്ടെന്ന് വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായി പല അന്തര്‍ദേശീയ പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റെയില്‍ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതും രോഗവ്യാപനം ദ്രുതഗതിയിലാക്കും. ആ നിലയ്ക്ക് ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ എങ്കിലും തുടര്‍ന്നു കൊണ്ട് പോകുന്നത് നന്നായിരിക്കും. ചെറിയ ഒരു ഇടവേള നല്‍കിയ ശേഷം നിയന്ത്രണങ്ങള്‍ ഇന്നത്തെ രീതിയില്‍ പുനരാരംഭിക്കുന്നതും പരിഗണിക്കാവുന്നതാണ്.

മേല്‍ വിവരിച്ച വിഷയങ്ങള്‍ അടിയന്തരമായി പരിഗണിച്ച് കോവിഡ് 19 എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് തോല്‍പ്പിക്കുവാനുള്ള സാഹചര്യം സംജാതമാക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം, ഈ പ്രതിസന്ധി ഘട്ടത്തില്‍ ശാസ്ത്രീയമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധരായി ഡോക്ടര്‍മാര്‍ സദാ പ്രവര്‍ത്തനസജ്ജരാണ് എന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.


Summary: Lockdown in Kerala should extent for 21 days more: IMA and Expert Committee
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia