കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍

 


തൃശൂര്‍: (www.kvartha.com 31.01.2020) കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ കെ ശൈലജ. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി.

മെഡിക്കല്‍ കോളജിലാണ് ചികിത്സയ്ക്ക് അനുകൂലമായ സാഹചര്യം ഏറ്റവും അനുയോജ്യമായുള്ളത് എന്ന് കണ്ടുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് ഈ തീരുമാനമെടുത്തത്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ രീതിയിലുള്ള ഐസൊലേഷന്‍ വാര്‍ഡാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇതിനായി ഒരുങ്ങിയത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍

അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമായ എല്ലാ മരുന്നുകളും ഒരുക്കിയിട്ടുണ്ട്. 20 മുറികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സൗകര്യവുമുണ്ട്.

സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ അടിയന്തര യോഗം വെള്ളിയാഴ്ച തൃശൂരില്‍ വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്.

മന്ത്രി കെ കെ ശൈലജയും തൃശൂര്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും വ്യാഴാഴ്ച രാത്രി 11.45 നാണ് ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി വിലയിരുത്തി. ഡിഎംഒയും മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചികിത്സയെക്കുറിച്ച് വിശദീകരിച്ചു.

പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ജനറല്‍ ആശുപത്രിയിലെ വിവരങ്ങളും കൈമാറി. മെഡിക്കല്‍ ബോര്‍ഡ് പെണ്‍കുട്ടിയെ പരിശോധിച്ചതിനു ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധ, രാജ്യാന്തര ആരോഗ്യ അടിയന്തര സാഹചര്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 20 രാജ്യങ്ങളിലേക്കു വൈറസ് പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. അതിനിടെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി.

Keywords:  Kerala student is India's first confirmed case of corona virus, Thrissur, News, Health, Health & Fitness, Health Minister, Treatment, Medical College, Student, Govt-Doctors, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia