Water | നാം കുടിക്കുന്ന വെള്ളത്തിന് രുചിയുണ്ടോ? കൗതുകകരമായ ശാസ്ത്രീയ സത്യങ്ങൾ! വിശദമായി അറിയാം


● ലവണങ്ങൾ ജലത്തിന് രുചി നൽകുന്നു.
● മഴവെള്ളം മണ്ണിലൂടെ ഒഴുകുമ്പോൾ രുചി വ്യത്യാസപ്പെടുന്നു.
● ക്ലോറിൻ ചേർത്ത വെള്ളത്തിനും രുചിയുണ്ടാകും.
● തിളപ്പിക്കുമ്പോൾ ജലത്തിൻ്റെ രുചിയിൽ മാറ്റം വരുന്നു.
സോളി കെ ജോസഫ്
(KVARTHA) വേനൽക്കാലം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ ദാഹം ഒരു സാധാരണ അനുഭവമായി മാറിയിരിക്കുന്നു. ഒരുപാട് വെള്ളം എല്ലാവരും കുടിക്കുന്ന സമയവും ആണ് ഇത്. നാം അറിയാതെ വെറും പച്ചവെള്ളം കുടിക്കുമ്പോൾ അതിൻ്റെ സ്വാദ് എങ്ങനെയെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെള്ളത്തിന് സ്വാദ് ഉണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെ. ഈ വക കാര്യങ്ങളെക്കുറിച്ചാണ് അറിയാം.
ശുദ്ധജലത്തിന് രുചിയില്ല, രുചിയുടെ കാരണം ലവണങ്ങൾ
ശുദ്ധമായ വെളളത്തിന് സ്വാദില്ല. എന്നാൽ നാം സാധാരണ കുടിക്കുന്ന കിണറ്റു വെളളമായാലും, ശുദ്ധീകരിച്ച് പൈപ്പുവെളളമായാലും വെള്ളത്തിന് സ്വാദുണ്ട്. ഈ സ്വാദിനു കാരണം വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുളള ലവണങ്ങളാണ്. പ്രധാനമായും ബൈകാർബണേറ്റുകൾ ആണ് ഇങ്ങനെ ലയിച്ചു ചേർന്നിട്ടുള്ളത്. മഴ വെള്ളം അന്തരീക്ഷവായുവിലൂടെ താഴേക്കു സഞ്ചരിക്കുമ്പോൾ വായുവിലെ കാർബൺ ഡൈ ഓക്സൈഡ് വെള്ളത്തിൽ ലയിക്കുന്നു.
ഈ വെളളം മണ്ണിൽ വീണ് താഴേക്കിറങ്ങുമ്പോൾ മണ്ണിലെ അലേയ കാർബണേറ്റ് ലവണങ്ങളെ ലേയത്വമുളള ബൈകാർബണേറ്റ് ലവണങ്ങളാക്കുന്നു. ജലത്തിലെ കാർബൺ ഡൈ ഓക്സൈഡ് (കാർബോണിക് അമ്ലം) ആണ് കാർബണേറ്റുകളുമായി പ്രവർത്തിക്കുന്നതും അതിനെ ലേയബൈകാർബണേറ്റുകളാക്കുന്നതും. ഉദാഹരണമായി ചുണ്ണാമ്പു പാറകളിലൂടെ വെളളമിറങ്ങുമ്പോൾ അതിലെ കാൽസ്യം കാർബണേറ്റിലൊരു ഭാഗത്തെ കാൽസ്യം ബൈകാർബണെറ്റാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ബൈകാർബണേറ്റുകൾ ജലത്തിൽ ലയിച്ചു ചേരുന്നു. ഇവയാണ് വെളളത്തിന് സ്വാദു നൽ കുന്നത്.
ജലവിതരണ ഏജൻസികൾ ജലത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ അതിൽ ചേർക്കുന്ന ക്ലോറിനും ജലത്തിന് ഒരു സ്വാദ് നൽകുന്നുണ്ട്. പ്രാദേശികമായി ഒരു ഭാഗത്തെ വെളളത്തിൽ കൂടുതലായി കാണുന്ന ലവണങ്ങൾ ആ ഭാഗത്തെ വെളളത്തിന് പ്രത്യേക സ്വാദും നൽകാം. വെള്ളം തിളപ്പിക്കുമ്പോൾ അതിനകത്തെ വാതകങ്ങൾ പുറത്തുപോകും. ഉദാഹരണമായി കാർബൺഡൈ ഓക്സൈഡ് നഷ്ടപ്പെടും. അപ്പോൾ ബൈകാർബണേറ്റുകൾ വീണ്ടും അലേയ കാർബണേറ്റുകൾ ആയി മാറുന്നു. അത് പാതത്തിൽ അടിയുന്നു (പറ്റിപ്പിടിക്കുന്നു).
ഈ രാസപ്രവർത്തനമുണ്ടാകാൻ കാരണം കാർബണേറ്റ് ബൈകാർബണേറ്റ് മാറ്റം ഒരു ഉഭയദിശാ പ്രവർത്തനമായതാണ്. ചൂടാക്കുമ്പോൾ പ്രവർത്തനം 'പുറകോട്ടു' പോകുന്നു. അതായത് ബൈകാർബണേറ്റുകൾ കാർബണേറ്റുകളാകുന്നു. ഇങ്ങനെ ലയിച്ചു ചേർന്നിരുന്ന ലവണം വെള്ളത്തിൽ നിന്നു മാറുമ്പോൾ അതു നൽകിയിരുന്ന സ്വാദും മാറുന്നു. വെള്ളം ഇനി കുടിക്കുമ്പോൾ ഈ പറയുന്ന രീതിയിൽ സ്വാദ് ഉണ്ടോയെന്നും എല്ലാവരും ശ്രദ്ധിക്കുക. കുടിവെള്ളം എന്നത് മനുഷ്യ ജീവൻ്റെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണ് എന്ന കാര്യം ഓർക്കുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Water may seem tasteless, but dissolved minerals like bicarbonates and chlorine affect its taste. Learn the science behind water's flavor.
#WaterTaste #ScienceOfWater #WaterFacts #Chlorine #Bicarbonates #DrinkingWater