Inspection | സംസ്ഥാനത്തെ 512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തിയ 52 എണ്ണത്തിനെതിരെ നടപടി  

 
Food safety inspection in 512 shawarma business establishments in the state, Food safety inspection, Thiruvananthapuram, News, Health, Notice, Corruption, Kerala


*പരിശോധന നടത്തിയത് കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍

*ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കണം

തിരുവനന്തപുരം: (KVARTHA) ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു. 

108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണെന്നും മന്ത്രി പറഞ്ഞു.

ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രില്‍ മാസം ആകെ 4545 പരിശോധനകള്‍ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളില്‍ വിവിധയിനത്തില്‍ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 3479 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകള്‍ അണ്‍ സേഫും 53 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡും റിപോര്‍ട് ചെയ്തു. മിസ് ബ്രാന്‍ഡഡ് സാംപിളുകളുടെ ഇനത്തില്‍ 32 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തു.

1605 ലൈസന്‍സുകളും 11343 രജിസ്ട്രേഷനുകളും കഴിഞ്ഞ മാസം നല്‍കി. 65 അഡ് ജ്യൂഡിക്കേഷന്‍ കേസുകളും 83 പ്രോസിക്യൂഷന്‍ കേസുകളും ഏപ്രില്‍ മാസം ഫയല്‍ ചെയ്തു. പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 477 റെക്ടിഫിക്കേഷന്‍ നോട്ടീസുകളാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് മന്ത്രി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia