Disease Outbreak | ചൂട് കനക്കുന്നു; രോഗവ്യാപനം രൂക്ഷം; തൃശൂരിൽ മാത്രം ഒന്നരമസത്തിനിടെ അഞ്ഞൂറോളം രോഗികൾ; ചിക്കൻപോക്സ് ഭീതിയും


● ചിക്കൻപോക്സ് വ്യാപകമായതിനെ തുടർന്ന് രാമവർമ്മപുരം എഞ്ചിനീയറിംഗ് കോളേജ് അടച്ചു.
● ഉയർന്ന താപനിലയാണ് രോഗം പടരാൻ കാരണമായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
● തൃശൂർ ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലും രോഗം വ്യാപകമായിട്ടുണ്ട്.
തൃശൂർ: (KVARTHA) സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ രോഗവ്യാപനം രൂക്ഷം. കഴിഞ്ഞ ഒന്നരമസത്തിനിടെ തൃശൂർ ജില്ലയിൽ മാത്രം അഞ്ഞൂറോളം പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. വരന്തരപ്പിള്ളിയിൽ ഒരാൾ മരണമടയുകയും ചെയ്തു. ഉയർന്ന താപനിലയാണ് രോഗം പടരാൻ കാരണമായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ജനുവരി ആദ്യവാരം 57 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കഴിഞ്ഞ ആഴ്ചയിൽ 104 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലും രോഗം വ്യാപകമായിട്ടുണ്ട്.
ചിക്കൻപോക്സ് വ്യാപകമായതിനെ തുടർന്ന് രാമവർമ്മപുരം എഞ്ചിനീയറിംഗ് കോളേജ് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചിക്കൻപോക്സ് രോഗം ബാധിച്ചവരുടെ ചുമ, തുമ്മൽ എന്നിവയിലൂടെയും കുമിളകളിലെ സ്രവങ്ങളിൽ നിന്നുമാണ് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ എടുക്കും.
കുമിളകൾ വരുന്നതിന് രണ്ടു ദിവസം മുൻപും, ഉണങ്ങിയ ശേഷം രണ്ടു ദിവസം വരെയും രോഗം പകരാൻ സാധ്യതയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുഖം, ഉദരം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വരും. നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായ വ്യക്തികൾ, ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഉടൻ ചികിത്സ തേടണം. രോഗബാധിതർക്ക് ധാരാളം വെള്ളം കുടിക്കുകയും, പഴവർഗങ്ങൾ കഴിക്കുകയും ചെയ്യാം. രോഗം മാറും വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം മാത്രം ചികിത്സ തേടുക.
ഈ വാർത്ത വ്യാപിപ്പിച്ച് മറ്റുള്ളവർക്ക് ഈ അറിവ് പകരുക. ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുക.
The heatwave in Kerala has intensified the spread of chickenpox, with Thrissur reporting over 100 cases. Educational institutions are being shut down to prevent further transmission.
#KeralaNews #ChickenpoxOutbreak #ThrissurNews #Heatwave #DiseasePrevention #HealthNews