Milestone | സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു; രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ഈ സൗകര്യമുള്ളത് എയിംസില്‍ മാത്രം

 
Fetal Medicine Department Inaugurated at Trivandrum Medical College
Fetal Medicine Department Inaugurated at Trivandrum Medical College

Photo Credit: Facebook / Veena George

● ഈ നൂതന ചികിത്സയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കാം
● നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നു
● സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള ചികിത്സ സര്‍ക്കാര്‍ പദ്ധതികളില്‍ സൗജന്യം

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. എസ് എ ടി ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. 

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ എയിംസിന് ശേഷം രണ്ടാമതായാണ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം സ്ഥാപിക്കുന്നത്. ഗര്‍ഭത്തിലുള്ള കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റല്‍ മെഡിസിന്‍. ഒബ്സ്റ്റീട്രിഷ്യന്‍മാര്‍, പീഡിയാട്രിഷ്യന്‍മാര്‍, ജനിറ്റിക്‌സ് വിദഗ്ധര്‍, ഫീറ്റല്‍ മെഡിസിന്‍ സ്പെഷലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ഒരു മള്‍ട്ടിഡിസ്സിപ്ലിനറി ടീം ഉള്‍പ്പെടെയുള്ളവരാണ് ഈ വിഭാഗത്തിലുണ്ടാകുക.


ഈ നൂതന ചികിത്സയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നല്‍കുന്നതെന്നും നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

അത്യാധുനിക ഫീറ്റല്‍ മെഡിസിന്‍ സാങ്കേതിക വിദ്യകളിലൂടെ സങ്കീര്‍ണമായ അവസ്ഥകളുള്ള കുഞ്ഞുങ്ങളെ പോലും രക്ഷിച്ചെടുക്കാനാകും. ജന്മവൈകല്യങ്ങള്‍, ജനിതക രോഗങ്ങള്‍, മറ്റ് ഭ്രൂണ പ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രീനേറ്റല്‍ ഡയഗ്നോസിസ്, ഗര്‍ഭധാരണത്തിലുടനീളം ഭ്രൂണ വളര്‍ച്ച, വികസനം എന്നിവ നിരീക്ഷിക്കുന്ന ഫീറ്റല്‍ സര്‍വൈലന്‍സ്, രക്തദാനം, ശസ്ത്രക്രിയ എന്നിവ പോലുള്ള ഭ്രൂണ അവസ്ഥകള്‍ക്ക് ഇടപെടല്‍ നല്‍കുന്ന ഫീറ്റല്‍ തെറാപ്പി, ഭ്രൂണ വൈകല്യങ്ങളോ സങ്കീര്‍ണതകളോ ബാധിക്കുന്ന രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും മാര്‍ഗദര്‍ശനവും പിന്തുണയും നല്‍കുന്ന കൗണ്‍സലിംഗ് & സപ്പോര്‍ട്ട് എന്നിവ ഈ വിഭാഗത്തിലുണ്ടാകും. 

ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പിയോ ജെയിംസ് ഫീറ്റല്‍ മെഡിസിന്‍ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കും.

#FetalMedicine #KeralaHealth #NeonatalCare #PrenatalDiagnosis #SATHospital #AdvancedMedicine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia