Eyes Health | കണ്ണുകളുടെ ആരോഗ്യം: കാഴ്ച സംരക്ഷിക്കാനുള്ള വഴികൾ


കണ്ണുകളുമായി ബന്ധപ്പെട്ടു കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിലും, അവ ചെറുതോ വലുതോ ആണെങ്കിലും നിസാരമായി കാണുകയേ ചെയ്യരുത്
ന്യൂഡെൽഹി: (KVARTHA) കണ്ണിൻ്റെ ആരോഗ്യം എപ്പോഴും ഒരേ പോലെ തുടരുമെന്ന് നമുക്ക് കരുതാനേ കഴിയില്ല. കാരണം നമ്മുടെ ജീവിത ശൈലി മാറുന്നതിനനുസരിച്ച് അതിൽ വ്യത്യാസം വരാം. എന്നിരുന്നാലും ചില കാര്യങ്ങളിൽ വേണ്ട വിധത്തിലുള്ള ശ്രദ്ധ നൽകുകയാണെങ്കിൽ, കാഴ്ചശക്തി മെച്ചപ്പെടുത്താനും കുറേയൊക്കെ നിലനിർത്താനും നമുക്കു കഴിയും.
നന്നായി ഭക്ഷണം കഴിക്കുക
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കണ്ണുകളുടെ ആരോഗ്യം നിലനിർത്താനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതെന്ന് അറിയാമല്ലോ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ല്യൂട്ടിൻ, സിങ്ക്, വിറ്റാമിനുകൾ സി, ഇ തുടങ്ങിയ പോഷകങ്ങൾ മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. അവ ലഭിക്കാൻ, നന്നായി ആഹാരം കഴിക്കേണ്ടതുണ്ട്.
ചീര, മുരിങ്ങയില, തുടങ്ങിയ പച്ച ഇലക്കറികൾ, സാൽമൺ, ട്യൂണ, പോലുള്ള എണ്ണമയമുള്ള മത്സ്യം, മുട്ട, പരിപ്പ്, ബീൻസ്, തുടങ്ങിയ മറ്റ് നോൺ-മീറ്റ് പ്രോട്ടീൻ, ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും അവയുടെ ജ്യൂസുകളും, കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുതിർന്നവരിലെ അന്ധതയ്ക്കുള്ള പ്രധാന കാരണം, ടൈപ്പ് 2 പ്രമേഹമാണ്. അതുപോലെ തന്നെ, അമിതവണ്ണവും അനുബന്ധ രോഗങ്ങളും ഉണ്ടെങ്കിൽ ഇത്തരം ഭക്ഷണ രീതി വഴി ഈ അവസ്ഥകളെ ചെറുക്കാം.
പുകവലി ഉപേക്ഷിക്കുക
തിമിരം, കണ്ണിലെ നാഡികൾക്ക് വരുന്ന കേടുപാടുകൾ, മാക്യുലർ ഡീജനറേഷൻ, മറ്റ് പല മെഡിക്കൽ പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് പുകവലി കാരണമാകും. പുകവലി ഉപേക്ഷിക്കുവാനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ ഒരു ഡോക്ടറുടെ സഹായത്തോടെ സ്വീകരിക്കുക.
സൺഗ്ലാസുകൾ ധരിക്കുക
പുറത്തേക്കിറങ്ങുമ്പോൾ കഠിനമായ വെയിലുണ്ടെന്നു കണ്ടാൽ, ഉടനെ തന്നെ സൺഗ്ലാസുകൾ ഉപയോഗിക്കുക. സൂര്യനിൽ നിന്നും വരുന്ന അപകടകാരികളായ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഇതു സഹായിക്കും. ഇത്തരം അപകടകാരികളായ സൂര്യരശ്മികൾ കണ്ണിലേക്കു പതിച്ചാൽ, പിന്നീട് തിമിരം പേലുള്ള അപകടകരമായ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കണ്ണട ഉപയോഗിക്കുക
കണ്ണിന് തകരാറുകൾ ഉള്ളവർ മാത്രമല്ല, യാതൊരു പ്രശ്നങ്ങളും ഇല്ലെങ്കിൽ കൂടിയും, യാത്ര ചെയ്യുമ്പോഴും, മറ്റും പൊടിപടലങ്ങൾ കണ്ണിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് സുരക്ഷയ്ക്കായി, പവർ ഇല്ലാത്ത ഗ്ലാസുകൾ ഉപയോഗിക്കുക.
ഐസ് ഹോക്കി, റാക്കറ്റ്ബോൾ, ലാക്രോസ് തുടങ്ങിയ കായിക ഇനങ്ങളും കണ്ണിന് പരിക്കേൽപ്പിക്കും. നേത്ര സംരക്ഷണ ഉപാധികൾ ധരിക്കുക. സംരക്ഷിത മുഖംമൂടികളുള്ള ഹെൽമെറ്റുകളോ പോളികാർബണേറ്റ് ലെൻസുകളുള്ള സ്പോർട്സ് കണ്ണടകളോ ഉപയോഗിച്ച് കണ്ണുകളെ സംരക്ഷിക്കുക.
സ്ക്രീൻ സമയം കുറക്കുക
കമ്പ്യൂട്ടറിലോ ഫോൺ സ്‌ക്രീനിലോ വളരെ നേരം ഉറ്റുനോക്കുന്നത് ഇനിപ്പറയുന്ന അപടങ്ങൾക്ക് വഴിയൊരുക്കും.
കണ്ണിന് ആയാസം
മങ്ങിയ കാഴ്ച
ദൂരെ ഫോക്കസ് ചെയ്യുന്നതിൽ പ്രശ്നം
വരണ്ട കണ്ണുകൾ
തലവേദന
കഴുത്ത്, പുറം, തോളിൽ വേദന
കണ്ണുകൾക്ക് വരുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, സ്ക്രീൻ പ്രൊട്ടക്ഷനു സഹായിക്കുന്ന ഗ്ലാസുകൾ ധരിക്കുക. ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് വിശ്രമം നൽകുക. 20 സെക്കൻഡ് 20 അടി അകലെ നോക്കുക. കുറഞ്ഞത് ഓരോ രണ്ട് മണിക്കൂറിലും എഴുന്നേറ്റ് 15 മിനിറ്റ് ഇടവേള എടുക്കുക. അതോടൊപ്പം സ്ക്രീനിലേക്കു നോക്കിയിരിക്കുമ്പോൾ കണ്ണുകൾ കൂടെക്കൂടെ ചിമ്മിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കുക. ഇത് കണ്ണുകൾക്കുള്ള ചെറിയ വ്യായാമമാണ്.
കണ്ണുകളുമായി ബന്ധപ്പെട്ടു കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിലും, അവ ചെറുതോ വലുതോ ആണെങ്കിലും നിസാരമായി കാണുകയേ ചെയ്യരുത്. സ്വയം ചികിത്സ നടത്തുകയുമരുത്. ഉടനെ ഒരു ഡോക്ടറെ കാണുകയും അവരുടെ നിർദേശമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.