Bones | അൻപതാം വയസിലും എല്ലുകളെ ചുറുചുറുക്കോടെ നിലനിർത്താം; വിദഗ്ധർ പറയുന്ന ഈ 3 കാര്യങ്ങൾ ചെയ്താൽ മതി


ന്യൂഡൽഹി: (KVARTHA) പ്രായം കൂടുന്തോറും ഒരു വ്യക്തിയില്‍ എല്ലുകളുടെ ബലഹീനതയ്ക്കും അനുബന്ധ തകരാറുകള്‍ക്കുമുള്ള സാധ്യതയും വര്‍ദ്ധിക്കുന്നുണ്ട്. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ പല പ്രശ്നങ്ങളും പ്രായമായവരെ അലട്ടാറുണ്ട്. ഇതുമൂലം ഒട്ടുമിക്ക ആളുകള്‍ക്കും നടക്കാനും എഴുന്നേല്‍ക്കാനും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.
ഒരു പരിധിവരെ ജീവിതശൈലിയും ഭക്ഷണക്രമത്തിലെ ക്രമക്കേടുകളുമാണ് ഇത്തരത്തിലുള്ള അപകടസാധ്യതകള്‍ വര്‍ധിപ്പിച്ചതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലുകളുടെ ബലം നിലനിര്‍ത്താനും അവ ദുര്‍ബലമാകാതിരിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വളരെ ചെറുപ്പം മുതലേ തന്നെ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
ഇതിനായി ഭക്ഷണത്തില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ പോഷകമൂല്യങ്ങള്‍ ഉള്‍പ്പെടുത്തുക, ചിട്ടയായ വ്യായാമം തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. നല്ല എല്ലുകളുടെ ആരോഗ്യത്തിന് പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നത് ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 50 വയസില്‍ പോലും എല്ലുകള്‍ക്ക് കരുത്ത് ലഭിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന് നമുക്ക് പരിശോധിക്കാം.
വിദഗ്ധര്‍ എന്താണ് പറയുന്നത്?
30 വയസിന് താഴെയുള്ളവരാണ് നടുവേദനയെക്കുറിച്ച് കൂടുതലായും പരാതിപ്പെടുന്നതെന്ന് ലക്‌നൗവിലെ
ഫിസിയോതെറാപ്പിസ്റ്റായ ഡോ. സൊഹൈബ് ഖാസിയെ ഉദ്ധരിച്ച് അമര്‍ ഉജാല റിപ്പോർട്ട് ചെയ്യുന്നു. സന്ധിവാതം സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങളും ഈ പ്രായക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ദീര്‍ഘനേരം ഇരിക്കുക, വ്യായാമം ചെയ്യാതിരിക്കുക തുടങ്ങിയ ജീവിതശൈലി തകരാറുകളാണ് ഇതിന് ഉത്തരവാദികളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചെറുപ്പം മുതലേ ശ്രമങ്ങള്‍ ആവശ്യമാണ്. ഇതിനായി മൂന്ന് കാര്യങ്ങള്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചാല്‍, എല്ലുകളുടെ ബലം 50 വയസിലും നിലനിർത്താനാവും.
ശാരീരിക നിഷ്‌ക്രിയത്വം ആരോഗ്യത്തിന് ഹാനികരമാണ്
വ്യായാമക്കുറവ് പോലുള്ള ശാരീരിക നിഷ്‌ക്രിയത്വവും ദീര്‍ഘനേരം ഇരിക്കുന്ന ശീലവും വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല എല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സന്ധികള്‍ക്ക് ലൂബ്രിക്കേറ്റും ആരോഗ്യവും നിലനിര്‍ത്താന്‍ ചലനശേഷി ആവശ്യമാണ്. ദീര്‍ഘനേരം ഇരിക്കുന്നത് സന്ധികളില്‍ കാഠിന്യമുണ്ടാക്കും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയും സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കുകയും ചെയ്താല്‍ എല്ലുകളുടെ പ്രശ്നങ്ങളില്‍ മുക്തി നേടാന്‍ കഴിയും.
പോഷകസമൃദ്ധമായ ഭക്ഷണക്രമം
നമ്മുടെ ഭക്ഷണക്രമം പോഷകപ്രദമാണെങ്കില്‍, എല്ലുകളുള്‍പ്പെടെ എല്ലാ അവയവങ്ങള്‍ക്കും അത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. അസ്ഥികളെ സംബന്ധിച്ച് കാല്‍സ്യത്തേക്കാള്‍ മികച്ചതായി ഒന്നുമില്ല. ഇതിനായി, പാലുല്‍പ്പന്നങ്ങള്‍ കഴിക്കണം, ഇതോടൊപ്പം പച്ച ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെയും കടുംപച്ചയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, നട്സും വിറ്റാമിന്‍ ഡി അടങ്ങിയ വസ്തുക്കളും പ്രധാനമാണ്. വൈറ്റമിന്‍ ഡി ഇല്ലാതെ കാല്‍സ്യം ആഗിരണം ചെയ്യപ്പെടില്ല. ചെറുപ്പം മുതലേ ശരിയായ ഭക്ഷണക്രമം പാലിച്ചാല്‍ എല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
പുകവലിയില്‍ നിന്ന് അകലം പാലിക്കുക
സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന പദാര്‍ത്ഥം അസ്ഥി രൂപപ്പെടുന്ന കോശങ്ങളുടെ (ഓസ്റ്റിയോബ്ലാസ്റ്റുകള്‍) ഉത്പാദനം മന്ദഗതിയിലാക്കുന്നവയാണ്. ഇത് അസ്ഥികള്‍ സ്വാഭാവികമായി നശിക്കാന്‍ കാരണമാകുകയും പുതിയ അസ്ഥികള്‍ രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിലെ കാല്‍സ്യത്തിന്റെ ആഗിരണവും പുകവലി കുറയ്ക്കുന്നു. എല്ലുകളുടെ ബലം നിലനിര്‍ത്താന്‍, ഈ ഒരു ശീലം ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. ഓസ്റ്റിയോപൊറോസിസ് ബാധിച്ച മിക്കവരിലും കാണുന്ന ഒരു ശീലമാണ് പുകവലി.