കണ്ണൂർ മെഡിക്കൽ കോളേജിന് 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ഭരണാനുമതി

 
Kannur Medical College building after renovation announcement
Watermark

Photo:Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പുതിയ എം.ആർ.ഐ. മെഷീൻ സ്ഥാപിക്കുന്നതിന് 13.74 കോടി രൂപയുടെ ഭരണാനുമതി.
● 2025-26 വർഷത്തേക്ക് മരുന്ന് ലഭ്യത ഉറപ്പാക്കാൻ 19 കോടി രൂപ അനുവദിച്ചു.
● പക്ഷാഘാത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള 5.5 കോടി രൂപയുടെ നിർദ്ദേശം സർക്കാരിൻ്റെ പരിഗണനയിൽ.
● സർക്കാർ ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 1440 തസ്തികകൾ സൃഷ്ടിച്ചു.

കണ്ണൂർ: (KVARTHA) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ നവീകരണ പ്രവൃത്തികൾക്കും ട്രോമാ കെയർ ബ്ലോക്ക് നിർമാണത്തിനുമായി കിഫ്ബി ധനസഹായത്തോടെ 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ആരോഗ്യം, വനിത, ശിശു വികസന വകുപ്പ് ഭരണാനുമതി നൽകി. 

ഇതിൽ നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 29.78 കോടി രൂപയാണ് വകയിരുത്തിയത്. ഇതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിലാണ്. ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 23.75 കോടി രൂപയും പി ജി ഹോസ്റ്റൽ നിർമാണത്തിന് 28.16 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചു. പി ജി ഹോസ്റ്റലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കായി മൂന്ന് കോടി രൂപ അനുവദിച്ചു.

Aster mims 04/11/2022

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, കേടായ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുക, പുതിയ ഉപകരണങ്ങൾ വാങ്ങുക, പുതിയ പി ജി കോഴ്സുകൾ ആരംഭിച്ച് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയവയ്ക്കുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

പക്ഷാഘാത കേന്ദ്രം സ്ഥാപിക്കുന്നതിന് 5.5 കോടി രൂപയുടെ പ്രൊപ്പോസൽ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും, ജീവനക്കാരെ സർക്കാർ സർവീസിലേക്ക് വേഗത്തിൽ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് വികസനത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകിവരുന്നതെന്നും ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

മെഡിക്കൽ കോളേജിന്റെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിയമസഭയിൽ എം വിജിൻ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനായി 19 കോടി രൂപയാണ് 2025-26 വർഷത്തേക്ക് കെ എം എസ് സി എൽ വഴി അനുവദിച്ചത്. ഒൻപത് കോടി രൂപ ഫാർമസി സ്റ്റോർ നിർമിക്കാൻ ഭരണാനുമതി നൽകുകയും അതിന്റെ ആദ്യ ഘട്ടത്തിനായുള്ള 3.5 കോടി രൂപ പി ഡബ്ല്യൂ ഡിയിൽ അടക്കുകയും ചെയ്തു. പഴയ കെട്ടിടത്തിൽ എച്ച് ഡി എസ് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി പൂർത്തീകരിച്ച് മരുന്ന് സംഭരണത്തിനായി നിലവിൽ ഉപയോഗിച്ച് വരികയാണ്.

മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിരവധി പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആറു കോടി രൂപയുടെ പാരാമെഡിക്കൽ ഹോസ്റ്റൽ, ഫാർമസി കോളേജ് ക്ലാസ് റൂം, പരീക്ഷാ ഹാൾ റൂഫിംഗ് പ്രവൃത്തി, 2.5 കോടി രൂപ ചെലവിൽ ലേഡീസ് ഹോസ്റ്റൽ, ജെൻ്റ്‌സ് ഹോസ്റ്റൽ, ഫാർമസി കോളേജ് എന്നിവയുടെ നവീകരണ പ്രവൃത്തി എന്നിവ പൂർത്തിയായി. 

അംഗപരിമിതർക്കുള്ള റാംപ് നിർമാണത്തിന് 18 ലക്ഷം രൂപയും പോസ്റ്റ് ഗ്രാജ്വേറ്റ് ഹോസ്റ്റലിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കുന്നതിനായി ഹൗസിംഗ് ബോർഡ് ആശ്വാസഭവന നിർമാണ പദ്ധതിയുടെ കെട്ടിട നിർമാണ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

ഡിജിറ്റൽ റേഡിയോഗ്രാഫി, ഹാർട്ട് ലംഗ് മെഷീൻ, കാത്ത് ലാബ്, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, വെന്റിലേറ്റർ തുടങ്ങിയ പ്രധാനപ്പെട്ട ഉപകരണങ്ങൾ വാങ്ങുന്നതിന് 10.59 കോടി രൂപയും മെഷീനുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 26.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ പുതിയ എം ആർ ഐ മെഷീൻ സ്ഥാപിക്കുന്നതിന് 13.74 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ മലിനജലം സംഭരിക്കുന്നതിനുള്ള പുതിയ കളക്ഷൻ ടാങ്ക് നിർമിക്കുന്നതിന് 1.19 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. നിലവിലെ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നവീകരണ പ്രവൃത്തി ഐ ആർ ടി സി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് എന്ന സ്ഥാപനമാണ് നടത്തുന്നത്. സംസ്ഥാന സർക്കാരും ആശുപത്രി വികസന സമിതിയും സംയുക്തമായി ഫണ്ട് ചെലവഴിച്ചാണ് പ്രവൃത്തി സ്ഥാപനത്തെ ഏൽപ്പിച്ചത്. നിലവിൽ പ്രവൃത്തി പൂർത്തിയാക്കി ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 1440 തസ്തികകളാണ് ഇവിടെ സൃഷ്ടിച്ചത്. 147 മെഡിക്കൽ അധ്യാപക ജീവനക്കാർ, 521 നഴ്സിംഗ് വിഭാഗം ജീവനക്കാർ, 26 ഫാർമസി അധ്യാപകർ, 43 ദന്തൽ അധ്യാപകർ, 210 നഴ്സിംഗ് അസിസ്റ്റൻ്റ്/ട്രോളി വർക്കേഴ്സ്, 27 നഴ്സിംഗ് അധ്യാപകർ, 212 പാരാമെഡിക്കൽ ജീവനക്കാർ, 237 മിനിസ്റ്റീരിയൽ ആൻഡ് എഞ്ചിനീയറിംഗ് ജീവനക്കാർ, 17 ദന്തൽ വിഭാഗം അനധ്യാപക ജീവനക്കാർ എന്നിവരടക്കമാണിത്. കൂടാതെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരം 100 തസ്തികകളും 42 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളും സൃഷ്ടിച്ചു.

മുൻപത്തെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റെടുത്ത എൻട്രി കേഡർ/സ്റ്റാൻ്റ് എലോൺ സ്വീകരിച്ച മെഡിക്കൽ അധ്യാപകരിൽ ഒരാൾ ഒഴികെയുള്ള എല്ലാ അധ്യാപകരുടെയും റെഗുലറൈസേഷൻ പൂർത്തിയായിട്ടുണ്ട്. ഏറ്റെടുത്ത ദന്തൽ, ഫാർമസി, നഴ്സിംഗ് വിഭാഗങ്ങളിലെ അധ്യാപകർക്ക് താൽക്കാലിക നിയമന ഉത്തരവുകൾ നൽകി. പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്, പി എസ് സിയുടെ അഡൈ്വസ് എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനം ക്രമീകരിക്കും.

പാരാമെഡിക്കൽ ജീവനക്കാരുടെ ആഗിരണവുമായി ബന്ധപ്പെട്ട് ധനവകുപ്പ് ശമ്പള സ്കെയിൽ ശുപാർശ ചെയ്ത 26 തസ്തികകളിലെ ജീവനക്കാരെ അക്കൊമഡേറ്റ് ചെയ്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ ഇവർക്ക് താൽക്കാലിക നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന തസ്തികകൾക്ക് ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ധനവകുപ്പിന്റെ നിർദ്ദേശാനുസരണം നോൺ ടീച്ചിംഗ് ദന്തൽ തസ്തികകൾ വർഗീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ആകെയുള്ള 210 നഴ്സിംഗ് അസിസ്റ്റൻ്റ്/ട്രോളി വർക്കർ തസ്തികകളിൽ ധനവകുപ്പിന്റെ ഉപദേശപ്രകാരം 208 ജീവനക്കാരെ അക്കൊമഡേറ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർക്ക് താൽക്കാലിക നിയമന ഉത്തരവുകൾ നൽകുന്നതിനുള്ള നടപടികൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ സ്വീകരിച്ചുവരികയാണ്.

ആഗിരണത്തിനായി സൃഷ്ടിച്ച 772 തസ്തികകളിലുൾപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാർക്കായുള്ള തസ്തികകളുടെ വർഗീകരണവും, ഏറ്റെടുക്കാനുള്ള 22 നോൺ മെഡിക്കൽ അധ്യാപകർ, 237 മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കായി തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റെടുത്തതും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ ലഭ്യമാക്കിയതുമായ സ്റ്റാഫ് നഴ്സ് 1 / ഹെഡ് നഴ്സ് / നഴ്സിംഗ് സൂപ്രണ്ട് 11 വിഭാഗത്തിലെ സ്റ്റാൻ്റ് എലോൺ സ്വീകരിച്ച 48 ജീവനക്കാരുടെ ക്രമപ്പെടുത്തൽ പൂർത്തിയായിട്ടുണ്ട്. കൂടാതെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 11 വിഭാഗത്തിലെ 378 ജീവനക്കാരിൽ എൻട്രി കേഡർ തിരഞ്ഞെടുത്ത ആദ്യഘട്ടത്തിലെ 272 സ്റ്റാഫ് നഴ്സ് ഗ്രേഡ് 11 ഓഫീസർമാരുടെ ക്രമപ്പെടുത്തലും പൂർത്തിയായി. 

അവശേഷിക്കുന്ന 106 ജീവനക്കാരെ ക്രമപ്പെടുത്തുന്നതിന് നടപടികളും സ്വീകരിച്ചുവരികയാണ്. ഓപ്ഷൻ മാറുന്നതിനായി കോടതി വ്യവഹാരങ്ങൾ ഫയൽ ചെയ്തിട്ടുള്ള 73 നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ആവശ്യത്തിന്മേൽ തീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക് ഇവരുടെ ക്രമപ്പെടുത്തൽ നടപടികളും സ്വീകരിക്കും.

കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ ഈ വികസന പദ്ധതികളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വിവരം സുഹൃത്തുക്കളുമായി പങ്കിടുക. 

Article Summary: Kannur Govt Medical College gets ₹124.95 Cr KIFB sanction for development, new equipment, and staff regularization.

#KannurMedicalCollege #KIFB #VeenaGeorge #HealthSector #KeralaDevelopment #Pariyaram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script