Yoga | സമ്മർദവും വിഷാദവും ഒഴിവാക്കാൻ ഇതാ 3 യോഗാസനങ്ങൾ


ന്യൂഡെൽഹി: (KVARTHA) യോഗയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. മാനസികാരോഗ്യത്തിനും അത്യധികം ഗുണം ചെയ്യുന്ന ഒരു പുരാതന വ്യായാമ സമ്പ്രദായമാണ് യോഗ. വിവിധ ആസനങ്ങളിലൂടെ ശാരീരികവും മാനസികവുമായ സമാധാനം കൈവരിക്കുന്നു. ആധുനിക ജീവിതശൈലിയുടെ വെല്ലുവിളികൾക്കിടയിൽ മാനസിക പിരിമുറുക്കവും വിഷാദവും ഇപ്പോൾ സാധാരണമായിരിക്കുന്നു. സമ്മർദവും വിഷാദവും ഒഴിവാക്കാൻ ഈ മൂന്ന് യോഗ ആസനങ്ങൾ പതിവാക്കിയാലോ?
1. സർവാംഗാസനം
വിഷാദം കുറയ്‌ക്കുന്നതിനും വിഷാദം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിനും സർവാംഗാസനം ഗുണം ചെയ്യും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു, മാനസിക വ്യക്തതയും ഏകാഗ്രതയും മെച്ചപ്പെടുത്തും. ഈ ആസനം ചെയ്യുന്നത് സമാധാനവും സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുകയും അതുവഴി സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുകയും മാനസിക സമാധാനം നൽകുകയും ചെയ്യുന്നു.
ചെയ്യുന്ന രീതി
മലർന്നു കിടന്ന് കൈകൾ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക. ശ്വാസമെടുത്ത് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയർത്തുക. കാലുകൾക്കൊപ്പം അരക്കെട്ടും തോളുകൾ വരെ ഉയർത്തുക. തലയുടെയും കഴുത്തിന്റെയും പിൻഭാഗവും തോൾഭാഗവും നിലത്തു പതിഞ്ഞിരിക്കാൻ ശ്രദ്ധിക്കുക. പുറംഭാഗത്ത് രണ്ടു കൈകൾ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം ദീർഘമായി ശ്വാസമെടുക്കുക. ആസനം കഴിയുമ്പോൾ കാലുകൾ സാവധാനം ശ്രദ്ധയോടു കൂടി താഴേക്ക് കൊണ്ടുവരിക.
ഗുണങ്ങൾ:
ദഹനം മെച്ചപ്പെടുത്തുന്നു
കാലുകളെ ശക്തിപ്പെടുത്തുന്നു
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
മനസ്സിന്റെ സമ്മർദം കുറയ്ക്കുന്നു
2. ബാലാസനം
പതിവായി ബാലാസന ചെയ്യുന്നത് മനസിനെ ശാന്തമാക്കുന്നു, ഇതോടൊപ്പം സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ ഈ ആസനം സഹായിക്കുന്നു. ഇത് പേശികളെ ശക്തിപ്പെടുത്തുന്നു. ദിവസവും അഞ്ച് മിനിറ്റ് നേരമെങ്കിലും ബാലാസനം ചെയ്യുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
ചെയ്യുന്ന രീതി:
കാൽമുട്ടുകൾ മടക്കി കാൽവിരലുകൾ പുറകിലേക്ക് നീട്ടി കസേര പോലെ ഇരിക്കുക. കാൽപ്പാദങ്ങൾ തമ്മിൽ ചെറിയ വിടവ് ഉണ്ടായിരിക്കണം. നിങ്ങളുടെ കൈകൾ മടിയിൽ വയ്ക്കുക. ശ്വാസം വിടുകയും നെറ്റി തറയിൽ സ്പർശിക്കുന്ന രീതിയിൽ മടങ്ങിത്താഴുക. തുടർന്ന് നിങ്ങളുടെ കൈകൾ ശരീരത്തിന്റെ ഇരുവശങ്ങളിലൂടെ മുന്നോട്ട് നീട്ടുക. കൈകൾ നിങ്ങളുടെ ശരീരത്തോട് ചേർന്നിരിക്കണം. കൈപ്പത്തികൾ തുറന്നിരിക്കുകയോ മുറുക്കെ പിടിക്കുകയോ ചെയ്യാം. ശാന്തവും സമനിലയിലുമുള്ള ശ്വസനം തുടരുക.
ഈ ആസനത്തിൽ കുറച്ച് മിനിറ്റ് വിശ്രമിക്കുക. നിങ്ങളുടെ ശരീരം പൂർണമായും വിശ്രമിക്കട്ടെ.
ഗുണങ്ങൾ:
* നടുവിന്റെ വേദന ഒഴിവാക്കുന്നു
* സമ്മർദം കുറയ്ക്കുന്നു
* ദഹനം മെച്ചപ്പെടുത്തുന്നു
* തലവേദന ശമിപ്പിക്കുന്നു
3. ഉത്തനാസനം
മാനസികസമാധാനം നേടാനും വിഷാദം കുറയ്ക്കാനും ഉത്തനാസനം നല്ലതാണ്. പതിവായി ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. ഈ ആസനം തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മനസിന് ഉന്മേഷം നൽകുകയും മാനസിക സമാധാനം നൽകുകയും ചെയ്യുന്നു.
ചെയ്യുന്ന രീതി:
നേരെ നിൽക്കുക, തുടർന്ന് നിങ്ങളുടെ കൈകൾ മുകളിലേക്ക് ഉയർത്തുക. ഇതിനുശേഷം, പതുക്കെ മുന്നോട്ട് കുനിഞ്ഞ് കൈകൾ നിലത്ത് വയ്ക്കുക. ഈ സമയത്ത്, ആഴത്തിലുള്ള ശ്വാസം എടുത്ത് ശ്വാസം വിടുക.
ഗുണങ്ങൾ:
* ശരീരത്തിന്റെ പിൻഭാഗം നീട്ടുന്നു
* രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
* ദഹനം മെച്ചപ്പെടുത്തുന്നു
* മനസ്സിന്റെ സമ്മർദം കുറയ്ക്കുന്നു
* തലവേദന ശമിപ്പിക്കുന്നു