Monsoon Diet | മഴക്കാലത്ത് ആരോഗ്യകരമായ ശരീരത്തിന് എന്തൊക്കെ കഴിക്കാം? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


ഈ സമയത്ത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വളരെ പ്രധാനമാണ്
കൊച്ചി: (KVARTHA) വേനൽ ചൂടിന്റെ കാഠിന്യത്തിൽ നിന്നും മഴക്കാലം വന്നത് ആശ്വാസമായെങ്കിലും എല്ലാ കാലാവസ്ഥയിലും അതിന്റേതായ ബുദ്ധിമുട്ടുകൾ നമ്മള്‍ നേരിടേണ്ടി വരുന്നു. ഈര്‍പ്പമുള്ളതും തണുപ്പുള്ളതുമായ കാലാവസ്ഥ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗാണുക്കള്‍ വളരുന്നതിന് ഇടയാക്കുന്നത് കൊണ്ട് ജലദോഷം, പനി, ജലജന്യരോഗങ്ങള്‍ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റും നാം കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ് മഴക്കാലം. ഈ സമയത്ത് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വളരെ പ്രധാനമാണ്. മഴക്കാലത്ത് കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായ ഗുണങ്ങൾ ലഭ്യമാകുന്ന ഭക്ഷണങ്ങൾ അറിയാം.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. പഴങ്ങളിൽ സിട്രസ് പഴങ്ങൾ കഴിക്കുക. ഇതില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയയവയെല്ലാം സിട്രസ് പഴങ്ങളിൽപ്പെട്ടതാണ്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും വെളുത്ത രക്താണുക്കളെ കൂടുതൽ അളവിൽ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കും.
നട്സ്
കൂടാതെ നട്സുകളിൽ പോഷക ഗുണങ്ങളാൽ സമൃദ്ധമായ ബദാം കഴിക്കുന്നതും നല്ലതാണ്. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ വൈറ്റമിൻ ഇ ധാരാളമുള്ള ബദാം ദിവസവും കഴിക്കാവുന്നതാണ്. ധാരാളം പ്രോടീനും നല്ല കൊഴുപ്പുമടങ്ങിയ ബദാം കഴിക്കുന്നത് ആരോഗ്യകാര്യമാണ്.
ഇഞ്ചി
അണുബാധകളെ ചെറുക്കാൻ ആഹായിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളും ധാരാളമുണ്ട്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂലം ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കഫക്കെട്ട് ചുമ ജലദോഷം പോലെയുള്ള അവസ്ഥകൾക്കും ഇഞ്ചി വെള്ളം കുടിക്കാറുണ്ട് പലരും. പ്രകൃതിദത്ത ഔഷധക്കൂട്ടാണ് ഇഞ്ചി. ജിഞ്ചറോൾ ഇഞ്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റി-ഇൻഫ്ലമേറ്ററി സംയുക്തമാണ്. ഇത് വേദന, വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് മഞ്ഞൾ. ഇവയിൽ അടങ്ങിയിട്ടുള്ള കുർകുമിൺ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ നിറഞ്ഞതാണ്. കുർകുമിൻ ശരീരത്തിന്റെ പ്രതിരോധ കോശങ്ങളെ സജീവമാക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. ജലദോഷം, ഫ്ലൂ തുടങ്ങിയ അണുബാധകളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും മഞ്ഞൾ നല്ലതാണ്.
തൈര്
കൂടാതെ പ്രോബയോട്ടിക്കുകള്‍ ഉള്ള തൈര് കഴിക്കുന്നതും നല്ലതാണ്. രോഗപ്രതിരോധശേഷിക്കും തൈര് ഉപകാരപ്രദമാണ്. കുടലിന്റെ ആരോഗ്യത്തിനും തൈര് കഴിക്കുന്നത് ഗുണകരമാണ്.
വെളുത്തുള്ളി
അണുബാധകളെ തടയാൻ കഴിവുള്ള ആന്റിമൈക്രോബയല്‍, ആന്റിവൈറല്‍ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. അതിനാവശ്യമായ വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാനും വെളുത്തുള്ളി സഹായിക്കും.
തേൻ
ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള തേൻ കഴിക്കുന്നത് നല്ലതാണ്. തൊണ്ടവേദന കുറയാൻ സാധാരണ തേൻ ഫലപ്രദമാണ്. അത് പോലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തേൻ ഫലപ്രദമാണ്.
ഇലക്കറികൾ
ഇലക്കറികൾ കഴിക്കുന്നതും നല്ലതാണ് എന്ന് പറയാറുണ്ട്. വിറ്റാമിൻ എ സി ഇ എന്നിവ അടങ്ങിയിട്ടുള്ള ചീര മഴക്കാലത്തു കഴിക്കുന്നത് കൂടുതൽ നല്ലതാണ്. അണുബാധകളെ ചെറുക്കാൻ കഴിവുള്ള ആന്റിഓക്സിഡന്റുകളും ബീറ്റാ കരോട്ടിനും ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓർക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് വളരെ പ്രധാനമാണ്. പൊതു അറിവ് നമുക്ക് ഒരു ദിശാബോധം നൽകുമെങ്കിലും, നമ്മുടെ വ്യക്തിഗത ആരോഗ്യസ്ഥിതി, ജീവിതശൈലി, ഭക്ഷണക്രമം എന്നിവയെ അടിസ്ഥാനമാക്കി ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കാണേണ്ടതും പ്രധാനമാണ്.