Diabetes | പ്രമേഹ രോഗവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ട്! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 
Diabetes Management: Sunlight and heat have a connection with diabetes!

പ്രമേഹം നിയന്ത്രിക്കുന്നതിൽ ചിട്ടയായ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വേനൽക്കാലത്ത്, താപനില കുറയുമ്പോൾ രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് നല്ലത്

ന്യൂഡെൽഹി: (KVARTHA) മഴക്കാലമിങ്ങെത്തി, പ്രമേഹരോഗികൾക്ക് തെല്ലൊരു ആശ്വാസമായിക്കാണും. എന്തു കൊണ്ടാണെന്നാണോ ചിന്തിക്കുന്നത്, വേനൽക്കാലം പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. ദൈനംദിന ശീലങ്ങളിലെ മാറ്റങ്ങൾ, നിർജലീകരണം, ക്ഷീണം എന്നിവ തന്നെ കാരണം. മാത്രവുമല്ല, ചൂട് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്.

വേനൽക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുമെന്ന്, ഡൽഹിയിലെ ഡയബറ്റിസ് ആൻഡ് മെറ്റബോളിക് റിസർച്ച് സെൻ്റർ എംഡിയും ഡയറക്ടറുമായ ഡോ. അശോക് ജിംഗൻ പറയുന്നു. ദൈനംദിന ശീലങ്ങളിലെ മാറ്റങ്ങൾ, നിർജലീകരണം, ക്ഷീണം എന്നിവ പ്രമേഹ രോഗികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ഈ കാലാവസ്ഥയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് പ്രമേഹ രോഗികൾ ഇക്കാലയളവിൽ ശ്രദ്ധിക്കേണ്ടത് എന്നു കൂടി അറിയാം.

1. ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കുക സാധാരണമാണല്ലോ, ഇത് പ്രമേഹ രോഗികൾക്ക് അപകടകരമാണ്. അതിനാൽ, ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. വെള്ളത്തിനുപുറമെ, നാരങ്ങാവെള്ളം, മോര്, അല്ലെങ്കിൽ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ എന്നിവയും കുടിക്കാം.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക

വേനൽക്കാലത്ത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടാം. അതിനാൽ, ഇതു പതിവായി പരിശോധിക്കണം. ഒരു ഗ്ലൂക്കോമീറ്ററിൻ്റെ അല്ലെങ്കിൽ, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണത്തിൻ്റെ സഹായത്തോടെ ഇതു ചെയ്യാം. സിജിഎം(CGM) ഉപകരണങ്ങൾ വളരെ ലളിതമായി ഉപയോഗിക്കാവുന്നവയാണ്. വിരൽ കുത്തി രക്തം എടുക്കേണ്ടതിൻ്റെ ഒന്നും ആവശ്യമില്ലാതെ തന്നെ, 24 മണിക്കൂറും രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്കുചെയ്യാൻ ഈ ഉപകരണങ്ങൾക്കു സാധിക്കും.

3. ദിവസവും നന്നായി വ്യായാമം ചെയ്യുക

പ്രമേഹം നിയന്ത്രിക്കുന്നതിൽ ചിട്ടയായ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. താപനില കുറയുമ്പോൾ രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് നല്ലത്. നിങ്ങൾക്ക് യോഗ, എയ്‌റോബിക്‌സ് അല്ലെങ്കിൽ സ്‌ട്രെങ്ത് ട്രെയിനിംഗ് പോലുള്ള വ്യായാമങ്ങൾ വീടിനകത്തും ചെയ്യാം.

4. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക

വേനൽക്കാലത്ത്, ലഘുവായതും, പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ എന്നിവ ശീലമാക്കുക. പഞ്ചസാര, സംസ്കരിച്ച ഭക്ഷണം, വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.

മേൽപറഞ്ഞ കാര്യങ്ങൾ പ്രമേഹ രോഗത്തെ നിയന്തിക്കാൻ നമ്മെ സഹായിക്കുമെങ്കിലും, ഇത്തരം ജീവിതശൈലികൾ തുടങ്ങും മുമ്പ് ഒരു ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia