Death | വീട്ടിലെ പ്രസവത്തെ തുടർന്നുള്ള മരണം: ഭർത്താവിനെതിരെ നരഹത്യാക്കും തെളിവ് നശിപ്പിക്കലിനും കേസ്


● നരഹത്യക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്.
● അമിത രക്തസ്രാവമാണ് മരണകാരണം.
● പ്രസവത്തിന് സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണം.
മലപ്പുറം: (KVARTHA) ചട്ടിപറമ്പിൽ വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ പോലീസ് നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. സിറാജുദ്ദീൻ്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയതായി മലപ്പുറം എസ്‌പി ആർ.വിശ്വനാഥ് അറിയിച്ചു.
മരിച്ച അസ്‌മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നതെന്നും ബാക്കി മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മലപ്പുറം വളാഞ്ചേരിയിലും കുടുംബം കുറച്ച് കാലം താമസിച്ചിരുന്നതായും ഇവിടെ വെച്ചും പ്രസവം നടന്നിരുന്നതായും എസ്‌പി വെളിപ്പെടുത്തി. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്‌തവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊലീസ് പറയുന്നതനുസരിച്ച്, പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സ്വദേശിയാണ് സിറാജുദ്ദീൻ. ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്‌മ കഴിഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്. ഇതിനെത്തുടർന്നാണ് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ പൊലീസ് ഈ കേസ് പിന്നീട് മലപ്പുറം പൊലീസിന് കൈമാറി.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായതെന്നാണ് പോലീസ് റിപ്പോർട്ട്. പ്രസവത്തിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭർത്താവ് സിറാജുദ്ദീൻ ആദ്യം പറഞ്ഞതെന്നാണ് പോലീസ് ആരോപിക്കുന്നത്.
ശനിയാഴ്‌ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്‌മ മരിക്കുന്നത്. അതുവരെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും പോലീസ് പറയുന്നു. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ സിറാജുദ്ദീൻ തയ്യാറായില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
മരണത്തിനു പിന്നാലെ മൃതദേഹം ആരും അറിയാതെ ഭർത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ സിറാജുദ്ദീൻ വാട്ട്സ്ആപ്പിൽ ഈ വിവരം സ്റ്റാറ്റസ് ഇട്ടതായി നാട്ടുകാർ പറഞ്ഞതായും പോലീസ് സൂചിപ്പിക്കുന്നു.
എന്നാൽ പിന്നീടുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിക്കുകയായിരുന്നു. ഇതോടെ ആരുമറിയാതെ രാത്രിയോടെ തന്നെ യുവതിയുടെ മൃതദേഹം യുവതിയുടെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലൻസ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രയെന്നും പോലീസ് പറഞ്ഞു. വീട്ടിലെത്തിയതോടെ, ഭാര്യയുടെ ബന്ധുക്കളാണ് പോലീസിൽ വിവരം അറിയിച്ചതെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
In the Malappuram home delivery death case, police charged the husband with homicide and destruction of evidence. The deceased had three home deliveries prior. Post-mortem revealed excessive bleeding as the cause of death. Police allege the husband delayed hospitalisation despite severe bleeding and transported the body without informing anyone, misleading the ambulance driver.
#MalappuramDeath #HomeDelivery #Homicide #KeralaNews #PoliceInvestigation #MaternityDeath