E-coli & Coliform Bacteria | ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവം; സാംപിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
May 4, 2022, 21:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷ്യ സാംപിളുകളില്‍ പരിശോധന നടത്തി. ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാംപിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്.
കോഴിക്കോട്ടെ റീജ്യനല്‍ അനലറ്റികല്‍ ലാബിലാണ് പരിശോധന നടത്തിയത്. ഷവര്‍മ്മ, മയോനൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നാണ് റിപോര്‍ടില്‍ പറയുന്നത്. ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ഥിനി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. 30 ലേറെ പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു. വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ചെറുവത്തൂരില്‍ ഹോടെലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറുള്‍പെടെയുള്ള കടകള്‍ അടച്ചുപൂട്ടാനും ചെറുവത്തൂര്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. കടകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് രാത്രി ഭക്ഷണം വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചെറുവത്തൂരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ ഹൈകോടതി കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ നടപടി. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍കാരിന് കോടതി നിര്‍ദേശം നല്‍കി. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

