Star Fruit | സ്റ്റാർ ഫ്രൂട്ടിന്റെ ഗുണങ്ങൾ അറിയാമോ? രുചിയും ആരോഗ്യവും നിറഞ്ഞ ഫലം!


കൊച്ചി: (KVARTHA) വിപണികളിൽ അധികം അങ്ങനെ കാണാറില്ലെങ്കിലും ചതുരപ്പുളി അഥവാ സ്റ്റാർ ഫ്രൂടിൻറെ (Star Fruit) ആരോഗ്യ ഗുണങ്ങൾ (Health Benefits) പലതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാത്തത് കൊണ്ടാവണം കൂടുതലായി ഇത് ആരും വാങ്ങി കഴിക്കാത്തത്. നാടൻ പഴം ആയതിനാൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇത് കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സാധാരണ പ്രമേഹ (Diabetes) രോഗികൾക്ക് എല്ലാ പഴവും കഴിക്കാൻ കഴിയാറില്ല. മധുരം പ്രമേഹത്തിന് നല്ലതല്ല എന്ന് നമുക്ക് അറിയാം. എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയ പഴമായാണ് സ്റ്റാർ ഫ്രൂടിനെ ചിലർ കണക്കാക്കുന്നത്.
വിറ്റാമിൻ സിയുടെ കലവറ
കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സ്റ്റാർ ഫ്രൂട് നല്ലതാണെന്ന് പറയുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ പോലെയുള്ള മറ്റു ഘടകങ്ങളും ചേർന്നാണ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. കൂടാതെ ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സ്റ്റാർ ഫ്രൂട്ടിന് കഴിവുണ്ട്. കൂടാതെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും സ്റ്റാർ ഫ്രൂട് മികച്ചതാണ്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനും മികച്ചത്
മുടിയുടെ ആരോഗ്യം നിലനിർത്താനും മുടി വളരാനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ ബി സഹായിക്കും. രക്തസമ്മർദം കുറയ്ക്കാനും സ്റ്റാർ ഫ്രൂട് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും ഫൈബറും രക്ത സമ്മർദം നിയന്ത്രിതമാക്കാൻ സഹായിക്കുന്നു. ശരീര ഭാരം അമിതമായി വർധിക്കുന്നവർ പല ഭക്ഷണങ്ങളും കഴിക്കാൻ ഭയക്കുന്നവരാണ്. എന്നാൽ അത്തരക്കാർക്കും സ്റ്റാർ ഫ്രൂട് കഴിക്കാവുന്നതാണെന്നാണ് അഭിപ്രായം. ദഹന പ്രക്രിയ എളുപ്പമാക്കാൻ പാകത്തിൽ ഫൈബറും ഇതിൽ ധാരാളമുണ്ട്. കൂടാതെ കലോറിയും സ്റ്റാർ ഫ്രൂട്ടിൽ കുറവാണ്.
ഇക്കാര്യം ശ്രദ്ധിക്കുക
അതേസമയം, നിങ്ങൾക്ക് ഡയബെറ്റിസ്, വൃക്ക സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, സ്റ്റാർ ഫ്രൂട്ട് കഴിക്കാമോ എന്നറിയാൻ ഒരു ഡോക്ടറെ സമീപിക്കുന്നത് പ്രധാനമാണ്.