Health | 5 ലക്ഷം രൂപ വരെ പരിരക്ഷ: കാരുണ്യ പദ്ധതിക്ക് 700 കോടി; കാൻസർ ചികിത്സയ്ക്ക് 152 കോടി; ബജറ്റിൽ 'ആരോഗ്യത്തിന്' മുൻഗണന


● 41.99 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും.
● മലബാർ, കൊച്ചി ക്യാൻസർ സെന്റർ, ആർ.സി.സി എന്നിവയ്ക്ക് പ്രത്യേക സഹായം.
● ആയുഷ്, ഹോമിയോപ്പതി മേഖലകൾക്കും ബജറ്റിൽ പ്രാധാന്യം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കുട്ടികളുടെ സൗജന്യ ചികിത്സ, ക്യാൻസർ ചികിത്സ, ആയുഷ്, ഹോമിയോപ്പതി തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ പദ്ധതികളും വിഹിതങ്ങളും പ്രഖ്യാപിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 700 കോടി രൂപ സംസ്ഥാന വിഹിതമായി ബജറ്റിൽ വകയിരുത്തി. ഈ പദ്ധതി പ്രകാരം 41.99 ലക്ഷം ഗുണഭോക്തൃ കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും.18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യകിരണം, താലോലം, കുട്ടികളുടെ ക്യാൻസർ സുരക്ഷാ പദ്ധതി, ശ്രുതി തരംഗം തുടങ്ങിയ പദ്ധതികൾക്ക് ഈ ബജറ്റിൽ ഊന്നൽ നൽകി.
ചരിത്രത്തിലാദ്യമായി സർക്കാർ മേഖലയിൽ 1020 പുതിയ ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ അനുവദിച്ചു. കൂടാതെ 8 പുതിയ നഴ്സിംഗ് കോളേജുകളും സിമെറ്റിന്റെ കീഴിൽ 7 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ആകെ പദ്ധതി വിഹിതമായി 532.84 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നൽ നൽകുന്നു. മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപയും കൊച്ചി ക്യാൻസർ സെന്ററിന് 18 കോടി രൂപയും ആർ.സി.സിക്ക് 75 കോടി രൂപയും ഉൾപ്പെടെ ആകെ 152.50 കോടി രൂപ ക്യാൻസർ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി വകയിരുത്തി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
● കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ NABL അക്രെഡിറ്റേഷനും ISO സർട്ടിഫിക്കേഷനും, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണത്തിനുമായി 5 കോടി രൂപ.
● മെഡിക്കൽ കോളേജുകളിലേയും ആശുപത്രികളിലേയും മാലിന്യ നിർമ്മാർജ്ജനത്തിനായി 17.23 കോടി രൂപ.
● മെഡിക്കൽ കോളേജ് ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനുമായി 10 കോടി രൂപ.
● കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലെ ഓങ്കോളജി ആൻഡ് ടേർഷ്യറി കെയർ സെന്ററുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 20 കോടി രൂപ.
● കൊല്ലം, കോട്ടയം, കണ്ണൂർ, മഞ്ചേരി, ആലപ്പുഴ എന്നീ മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ.
● കോട്ടയം മെഡിക്കൽ കോളേജിൽ മജ്ജ മാറ്റിവയ്ക്കൽ സൗകര്യം ഒരുക്കുന്നതിന് 1.75 കോടി രൂപ.
● എല്ലാ ജില്ലാ ആശുപത്രികളേയും മാതൃകാ കാൻസർ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് 2.50 കോടി രൂപ.
● തിരുവനന്തപുരം RCC-യിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനായി 28 കോടി രൂപ.
● ആർ.സി.സി.യുടെ പദ്ധതി വിഹിതത്തിൽ നിന്നും നേരത്തേയുള്ള കാൻസർ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 23.30 കോടി രൂപയും, കാൻസർ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും.
● കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.5 കോടി രൂപ.
● ആയുഷ് ആശുപത്രികളുടെ പ്രവർത്തനങ്ങൾക്കായി 50.93 കോടി രൂപ.
● ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 43.72 കോടി രൂപ.
● ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 23.54 കോടി രൂപ.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
.
The Kerala Budget allocates significant funds for healthcare, including 700 crore for the Karunya Health Scheme and 152 crore for cancer treatment initiatives.
#KeralaBudget #HealthCare #CancerTreatment #Budget2025 #KarunyaScheme #HealthInitiatives