Food Poisoning | ഷവർമ കഴിച്ചതിന് പിന്നാലെ വീണ്ടും ഭക്ഷ്യ വിഷബാധ; ഭക്ഷ്യ സുരക്ഷാ വകുപ്പ് നെട്ടോട്ടത്തിൽ


● 11 പേർക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യവിഷബാധ ഏറ്റത്.
● ഭക്ഷ്യവിഷബാധ ഏറ്റവരിൽ നാല് കുട്ടികളാണ്.
● കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുമുണ്ട്.
തൃശൂർ: (KVARTHA) ഷവർമ വിൽപ്പനയിലെ ഹൈകോടതി ഇടപെടലുകളും, ഭക്ഷ്യ സുരക്ഷാ വകുപ്പിന് കോടതി നൽകിയ കർക്കശ നിർദ്ദേശങ്ങൾക്ക് പിന്നാലെ തൃശൂരിൽ ഷവർമയിൽ വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നെട്ടോട്ടത്തിൽ. തൃശൂർ ചിറ്റാട്ടുക്കരയിലെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 11 പേർക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യവിഷബാധ ഏറ്റത്.
ഇവർ വയറുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യ വിഷബാധയെന്ന് സ്ഥിതീകരണം ഉണ്ടായത്. ഭക്ഷ്യവിഷബാധ ഏറ്റവരിൽ നാല് കുട്ടികളാണ്. ഇതേത്തുടർന്ന് എളവള്ളി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടുപ്പിക്കുകയും ചെയ്തു. ഹോട്ടലിൽ അന്നേദിവസം 20 കിലോ കോഴിയിറച്ചി ഷവർമയിലൂടെ വിൽപ്പന നടത്തിയതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുമുണ്ട്.
ഷവർമ പാർസൽ നൽകുന്നതിന് സമയവും, തീയതിയും രേഖപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചുരുക്കം ചില ഷവർമ വില്പനശാലകളിലും, ഹോട്ടലുകളിലും, തട്ടുകടകളിലും നിബന്ധനകൾ വെച്ച് നോട്ടീസ് പതിച്ചിരുന്നു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ഷവർമ കഴിച്ചു മരിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വുപ്പിന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നത്.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നൽകിയ പരാതി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി ഒരു മാസം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
എന്നാൽ ഷവർമ പാർസലിൽ സമയവും, തീയതിയും രേഖപ്പെടുത്തുന്നതിന് പകരം ഹോട്ടലുകളിൽ നോട്ടീസ് മാത്രം പതിച്ച് നിയമ നടപടികളിൽ നിന്ന് തലയൂരിയത് ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇപ്പോൾ തലവേദനയായിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഇത്തരം ഘട്ടങ്ങളിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും പറയുന്നുണ്ട്.
#ShawarmaPoisoning #FoodSafety #KeralaNews #FoodPoisoning #FoodSafetyDepartment #Thrissur