Healthcare | 70 കഴിഞ്ഞവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: ആയുഷ്മാൻ വയ വന്ദന ഗുണഭോക്താക്കളുടെ എണ്ണം 25 ലക്ഷം കടന്നു; ഇങ്ങനെ അപേക്ഷിക്കാം
● പദ്ധതി ആരംഭിച്ചത് മുതൽ 40 കോടി രൂപയിലധികമാണ് ചികിത്സയ്ക്കായി ഇത് വഴി ചെലവഴിച്ചത്.
● 70 വയസ്സിന് മുകളിലുള്ള 22,000 ത്തിലധികം മുതിർന്ന പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
● 'ആയുഷ്മാൻ വയ വന്ദന കാർഡ്' ഉപയോഗിച്ച് എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കും.
ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി 2024 ഒക്ടോബർ 29 ന് ആരംഭിച്ച ആയുഷ്മാൻ വയ വന്ദന പദ്ധതി രണ്ട് മാസത്തിനുള്ളിൽ മികച്ച നേട്ടം കൈവരിച്ചു. 25 ലക്ഷത്തിലധികം പേർ ഈ പദ്ധതിയിൽ ഇതിനകം രജിസ്റ്റർ ചെയ്ത് കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. പദ്ധതി ആരംഭിച്ചത് മുതൽ 40 കോടി രൂപയിലധികമാണ് ചികിത്സയ്ക്കായി ഇത് വഴി ചെലവഴിച്ചത്. 70 വയസ്സിന് മുകളിലുള്ള 22,000 ത്തിലധികം മുതിർന്ന പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കൊറോണറി ആൻജിയോപ്ലാസ്റ്റി, പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ, പക്ഷാഘാതം, ഹീമോഡയാലിസിസ് തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ഇവർ ചികിത്സ തേടിയിട്ടുണ്ട്.
ആയുഷ്മാൻ പദ്ധതിയുടെ വിപുലീകരണം
2024 ഒക്ടോബർ 29 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) 70 വയസിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വിപുലീകരണത്തിന്റെ ഭാഗമായി, 70 വയസിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ 'ആയുഷ്മാൻ വയ വന്ദന കാർഡ്' ലഭിക്കും. ഈ കാർഡ് ഉപയോഗിച്ച് എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കും.
Existing PMJAY beneficiaries aged 70 and above can now get their Ayushman Vay Vandana Card through the Ayushman App and access ₹5 lakh of free treatment.
— Ministry of Health (@MoHFW_INDIA) December 5, 2024
Watch this video to learn how to create Ayushman Vay Vandana Card and unlock essential healthcare benefits.#HealthForAll… pic.twitter.com/B3EKEVC3GA
70 വയസിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നു, സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെയാണ് ഇത്. കേരളത്തിൽ ഈ പദ്ധതി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. ഇതിനാൽ, നിലവിൽ കാരുണ്യ പദ്ധതിയിൽ എംപാനൽ ചെയ്തിരിക്കുന്ന ആശുപത്രികൾ ആയുഷ്മാൻ ഭാരതിന്റെ ഭാഗമാകും. 202 സർക്കാർ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളും കാരുണ്യയുടെ ഭാഗമാണ്.
മൊബൈൽ ആപ്പ് വഴി ആയുഷ്മാൻ വയ വന്ദന കാർഡ് ലഭിക്കുന്ന വിധം:
● മൊബൈൽ ഫോണിൽ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക.
● ആപ്പ് തുറന്ന് 'Login as beneficiary' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
● മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ നൽകി ലോഗിൻ ചെയ്യുക.
● പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
● മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി നൽകി വെരിഫൈ ചെയ്യുക.
● കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ ചേർക്കുക.
● എല്ലാ വിവരങ്ങളും ശരിയായി നൽകിയ ശേഷം സമർപ്പിക്കുക.
● അപേക്ഷ അംഗീകരിച്ച ശേഷം ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.
വെബ്സൈറ്റ് വഴി ആയുഷ്മാൻ വയ വന്ദന കാർഡ് ലഭിക്കുന്ന വിധം:
● www(dot)beneficiary(dot)nha(dot)gov(dot)in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
● മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ നൽകി ലോഗിൻ ചെയ്യുക.
● 70 വയസിന് മുകളിലുള്ളവർക്കുള്ള രജിസ്ട്രേഷൻ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
● ആവശ്യമായ എല്ലാ വിവരങ്ങളും നൽകി സമർപ്പിക്കുക.
● അപേക്ഷ അംഗീകരിച്ച ശേഷം ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.
പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനും അറിവ് പകരുന്നതിനും ഈ ലേഖനം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക.
#AyushmanVayVandana #SeniorCitizens #FreeTreatment #PMJAY #HealthcareForSeniors #AyushmanBharat