ഗർഭാശയ ഗള കാൻസർ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് പ്രതിരോധ വാക്‌സിൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൈലറ്റ് പദ്ധതിക്ക് കണ്ണൂർ ജില്ലയിൽ തുടക്കം.
● ഉദ്ഘാടനം നവംബർ മൂന്നിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ.
● ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദം.
● ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
● ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണമുണ്ടാകും.
കണ്ണൂർ: (KVARTHA) സംസ്ഥാനത്ത് ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ഈ പദ്ധതിക്ക് ആദ്യം തുടക്കമിടുന്നത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച (നവംബർ 3) രാവിലെ 10.30ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയ ഗള അർബുദം.
അർബുദവുമായി ബന്ധപ്പെട്ട മരണനിരക്കുകൾ ഉയർത്തുന്നതിൽ ഈ രോഗം ഒരു പ്രധാന കാരണവുമാണ്. വരും തലമുറയെ ഈ രോഗത്തിൽനിന്ന് രക്ഷിക്കുന്നതിന് എച്ച്പിവി വാക്‌സിൻ എല്ലാ പെൺകുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നിൽ കണ്ട് കേരള സർക്കാർ ഈ വിഷയത്തിൽ ക്രിയാത്മകമായ നിലപാട് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കൽ കമ്മിറ്റിയുടേയും യോഗം ചേർന്നാണ് വാക്‌സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.
കേരളാ കാൻസർ കെയർ ബോർഡ് കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികളിൽ എച്ച്പിവി വാക്‌സിൻ നൽകാൻ ശുപാർശ ചെയ്തിരുന്നു. എച്ച്പിവി വാക്‌സിനേഷൻ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനുമായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമതിയുടെ നിർദേശ പ്രകാരമാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് വാക്‌സിനേഷൻ നൽകുവാനും പൈലറ്റ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്പിവി വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്വമേധയാ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ഉദ്ദേശ്യം.
എച്ച്പിവി വാക്‌സിനേഷൻ പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണവും പദ്ധതിക്കുണ്ടാകും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ.
Article Summary: Kerala initiates HPV vaccination for Plus One and Plus Two girls in a pilot project in Kannur.
#KeralaHealth #HPVVaccination #CervicalCancer #VeenaGeorge #PinarayiVijayan #Kannur
