Campaign | സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്നത് 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍; ഉദ് ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

 
 Kerala Govt. Launches 608 Free Ayush Medical Camps
 Kerala Govt. Launches 608 Free Ayush Medical Camps

Photo Credi: Facebook / Veena George

● മാതൃ ശിശു ആരോഗ്യത്തിന് പ്രാധാന്യം
● വിളര്‍ച്ച, ജീവിതശൈലി രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ
● പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: (KVARTHA) സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന വിവരം പങ്കുവച്ച് മന്ത്രി വീണ ജോര്‍ജ്.  എല്ലാ ബ്ലോക്കുകളിലും ഏറ്റവും അര്‍ഹമായ പട്ടികജാതി, പട്ടികവര്‍ഗ മേഖലകള്‍ തെരഞ്ഞെടുത്ത് അവിടെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുക എന്നും മന്ത്രി അറിയിച്ചു. ഒരു ബ്ലോക്കില്‍ നാല് ക്യാമ്പുകള്‍ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവന്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പുകളും പൂര്‍ത്തിയാകുംവിധം എല്ലാ സജ്ജീകരണങ്ങളും ആയുഷ് വകുപ്പ്, പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളര്‍ച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങള്‍, വയോജനാരോഗ്യം എന്നിവയ്ക്കും ഊന്നല്‍ നല്‍കും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലേക്ക് ഈ ക്യാമ്പുകള്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ഇതില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സകള്‍ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

#Kerala #Ayurveda #FreeHealthcare #CommunityHealth #MedicalCamps #PublicHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia