Food Poison | 'വറുത്ത മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും'; നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു, വീട്ടമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
Apr 22, 2022, 17:13 IST
ഇടുക്കി: (www.kvartha.com) വറുത്ത മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയില്‍ നിന്നു വിവരങ്ങള്‍ തേടി. ബുധനാഴ്ചയായിരുന്നു മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും ഉണ്ടായി. നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്താന്‍ അല്പം വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, വാഹനത്തില്‍ കൊണ്ടുവന്ന കേര മീനാണ് പുഷ്പവല്ലി വാങ്ങിയത്. അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥ അനുഭവപെട്ടതിനാല്‍ ഉപയോഗിക്കാതെ കളഞ്ഞതായി പറഞ്ഞു.
ഒരാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തിരുന്നുവെന്നും മീന്‍ കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും അനുഭവപ്പെട്ട് ചികിത്സ തേടിയെന്നും പട്ടം കോളനി മെഡികല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പിന് റിപോര്‍ട് നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ആറ് സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ പഴകിയ 25 കിലോ മീന്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയുടെ സാംപിളുകള്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലിറ്റികല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്ത് വരുന്നതിനിടെയാണ് പച്ചമീന്‍ കഴിച്ച് വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.