SWISS-TOWER 24/07/2023

പന്നിപ്പനി പടരുന്നു: കണ്ണൂർ ജില്ലയിൽ ജാഗ്രതാ നിർദേശം

 
Pig farm in Kannur, African swine fever news
Pig farm in Kannur, African swine fever news

Representational Image generated by Gemini

● 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു.
● രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് പന്നിമാംസം വിൽക്കാൻ പാടില്ല.
● അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പന്നികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.
● രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ നശിപ്പിച്ച് മറവുചെയ്യും. 

കണ്ണൂർ: (KVARTHA) ജില്ലയിലെ പടിയൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾക്ക് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു. ആഗസ്റ്റ് 4-ന് ആറളം ഫാമിൽ കാട്ടുപന്നി ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 

കൂടാതെ, ആഗസ്റ്റ് 12-ന് ഇരിക്കൂർ പടിയൂരിലെ ഒരു ഫാമിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ആവശ്യമായ സുരക്ഷ, പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു.

Aster mims 04/11/2022

ആറളം ഫാമിൽ ചത്ത കാട്ടുപന്നിയുടെ പോസ്റ്റ്‌മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ശരീരം അഴുകിയ നിലയിലായതുകൊണ്ട് മൈക്രോബയോളജി പരിശോധന സാധ്യമായില്ല. 

അതിനാൽ പാസ്ചുറെല്ല, ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗങ്ങൾ നിർണയിക്കുന്നതിനായി സാമ്പിളുകൾ ആഗസ്റ്റ് 5-ന് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലേക്ക് (SIAD) അയച്ചിട്ടുണ്ട്. വനം വകുപ്പ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

പടിയൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ കുയിലൂരിലെ വി.വി. സുധാകരന്റെ ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു. ദുരന്തനിവാരണ നിയമപ്രകാരം പടിയൂർ ഗ്രാമപഞ്ചായത്ത് മേഖലയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

രോഗം സ്ഥിരീകരിച്ച ഫാമിൽനിന്നുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിൽക്കുന്ന കടകളുടെ പ്രവർത്തനവും മൂന്നു മാസത്തേക്ക് നിരോധിച്ചു. പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് സ്ഥലങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.

രോഗം കണ്ടെത്തിയ വി.വി. സുധാകരന്റെ ഫാമിലെ തീറ്റ സംസ്കരിച്ച് അണുനശീകരണം നടത്താൻ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പടിയൂർ പഞ്ചായത്തിലെ ഫാമുകളിൽനിന്ന് മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നിയിറച്ചിയും പന്നികളെയും അനധികൃതമായി കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക്പോസ്റ്റുകളിലും പ്രവേശനമാർഗങ്ങളിലും കർശന പരിശോധന നടത്താൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. 

പോലീസ്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരുടെ സഹായത്തോടെയാണ് പരിശോധന നടത്തുക. രോഗവിമുക്ത മേഖലയിൽനിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഈ സംഘം ഉറപ്പാക്കണം.

രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ.എസ്.ഇ.ബി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുൾപ്പെട്ട ഒരു ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കാനും ഉത്തരവിലുണ്ട്. 

പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവുചെയ്യുന്നതിന് ജില്ലാ ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി. അധികൃതരും ആവശ്യമായ എല്ലാ സഹായങ്ങളും നൽകണം.

ജില്ലയിലെ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തിയാൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ വെറ്ററിനറി ഓഫീസർ സ്വീകരിക്കേണ്ടതാണ്. ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പടിയൂർ പഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു.

പയ്യാവൂർ, കൂടാളി, ഉളിക്കൽ, ഇരിക്കൂർ, പായം, മലപ്പട്ടം, കീഴല്ലൂർ, കുറ്റ്യാട്ടൂർ, മാലൂർ, ശിവപുരം, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളെയും മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി മുൻസിപ്പാലിറ്റികളെയും നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഈ പ്രദേശങ്ങളിൽ കർശന ജാഗ്രത പുലർത്തണം. ജില്ലയിൽ പന്നികളുടെ മരണം റിപ്പോർട്ട് ചെയ്താൽ ഉടൻതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ച് അവരുടെ നിർദേശമനുസരിച്ച് ജഡം മറവുചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ! 

Article Summary: African Swine Fever confirmed in Kannur. Collector orders preventive measures.

#Kannur #AfricanSwineFever #Kerala #Padayoor #DistrictCollector #DiseaseControl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia