SWISS-TOWER 24/07/2023

Infection | അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 10 രോഗികളേയും ഡിസ്ചാര്‍ജ് ചെയ്തു; കേരളത്തിന് ഇത് ചരിത്ര നേട്ടം

 
Kerala Leads in Treating Deadly Amoebic Brain Infection
Kerala Leads in Treating Deadly Amoebic Brain Infection

Photo Credit: Facebook / Veena George

ADVERTISEMENT

● രോഗം പ്രതിരോധിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നു
● ആഗോള തലത്തില്‍ മരണ നിരക്ക് 97 ശതമാനം

തിരുവനന്തപുരം: (KVARTHA) അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ് ചാര്‍ജ് ചെയ്തു. അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

Aster mims 04/11/2022

ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തു. ഇതാണ് ഇത്രയേറെ പേരെ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇടയാക്കിയത്. 

ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേ സമയം ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്യേക എസ് ഒ പി തയ്യാറാക്കിയാണ് തുടര്‍ ചികിത്സ ഉറപ്പാക്കിയത്. 

സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ സി എം ആര്‍, ഐ എ വി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു.

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പോലുള്ള വളരെ അപൂര്‍വമായ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തില്‍ നിന്നും ബഹുഭൂരിപക്ഷം പേരെ രക്ഷിക്കാന്‍ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികള്‍ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷന്‍പ്ലാന്‍ രൂപീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ കാണാന്‍ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ സി എം ആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കണ്‍ട്രോള്‍ പഠനം നടത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

#AmoebicMeningoencephalitis #HealthMinister #VeenaGeorge #Discharge #MedicalBreakthrough #Rare Disease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia