വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെ കച്ചവടക്കാരാക്കി ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.06.2018) ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയാണ് ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എ യും ഐ എം എ യും .

ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടര്‍മാര്‍ വീടുകളില്‍ വൈദ്യ പരിശോധന നടത്തുന്നത്. രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാര്‍മികതയും കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ വീടുകളില്‍ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നത്.

 വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെ കച്ചവടക്കാരാക്കി ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

പരിചയക്കാരെയും അയല്‍ക്കാരേയും ബന്ധുക്കളേയുമൊക്കെ പ്രതിഫലേച്ഛ കൂടാതെയാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ വീടുകളില്‍ പരിശോധിക്കുന്നത്. കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാകുന്നതിനാല്‍ പാവപ്പെട്ട പല രോഗികള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

കേരള സര്‍ക്കാരും സ്വകാര്യ വൈദ്യ പരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ട്. 2018ലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ആക്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ കണ്‍സള്‍ട്ടേഷന്‍ സേവനമായി നിര്‍വചിച്ചിട്ടുമുണ്ട്. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീര്‍ത്തും അപക്വമായ നടപടിയാണ്. ഭാരതത്തിലെ സമുന്നത നീതിപീഠവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. 2011 ഏപ്രില്‍ 28ന് കന്‍വര്‍ജിത് സിംഗ് കാക്കറും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധി പറയുമ്പോള്‍ സുപ്രീം കോടതി ഡോക്ടര്‍മാരുടെ സേവനം വ്യാപാരം അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ട്രേഡ് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നത് ഈ വിധിക്ക് എതിരും നിയമലംഘനവും ആണ്.

ട്യൂഷന്‍ അധ്യാപകര്‍, സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, അഡ്വക്കേറ്റുമാര്‍ തുടങ്ങി പലരും തങ്ങളുടെ വീടുകളിലിരുന്നാണ് ജോലി ചെയ്യാറുളളത്. എന്നാല്‍ ഡോക്ടര്‍മാരുടെ നേര്‍ക്കു മാത്രം ഈ നടപടി ആരംഭിച്ചത് വിചിത്രമാണ്. ഇത് സ്വകാര്യ ആശുപത്രി ഭീമന്‍മാരെ സഹായിക്കാനുള്ള കുടിലതന്ത്രമായി സ്വാഭാവികമായും സംശയിക്കാം. കേരളം ആരോഗ്യ മേഖലയില്‍ ഏറെ പുരോഗതി നേടിയിട്ടുണ്ടെങ്കിലും പരിസരശുചീകരണത്തിലും സാമൂഹിക ശുചിത്വത്തിലുമുള്ള പാളിച്ചകള്‍ കാരണം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് സാധാരണയാണ്.

അടുത്ത കാലത്ത് നഗരസഭയുടെ അനാസ്ഥ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അതിന് പുറമേ ഇപ്പോള്‍ ട്രേഡ് ലൈസന്‍സ് ഫീസ് ചുമത്തി ഡോക്ടര്‍മാരുടെ വീടുകളിലെ വൈദ്യ പരിശോധനയ്ക്ക് തടയിടുകയും ചെയ്യുന്നു.

ഇതുമൂലം കൂടുതല്‍ രോഗികള്‍ക്ക് ചെലവേറിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാവുന്നു. ഇത് കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്കേ ഗുണം ചെയ്യൂ. ആയതിനാല്‍ നഗരസഭയുടെ ഈ നടപടിയുമായി ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എയോ ഐ എം എയോ സഹകരിക്കില്ല. ഈ സംഘടനകളിലെ ഒരു അംഗവും ട്രേഡ് ലൈസന്‍സ് ഫീസ് നല്‍കുകയില്ല.

ഇത് ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ വീടുകളിലെ വൈദ്യ പരിശോധന പൂര്‍ണമായും നിര്‍ത്തി വയ്ക്കുകയും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുകയും ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എല്‍ ടി സനല്‍ കുമാറും ഐ എം എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോണ്‍ പണിക്കറും സംയുക്തമായി അറിയിച്ചു.

അത്തരം സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Keywords:  Doctors must set their fees in a manner consistent with their practice structure, Govt-Doctors, News, Health, Health & Fitness, Patient, Controversy, Protest, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia