Heart Attacks | ചെറുപ്പക്കാരിലെ ഹൃദയാഘാതം; ലക്ഷണങ്ങളും സ്വീകരിക്കേണ്ട അടിയന്തര നടപടികളും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(KVARTHA) മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് ഹൃദയം. അതിനാല്‍ ഹൃദയത്തിന് സംഭവിക്കുന്ന തകരാറുകള്‍ ജീവന് തന്നെ ഭീഷണിയാണ്. ലോകത്തില്‍ ഓരോ ദിവസവും സംഭവിക്കുന്ന മരണ നിരക്കെടുത്താല്‍ ഇതില്‍ ഭൂരിഭാഗം ആളുകളും ഹൃദയാഘാതം മൂലമാണ് മരണപ്പെടുന്നത്. നാം കരുതുന്നതുപോലെ ഹൃദയാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയല്ല, കാരണം അവ ചെറുപ്പക്കാരെയും കൂടുതലായി ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇതിന് ഉദാഹരണമാണ് ഹൃദയാഘാതം മൂലം ദാരുണമായി അന്തരിച്ച സിദ്ധാര്‍ത്ഥ് ശുക്ല (40), പുനീത് രാജ്കുമാര്‍ (46) തുടങ്ങിയ അഭിനേതാക്കള്‍. ഇന്നും സിനിമാ ലോകത്തിന് ഇവര്‍ ഒരു വേദനയായി തുടരുന്നു. അപ്രതീക്ഷിതമായ ഇത്തരം മരണങ്ങളിലൂടെ ഹൃദയാഘാതം എന്നത് പ്രവചനാതീതമായ ഒരു അവസ്ഥയാണെന്ന് നം മനസ്സിലാക്കേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും സംഭവിക്കാം, എന്നാല്‍ ജാഗ്രതയും പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധവും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സമയോചിതമായ നടപടികളാണ്.
ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ടാക്കുന്ന പൊതുവായ ഘടകങ്ങളെ കുറിച്ചും അവ സംഭവിക്കുമ്പോള്‍ എങ്ങനെ തിരിച്ചറിയാമെന്നും നാം അറിഞ്ഞിരിക്കണം. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് ഭട്ട് പറയുന്നത് എന്താണെന്ന് പരിശോധിക്കാം.
എന്തുകൊണ്ടാണ് ചെറുപ്പക്കാരില്‍ ഹൃദയാഘാതം കൂടുതലായി കാണപ്പെടുന്നത്?
പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന അസാധാരണമാണെങ്കിലും, യുവാക്കളില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് ഡോ. ഭട്ട് പറയുന്നു. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, പുകവലി, മദ്യപാനം, സമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശന്ങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
കൂടാതെ, ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിന് കോവിഡ് മഹാമാരിയുടെ പങ്ക് എന്തെന്ന് പഠനങ്ങള്‍ എടുത്തുകാണിക്കുന്നു. കോവിഡ്-19 മഹാമാരി ആരംഭിച്ചതിന് ശേഷം അമേരിക്കയിലെ എല്ലാ പ്രായക്കാരിലും ഹൃദയാഘാത മരണനിരക്ക് ഗണ്യമായി വർദ്ധിച്ചതായി സിഡാർസ്-സിനായിയിലെ സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. 25-44 വയസ് പ്രായമുള്ളവരിലാണ് ഈ വര്‍ദ്ധനവ് കൂടുതലായും ഗവേഷകര്‍ കണ്ടെത്തിയത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലെ മരണനിരക്ക് 23-34% ആണ് വര്‍ദ്ധിച്ചത്.
ലക്ഷണങ്ങള്‍ എന്തെല്ലാം?
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. വാസ്തവത്തില്‍, പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അവ ഒരു പുരുഷനിലും സ്ത്രീയിലും വ്യത്യസ്തമായിരിക്കുമെന്നാണ്. എന്നിരുന്നാലും, ഹൃദയാഘാതത്തിന്റെ ചില സാധാരണ ലക്ഷണങ്ങളില്‍ ഇവയാണ്
* നെഞ്ചില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത
* പുറം, കഴുത്ത്, താടിയെല്ല്, കൈകള്‍ എന്നിവയുള്‍പ്പെടെ മുകളിലെ ശരീരത്തിലെ വേദന
* ശ്വാസം മുട്ടല്‍
* തലകറക്കം
* തണുത്ത വിയര്‍പ്പ്
* ക്ഷീണം
* ഓക്കാനം, ഛര്‍ദ്ദി
* കടുത്ത ഉത്കണ്ഠയും പരിഭ്രാന്തിയും
* ഗുരതരമല്ലാത്ത പനി
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍
ഡോക്ടര്‍ ഭട്ടിന്റെ അഭിപ്രായത്തില്‍, ഹൃദയാഘാതത്തില്‍ സമയമാണ് പ്രധാനം. അതിനാല്‍, ഉടനടിയുള്ള നടപടികള്‍ അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെടുത്തും. ഹൃദയാഘാതം ഉണ്ടായാല്‍ അടിയന്തര സേവനങ്ങളെ ഉടന്‍ വിളിക്കാന്‍ ശ്രദ്ധിക്കണം. ഇതിനിടയില്‍, ഒരു ആസ്പിരിന്‍ ചവച്ചരച്ച് വിഴുങ്ങുന്നത് ഗുണം ചെയ്യും (അലര്‍ജി ഇല്ലെങ്കില്‍), ഹൃദയാഘാതം ബാധിച്ച ഒരാള്‍ പ്രതികരിക്കുന്നില്ലെങ്കില്‍, കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്‍കുക.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) പ്രകാരം, പെട്ടെന്നുള്ള ഹൃദയസ്തംഭനമുള്ള ആളുകളില്‍ അതിജീവന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് സിപിആർ. വാസ്തവത്തില്‍, ഇത് രോഗികളുടെ അതിജീവന സാധ്യതകളെ ഇരട്ടിയാക്കുകയോ മൂന്നിരട്ടിയാക്കുകയോ ചെയ്യും.
ഏതെങ്കിലും തരത്തിലുള്ള നെഞ്ചുവേദന അനുഭവപ്പെട്ടാൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, മുകളിൽ പറഞ്ഞ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, താമസിയാതെ ഒരു ആശുപത്രിയിൽ എത്തുക.
