Conference | കെ ജി എം ഒ എ സംസ്ഥാന സമ്മേളനം 18, 19ന് കോട്ടയത്ത്


● പത്ത് മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.
● കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോട്ടയം: (KVARTHA) കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ (KGMOA) 58-ാമത് സംസ്ഥാന സമ്മേളനം ജനുവരി 18, 19 തീയതികളിൽ കോട്ടയം കെ ടി ഡി സി വാട്ടർ സ്കെയ്പ്സിൽ (ഡോ. സി എൻ സുഗതൻ നഗർ) നടക്കും. 18-ന് രാവിലെ എട്ടര മണിക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ടി എൻ സുരേഷ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പത്ത് മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.
ഡോ. കെ. വേണുഗോപാലൻ മെമ്മോറിയൽ മെഡിക്കൽ തുടർ വിദ്യാഭ്യാസ പരിപാടി, സംസ്ഥാന ജനറൽ ബോഡി യോഗം, മുതിർന്ന നേതാക്കളെ ആദരിക്കൽ ചടങ്ങുകൾ എന്നിവയും അന്നേ ദിവസം നടക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ആരോഗ്യ പ്രശ്നോത്തരി 'അമൃതകിരണം മെഡി ഐക്യു സീസൺ - 7' ഗ്രാൻ്റ് ഫിനാലെ, കുടുംബ സംഗമം, കലാസന്ധ്യ തുടങ്ങിയ വിനോദപരിപാടികളും സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ 19-ന് രാവിലെ നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ, വനിതാ-ശിശുക്ഷേമ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 2025 വർഷത്തെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും. 2024-ലെ ആരോഗ്യ രംഗത്തെ മികച്ച റിപ്പോർട്ടിംഗിനുള്ള ഡോ. എം. പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ് റിപ്പോർട്ടർ ടി വി ചീഫ് റിപ്പോർട്ടർ സാനിയോ സി. എസിന് കൈമാറും.
ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് കോഴിക്കോട് ജില്ല ആസ്ഥാനമാക്കി രക്തദാന രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന 'ഹോപ്പ്' എന്ന സംഘടനയ്ക്ക് സമ്മാനിക്കും. കൂടാതെ, മികച്ച ഡോക്ടർ അവാർഡുകൾ ഡോ. ജമാൽ അഹമ്മദ്, ഡോ. ദീപ്തി ലാൽ പി. എൽ, ഡോ. സയ്യദ് ഹമീദ് ഷുഹൈബ് കെ. എസ് എന്നിവർക്കും സമ്മാനിക്കും.
#KGMOA #Kottayam #MedicalConference #HealthcareAwards #KeralaEvents #MedicalNews