Tea | ശര്‍ക്കര ചായയോ പഞ്ചസാര ചായയോ, ഏതാണ് കൂടുതല്‍ ആരോഗ്യകരം? വിദഗ്ധര്‍ പറയുന്നതിങ്ങനെ


* ഇൻസുലിൻ സ്പൈക്കും രക്തത്തിലെ പഞ്ചസാരയുടെ അളവും
* ചായയിലെ സംയുക്തങ്ങൾ പോഷകങ്ങളുടെ ആഗിരണത്തെ എങ്ങനെ ബാധിക്കുന്നു
* വിദഗ്ധരുടെ അഭിപ്രായങ്ങൾ
നൂഡൽഹി: (KVARTHA) ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലായിരിക്കും ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം. എന്നാല്‍ ഒട്ടുമിക്ക ആളുകള്‍ക്കും തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഘടകമാണ് ചായ. ക്ഷീണം അകറ്റാനും അന്നേ ദിവസത്തേക്കുള്ള ഊര്‍ജം കൈവരിക്കാനുമെല്ലാം ഒരു ചായ കുടിക്കുന്നതിലൂടെ സാധിക്കാറുണ്ട്. അതുകൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട ചായ ആരോഗ്യകരമാക്കാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ആളുകള്‍ കണ്ടെത്തുന്നത്. ഇതില്‍ കൂടുതല്‍പേരും ഇഷ്ടപ്പെടുന്ന ചായയാണ് ശര്‍ക്കര ചായ.
കരിമ്പില്‍ നിന്ന് എടുക്കുന്ന ശുദ്ധീകരിക്കാത്ത പഞ്ചസാരയാണ് ശര്‍ക്കര. ഇത് പലപ്പോഴും പഞ്ചസാര ചായയ്ക്ക് പകരം ആരോഗ്യകരമായ ഒരു പരിഹാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ആരോഗ്യകരമാണോ? നമ്മുക്ക് പരിശോധിക്കാം.
കരിമ്പില്‍ നിന്നോ ഈന്തപ്പന സ്രവത്തില്‍ നിന്നോ ഉണ്ടാക്കുന്ന സംസ്‌കരിക്കാത്ത പഞ്ചസാരയായ ശര്‍ക്കര, ഉയര്‍ന്ന പോഷകാംശവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം സാധാരണ പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ഒരു ബദലായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശര്‍ക്കര ചായ പഞ്ചസാര ചായയേക്കാള്‍ ആരോഗ്യകരമാണോ? ഇത് മനസ്സിലാക്കുന്നതിനായി ശര്‍ക്കര ചായയുടെയും പഞ്ചസാര ചായയുടെയും പോഷക വ്യത്യാസങ്ങള്‍, ആരോഗ്യ ഗുണങ്ങള്‍, പോരായ്മകള്‍ എന്നിവയെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയാം.
ശര്‍ക്കര ചായ പഞ്ചസാര ചായയേക്കാള്‍ ആരോഗ്യകരമാണോ?
പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചല്‍ പറയുന്നതനുസരിച്ച്, ചെറിയ അളവില്‍ ഇരുമ്പ്, കാല്‍സ്യം, മറ്റ് ധാതുക്കള്‍ എന്നിവ അടങ്ങിയ ശര്‍ക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം കുറയ്ക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന സംയുക്തങ്ങള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചായയില്‍ ശര്‍ക്കര ചേര്‍ത്താലും ഇല്ലെങ്കിലും, അത് ശരീരത്തിന് ഗുണം ചെയ്യില്ല.
2. ശരീരത്തിന് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നു എന്നത് പ്രശ്‌നമല്ല, അത് ശര്‍ക്കരയില്‍ നിന്നായാലും പഞ്ചസാരയില്‍ നിന്ന് ആയാലും. കാരണം ഇന്‍സുലിന്‍ സ്‌പൈക്ക് ആയ ഗ്ലൂക്കോസിനോട് ശരീരം എപ്പോഴും പ്രതികരിച്ചുക്കൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍, പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര തിരഞ്ഞെടുത്താലും ഇന്‍സുലിന്‍ സ്‌പൈക്ക് ഒഴിവാക്കാന്‍ നമ്മള്‍ക്ക് കഴിയില്ല, കാരണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
കൂടാതെ, ഏതെങ്കിലും തരത്തിലുള്ള മധുരപലഹാരങ്ങള്‍ - അത് ശര്‍ക്കരയോ തേനോ - പഞ്ചസാരയ്ക്ക് പകരമല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എത്ര മധുരം നല്‍കിയാലും ചായയുടെ പോഷകമൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.