Health Advisory | എച്ച് എം പി വി: ആരെ വിശ്വസിക്കണം? ഡോക്ടറുടെ ശ്രദ്ധേയമായ കുറിപ്പ്
● ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ഒരു സാധാരണ ശ്വാസകോശ സംബന്ധമായ വൈറസാണ്.
● കേന്ദ്ര ആരോഗ്യ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. എച്.എം.പി വൈറസിനെപ്പറ്റിയുള്ള കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് അവർ.
● സാധാരണ ജലദോഷം വരുത്തുന്ന ഒരു രോഗമായി ഇതിനെ പണ്ടേ തിരിച്ചറിഞ്ഞിരുന്നു.
കെ ആർ ജോസഫ്
(KVARTHA) ചൈനയിൽ കണ്ടെത്തിയ 'ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്' (Human Metapneumovirus - HMPV) ഇപ്പോൾ ഇന്ത്യയിലും എത്തിയെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. കർണാടകയിലും തമിഴ് നാട്ടിലും ബംഗാളിലും ഒക്കെ ഈ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ജനം ഭീതിയുടെ നിഴലിലുമാണ്. കോവിഡ് -19 ലോകത്താകമാനം വിതച്ച ഭീതിയുടെ വിത്തുകൾ ഇന്നും ജനമനസ്സുകളിൽ നിന്ന് മാറിയിട്ടില്ലെന്നത് നിലനിൽക്കെയാണ് പുതിയ വൈറസിനെക്കുറിച്ചുള്ള സൂചനകളും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ഒരു സാധാരണ ശ്വാസകോശ സംബന്ധമായ വൈറസാണ്. ഇത് പ്രധാനമായും കുട്ടികളെയും പ്രായമായവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ആണ് ബാധിക്കുന്നത്. ഈ വൈറസിനെ നമ്മൾ എത്രമാത്രം ഭയപ്പെടണം, ശരിക്കും ഇതിൻ്റെ നിജസ്ഥിതിയെന്ത്? ഈ സാഹചര്യത്തിൽ പ്രമുഖ ആരോഗ്യവിദഗ്ധനും കോൺഗ്രസ് നേതാവും മോട്ടിവേഷണൽ ട്രെയിനറുമായ ഡോ. എസ് എസ് ലാൽ ഈ വിഷയത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
കുറിപ്പിൽ പറയുന്നത്: 'എച്ച്.എം.പി വൈറസിനെപ്പറ്റി ഒരേസമയം ശാസ്ത്രീയ വിവരങ്ങളും അപസർപ്പക കഥകളും പ്രചരിക്കുന്നുണ്ട്. അതിനാൽ നമ്മൾ വാർത്തകളെ ശ്രദ്ധിച്ച് സമീപിക്കണം. കേന്ദ്ര ആരോഗ്യ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. എച്.എം.പി വൈറസിനെപ്പറ്റിയുള്ള കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് അവർ. രാജ്യത്തെ രോഗനിരീക്ഷണ സംവിധാനങ്ങളുടെ കണക്കനുസരിച്ച് ഈ രോഗം നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും വേഗത്തിലോ വ്യാപകമായോ പടരുന്നതിൻ്റെ തെളിവുകൾ ഇതുവരെ ലഭ്യമല്ല. ഈ ദിവസങ്ങളിൽ ബാംഗളൂരിൽ നിന്നും രണ്ട് കുട്ടികൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്, ശ്വാസകോശ രോഗങ്ങൾ കണ്ടെത്താനായി ഐ.സി.എം.ആർ നടത്തി വരുന്ന നിരീക്ഷണ പദ്ധതി മൂലമാണ്.
എച്.എം.പി വി രോഗത്തെപ്പറ്റിയും വൈറസിനെപ്പറ്റിയും ശാസ്ത്രലോകത്തിന് പണ്ടേ അറിയാം. സാധാരണ ജലദോഷം വരുത്തുന്ന ഒരു രോഗമായി ഇതിനെ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സാധാരണ ഗതിയിൽ കുട്ടികളിലും വൃദ്ധരിലും ആണ് ഈ രോഗം കാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മറ്റുള്ളവർക്ക് സാധാരണ ജലദോഷം പോലെ വന്നു പോകും. അതുകൊണ്ട് കൂടി ഈ രോഗത്തിനെതിരെ ഇതുവരെ വാക്സിൻ ഉണ്ടാക്കിയിട്ടില്ല. ഈ രോഗമുണ്ടാക്കുന്ന വൈറസിനെതിരെ നിലവിൽ മരുന്നുകൾ ഇല്ല. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ ചികിത്സിക്കുക മാത്രമാണ് ചെയ്യാനുള്ളത്.
രോഗം പകരാതിരിക്കാനും പടരാതിരിക്കാനും വ്യക്തിശുചിത്വം പാലിക്കണം. കോവിഡ് കാലത്ത് നമ്മൾ കൂടുതലായി ശുചിത്വ മാർഗങ്ങൾ ശീലിച്ചതാണ്. അവ തുടരേണ്ടതുമാണ്. കുറച്ച് ദിവസങ്ങളായി വടക്കൻ ചൈനയിൽ ഈ രോഗം പടരുന്നതായും മരണങ്ങൾ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ചൈനയായതു കൊണ്ട് വാർത്തകൾ വായിക്കുമ്പോൾ ശ്രദ്ധ വേണം. ചൈനയുടെ രഹസ്യസ്വഭാവമാണ് ഒരു പ്രശ്നം. രോഗപ്പകർച്ചകൾ ഉണ്ടായാൽ അത് ഒളിച്ചു വയ്ക്കുന്നത് ചൈനയുടെ രീതിയാണ്. കോവിഡിൻ്റെ തുടക്കത്തെപ്പറ്റി കൂടുതൽ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇപ്പോഴും ചൈനയുടെ പിറകേ നടക്കുകയാണ്.
അതുപോലെ തന്നെ ചൈനയെ പിടികൂടാൻ അവസരം പാത്തിരിക്കുന്നവരും ഉണ്ട്. അവർ ആ രാജ്യത്തിനെതിരെ കുപ്രചരണം നടത്തും. ഈ രണ്ട് കാര്യങ്ങളെപ്പറ്റിയും ആഗോള പൊതുജനാരോഗ്യ രംഗത്തിന് ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന പോലും എടുത്തുചാടി പ്രതികരിക്കാതിരിക്കുകയോ മിതമായി പ്രതികരിക്കുകയോ ചെയ്യുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാദ്ധ്യതയുണ്ട്. അതിനനസരിച്ച് ആഗോള തലത്തിലും നമ്മുടെ രാജ്യത്തും ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടാകും.
എച്.എം.പി.വി രോഗവുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നേരിടാൻ രാജ്യത്തിൻ്റെ ആരോഗ്യരംഗം തയ്യാറെടുപ്പുകൾ നടത്തുകയാണ്. ശാസ്ത്രീയ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാതോർക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നമുക്ക് കിട്ടുന്ന ഉറവിടമറിയാത്ത വാട്ട്സാപ്പ് സന്ദേശങ്ങൾ നമ്മൾ പ്രചരിപ്പിക്കരുത്'.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസിന്റെ തുടർന്നുള്ള സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ വിവരണമാണ് ഡോക്ടറുടെ കുറിപ്പിലുള്ളത്. എന്തായാലും ഇത് സംബന്ധിച്ച് ജാഗ്രത വേണമെന്നുള്ള സൂചനകൾ ഇതിൽ നിന്ന് വ്യക്തമാണ്. കേന്ദ്ര ആരോഗ്യ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണെന്നുള്ളതുകൊണ്ട് തന്നെ അവർ പുറത്തുവിടുന്ന ഒരോ വാർത്തകൾക്ക് പ്രാധാന്യവുമുണ്ട്. അതൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകാം. സ്വയം കരുതൽ, അതാണ് എപ്പോഴും വേണ്ടത്.
#HMPV #HealthAdvisory #VirusAlert #IndiaHealth #KarnatakaNews #MedicalNews