ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് മന്ത്രി; ഷോപിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പെടെ സന്ദര്‍ശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 16.12.2021) കഴിഞ്ഞദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബുധനാഴ്ചയാണ് കോങ്കോയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്.
Aster mims 04/11/2022

ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് മന്ത്രി; ഷോപിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പെടെ സന്ദര്‍ശനം

എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പെടെ പോയിരുന്നുവെന്നും അതിനാല്‍ തന്നെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്. റൂട് മാപ് ഉടന്‍ പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ടിലും സീപോര്‍ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാംപിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചുതന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്.

അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാംപിളുകള്‍ ഉള്‍പെടെ ആകെ 54 പേരുടെ സാംപിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും അഞ്ചു പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണ്. എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് (37) കഴിഞ്ഞദിവസം എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. വെള്ളിയും ശനിയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം. അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക് ടു ബേസിക്‌സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Keywords:  Kerala Omicron: Ernakulam native went on malls and restaurants, Kochi, News, COVID-19, Hospital, Treatment, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia