പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പി പി ഇ കിറ്റുകള്‍ മതി; കിറ്റുകള്‍ വിമാനക്കമ്പനി നല്‍കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.06.2020) പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണം.

നേരത്തെ, വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗവ്യാപനം കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചിലവും കുറവാണ്. വിമാന കമ്പനികളുടെ പ്രതികരണം നിര്‍ണായകമാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പി പി ഇ കിറ്റുകള്‍ മതി; കിറ്റുകള്‍ വിമാനക്കമ്പനി നല്‍കും

സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ് 19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്നാല്‍ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.

പ്രവാസികള്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്. എന്നുമുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ അറിയാന്‍ കഴിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ബുധനാഴ്ച നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.

പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പരിശോധനാ സൗകര്യങ്ങള്‍ സംബന്ധിച്ച് എംബസികള്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധനയ്ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

പിപിഇ കിറ്റ് വിമാനക്കമ്പനികള്‍ നല്‍കണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പിപിഇ കിറ്റുകള്‍ നല്‍കേണ്ടത്, വിമാനക്കമ്പനികള്‍ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുക.

Keywords:  Expats can return to Kerala wearing PPE kits; govt eases COVID certificate criterion, Thiruvananthapuram, News, Health, Health & Fitness, Passengers, Flight, Cabinet, Meeting, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia