Gut Health | ആഴ്ചയിൽ 30 സസ്യഭക്ഷണങ്ങൾ ശീലമാക്കൂ, അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ നേടാമെന്ന് ആരോഗ്യ വിദഗ്ധർ
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) വയറ്റിലെ രാസപ്രവർത്തനങ്ങൾ സജീവമാക്കുന്നതിനാവശ്യമായ ജീവാണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഭക്ഷണങ്ങൾ ശീലമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി ആഴ്ചയിൽ 30 സസ്യഭക്ഷണങ്ങൾ കഴിക്കാനാണ് വിദഗ്ധർ പറയുന്നത്. 2018 ലെ 'ദി അമേരിക്കൻ ഗട്ട് പ്രോജക്റ്റ്' എന്ന പഠനത്തിൽ നിന്നാണ് ഈ ആശയത്തിൻ്റെ ഉത്ഭവം. ആഴ്ചയിൽ 30 സസ്യഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ, വൈവിധ്യമാർന്ന ഗട്ട് മൈക്രോബയോമുകൾ ഉണ്ടെന്ന് കണ്ടെത്തി.
നിങ്ങളുടെ കുടലിനുള്ളിലെ ഒരു സൂക്ഷ്മലോകമാണ് ഗട്ട് മൈക്രോബയോമുകൾ. കുടലിൽ നല്ലതും ചീത്തയുമായ സൂക്ഷ്മാണുക്കൾ ഉണ്ട്. സസ്യഭക്ഷണങ്ങളിൽ കാണപ്പെടുന്ന നാരുകൾ നല്ലവയുടെ വളർച്ചയെ സഹായിക്കുന്നു. വ്യത്യസ്ത തരം നാരുകൾ കഴിക്കുന്നത് കൂടുതൽ വൈവിധ്യമാർന്നതും ആരോഗ്യകരവുമായ മൈക്രോബയോമിന് കാരണമാകുമെന്ന് ഗട്ട് ഹെൽത്ത് ഗവേഷകർ പറയുന്നു. ഇതാകട്ടെ, ആരോഗ്യം, പ്രതിരോധശേഷി, എന്നിവ വർധിപ്പിക്കുകയും, ചില കാൻസറുകളുടെ അപകടസാധ്യത കുറക്കുകയും ചെയ്യുന്നു.
30 സസ്യങ്ങൾ എന്നാൽ അതിൽ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്സ്, വിത്തുകൾ, കാപ്പി, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. സരസഫലങ്ങൾ, നട്സ്, വിത്തുകൾ എന്നി ചേർത്തുള്ള പ്രഭാതഭക്ഷണത്തിനായി ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. മൃഗ പ്രോട്ടീനുകൾക്ക് പകരമായി, ബീൻസ്, ചെറുപയർ, പയർ എന്നിവ കഴിക്കാവുന്നതാണ്. ഈ ഭക്ഷണക്രമം ശീലിച്ചതിനു ശേഷം വളരെ വേഗത്തിൽ തന്നെ മാറ്റങ്ങൾ കാണാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കഴിവതും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ശീലമാക്കുക. അതോടൊപ്പം തന്നെ അമിതമായ അളവിൽ എണ്ണയും കൊഴുപ്പും ശരീരത്തിൽ എത്തുന്നത് തടയാനായി ശ്രദ്ധിക്കുകയും ചെയ്താൽ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനത്തെ സഹായിക്കുന്ന ജീവാണുക്കൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും, പുതിയ ഭക്ഷണശീലങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദേശങ്ങൾ തേടേണ്ടത് വളരെ അനിവാര്യമാണ്.
