Organ Donation | അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം; യുവാവിന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവന്‍ നല്‍കി; നന്മ
Jun 20, 2022, 11:00 IST
കൊച്ചി: (www.kvartha.com) അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച 39 കാരന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി. ബുധനാഴ്ച അപകടത്തില്‍പെട്ട തൃശൂര്‍ സ്വദേശി സിപി ജിജിതിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ശനിയാഴ്ച കൊച്ചി രാജഗിരി ആശുപത്രിയി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ജിജിതിന്റെ മാതാപിതാക്കളാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്.
യുവാവിന്റെ കരള്‍, പാന്‍ക്രിയാസ്, വൃക്കകള്‍, കോര്‍ണിയ എന്നിവ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് ദാനം ചെയ്തു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജഗിരിയില്‍ ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ 65കാരനാണ് ജിജിതിന്റെ കരള്‍ ദാനം ചെയ്തത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്ക് ഒരു വൃക്കയും പാന്‍ക്രിയാസും ദാനം ചെയ്തു. കൊച്ചിയില്‍ തന്നെ ചികിത്സയിലുള്ള രണ്ട് പേർക്ക് കോര്‍ണിയകളും മറ്റൊരു വൃക്ക തിരുവനന്തപുരത്തെ സര്‍കാര്‍ മെഡികല്‍ കോളജിലെ രോഗിക്കും നൽകി.
ജൂണ്‍ 14ന് രാത്രി 10.30 ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തൃശൂരില്‍ വച്ചാണ് ജിജിതിന്റെ വാഹനം അപകടത്തില്‍പെട്ടത്. അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ ചാലക്കുടിയിലുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പിന്നീട് തൃശൂരിലെ മെഡികല്‍ കോളജ് ആശുപത്രിയിലേക്കും തുടര്‍ന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ ജൂണ്‍ 15 ന് രാജഗിരി ആശുപത്രിയിലേക്കും മാറ്റി.
രാജഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത് ലാല്‍ ഗംഗാധരന്‍, ന്യൂറോ സര്‍ജന്‍ ഡോ. ജോ മാര്‍ഷല്‍ ലിയോ എന്നിവരാണ് ജിജിതിനെ ചികിത്സിച്ചത്. എംആർഐ സ്‌കാനിംഗില്‍ മസ്തിഷ്‌കം മരണം സംഭവിച്ചതായും, ചികിത്സിച്ചിട്ടും പുരോഗതി കാണിക്കുന്നില്ലെന്ന് ഡോക്ടര്‍മാരുടെ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ജിജിതിന് അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. ജീവിച്ചിരുന്നപ്പോള്‍ എല്ലാവര്‍ക്കും സഹായിയായിരുന്നുവെന്നും ഇപ്പോള്‍ മരണത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉപകാരിയായിരിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കേരള നെറ്റ് വർക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (കെഎന്‍ഒഎസ്) ആണ് അദ്ദേഹത്തിന്റെ അവയവദാന നടപടികള്‍ നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.