Warning | മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 
Health Minister Veena George says children should be taught good health habits when they go to school after the mid-summer vacation, Thiruvananthapuram, News, Education, Students, School, mid-summer vacation, Warning, Health, Kerala

മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം


കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം


കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ അറിവുകള്‍ വീട്ടിലേക്ക് എത്തിക്കാനാകും 

തിരുവനന്തപുരം: (KVARTHA) മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. 


ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ അറിവുകള്‍ വീട്ടിലേക്ക് എത്തിക്കാനാകും. 

 

എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റ് രോഗങ്ങളും പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

* കുട്ടികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.


* ഇലക്കറികള്‍, പച്ചക്കറികള്‍ കൂടുതല്‍ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികള്‍ക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.

* ധാരാളം വെള്ളം കുടിക്കണം

*ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.

*ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ് ലെറ്റില്‍ പോയതിന് ശേഷവും നിര്‍ബന്ധമായി കൈകള്‍ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.


* മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവര്‍ഗങ്ങള്‍ ധാരാളം നല്‍കുക.

*വിറ്റാമിന്‍ സി കിട്ടാന്‍ കുട്ടികള്‍ക്ക് നാരങ്ങാ വെള്ളം ദിവസവും കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്.


*കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാതെ ശ്രദ്ധിക്കണം.

* മഴ നനയാതിരിക്കാന്‍ കുടയോ, റെയിന്‍കോട്ടോ കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കള്‍ നല്‍കണം.


*കുട്ടികള്‍ മഴ നനഞ്ഞ് വന്നാല്‍ തല തോര്‍ത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാന്‍ പോഷക ഗുണമുള്ള ചൂട് പാനീയങ്ങള്‍ (ചൂട് കഞ്ഞിവെള്ളം, ചൂട് പാല്‍ മുതലായവ) നല്‍കുക.


* മഴയുള്ള സമയത്ത് കുട്ടികള്‍ക്ക് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാന്‍ കുട്ടികളെ ശീലിപ്പിക്കുക.


*പനിയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യണം.


*കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.


*അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കണം.


*വിഷമിച്ച് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നല്‍കുക.


* ക്ലാസ് മുറികളുടെയും സ്‌കൂള്‍ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.


*അപകടകരമായ സാഹചര്യം കണ്ടാല്‍ പരിഹാരത്തിനായി അധ്യാപകരെ വിവരം അറിയിക്കുക.


*രക്ഷകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ 'ദിശ'യില്‍ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia