യുപിയിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരുണയില്‍; ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈകോടതി
May 18, 2021, 11:06 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 18.05.2021) യുപിയിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരുണയിലെന്ന് ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈകോടതി. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റൈന്‍ സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64കാരന്‍ സന്തോഷ് കുമാറിന്റെ മരണം സംബന്ധിച്ച കേസിലാണ് ഈ നിരീക്ഷണം. സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഏപ്രില്‍ 22 നാണ് ഐസൊലേഷന്‍ വാര്‍ഡിലെ ശുചിമുറിയില്‍ സന്തോഷ് കുമാര്‍ ബോധംകെട്ട് വീണത്. രക്ഷിക്കാനുള്ള ശ്രമങ്ങളും വിഫലമായി. തുടര്‍ന്ന് മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പിന്നീട് മരിച്ച സന്തോഷ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചറിയപ്പെടാത്ത മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം സംസ്‌കരിക്കുകയായിരുന്നു. മാത്രമല്ല ഇയാളുടെ രോഗവിവരമടങ്ങിയ ഫയലും കണ്ടെത്താനായില്ല. ഇതോടെ ഇയാളുടെ മൃതദേഹം തിരിച്ചറിയപ്പെടാത്തവരുടെ വിഭാഗത്തിലേക്ക് ഉള്‍പെടുത്തി സംസ്‌കരിക്കുകയായിരുന്നു.
മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കല്‍ കോളേജിലെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി.
ഡോക്ടര്‍മാരും പാരാമെഡികല്‍ ജീവനക്കാരും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് വളരെ ഗുരുതരമായ തെറ്റാണെന്നും നിഷ്‌കളങ്കരായ ആളുകളുടെ ജീവന്‍ വച്ചാണ് ഈ അലംഭാവമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍കാര്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍കാര്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.