Warning | കുട്ടികൾ 'ച്യൂയിങ് ഗം' വിഴുങ്ങിയാൽ എത്രനാൾ വയറ്റിൽ കിടക്കും, ദോഷങ്ങൾ എന്തെല്ലാം? വിശദമായി അറിയാം 

 
Dangers of Chewing Gum for Children
Dangers of Chewing Gum for Children

Representational Image Generated by Meta AI

● ച്യൂയിങ് ഗം വിഴുങ്ങിയാല്‍ ദഹനവ്യവസ്ഥയില്‍ തടസ്സം സംഭവിക്കാം.
● പല്ലുകള്‍ക്ക് കേടുപാട് ഉണ്ടാക്കുന്നതിന് ച്യൂയിങ് ഗം കാരണമാകാം.
● കുട്ടികള്‍ക്ക് ച്യൂയിങ് ഗം കൊടുക്കുന്നത് അപകടകരമാണ്.

കെ ആർ ജോസഫ്

(KVARTHA) ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് 'ച്യൂയിങ് ഗം'. അതിലെ മധുരം മാത്രമല്ല, വെറുതെ ബലൂൺ പോലെ ഊതിവീർപ്പിച്ച് കളിക്കാമെന്നതൊക്കെ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടതാക്കുന്നു. പലപ്പോഴും കുട്ടികളുടെ ശാഠ്യത്തിൽ നിന്ന് രക്ഷപ്പെടാനും കുട്ടികളെ രസിപ്പിക്കാനുമൊക്കെ മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി കരുതുന്ന ഒന്നാണ് ഈ ച്യൂയിങ് ഗം. കുട്ടികളുടെ പ്രായം പോലും നോക്കാതെ കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കുന്ന ധാരാളം മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ടെന്നതും യാഥാർത്ഥ്യമാണ്. 

കൃത്യമായ അറിവ് ഇല്ലാത്ത ഒരു കുട്ടിക്ക് ച്യൂയിങ് ഗം വാങ്ങി കൊടുത്താൽ അത് എത്രമാത്രം അപകടം ഉണ്ടാക്കുന്നുവെന്നത് തിരിച്ചറിയപ്പെടേണ്ടതാണ്. അബദ്ധത്തിൽ എങ്ങാനും ച്യൂയിങ് ഗം കുട്ടിയുടെ വയറ്റിൽ പോയാൽ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ ഏറെയാണ്. പ്രശ്നം പിന്നീട് ഗുരുതരമാവുകയും ചെയ്യും. ഈ അവസരത്തിൽ കൊച്ചുകുട്ടികൾ 'ച്യൂയിങ് ഗം' വിഴുങ്ങിയാൽ എത്രനാൾ അത് വയറ്റിൽ കിടക്കും, അതിൻ്റെ ഭവിഷ്യത്തുകൾ എന്തൊക്കെ എന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. 

കുറിപ്പിൽ പറയുന്നത്: 'മുതിര്‍ന്നവര്‍ ചവയ്ക്കുകയും, ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ അത് അനുകരിക്കാനുള്ള പ്രവണത കൊണ്ടാണ് കുട്ടികള്‍ ച്യൂയിങ് ഗം ചവയ്ക്കുന്നത്. പല കുട്ടികളും അറിയാതെ അതു വിഴുങ്ങുകയും ചെയ്യും. പക്ഷേ, എല്ലാവർക്കും അതുകൊണ്ട് ആപത്തുകള്‍ വരണമെന്നുമില്ല. ചിലര്‍ക്ക് ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ഡോക്ടറുടെ സഹായം തേടേണ്ടി വരുന്നു. ഒരു വലിയ കഷണം ച്യൂയിങ്ഗമോ, ചെറിയ കുറേ കഷണങ്ങളോ കുറഞ്ഞ സമയത്തിനു ള്ളില്‍ വയറ്റിൽ ചെന്നാല്‍ അത് ദഹനേന്ദ്രിയ വ്യവസ്ഥയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാ റുള്ളൂ. 

ച്യൂയിങ് ഗം മാത്രമല്ല നാണയങ്ങള്‍, വിത്തുകള്‍, റബ്ബര്‍, പിന്നുകള്‍ തുടങ്ങി വയറ്റിലേക്കെത്തുന്ന ദഹിക്കാന്‍ കഴിവില്ലാത്ത ഏതു വസ്തുവും ദഹന പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കാം. കൊച്ചു കുട്ടികളാണ് ഇത്തരം അബദ്ധങ്ങള്‍ പലപ്പോഴും കാണിക്കുന്നത്. കുട്ടികളുടെ വായിലെ ദുര്‍ഗന്ധം മാറ്റാനും, ബലൂണ്‍ പോലെ ഊതി വീർപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിനുമായി പണ്ടു മുതൽ ച്യൂയിങ് ഗം ഉപയോഗിച്ചിരുന്നതായി ശിശു രോഗ വിദഗ്ധന്‍മാരുടെ അക്കാദമി രേഖപ്പെ ടുത്തിയിട്ടുണ്ട്. വിഴുങ്ങപ്പെടുന്ന ച്യൂയിങ് ഗം അന്നനാളത്തിലേക്കോ, ആമാശയത്തിലേക്കോ എത്തുന്നു. 

അഞ്ചു വയസ് വരെയുള്ള കുട്ടികള്‍ക്ക് ച്യൂയിങ് ഗം വിഴുങ്ങരുതെന്ന അറിവില്ല. ചില സമയം ച്യൂയിങ് ഗം വിഴുങ്ങിയാൽ വളരെ അപകടകരമാകുന്നുണ്ട്. മരക്കറ പോലെ പ്രകൃതിദത്തമായതോ, കൃത്രിമമായതോ ആയ വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ് ഗം നിര്‍മിക്കുന്നത്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കളും , ഫ്ലേവറുകളും നിറങ്ങളും, മധുരവും എല്ലാം ഇതിൽ ചേര്‍ക്കുന്നുമുണ്ട്. ചവയ്ക്കുന്തോറും കൂടുതല്‍ മധുരം ഊറി വരുന്നതിനു വേണ്ടി കലോറി പ്രദാനം ചെയ്യുന്ന പഞ്ചസാര ധാരാളമായി ഇതിൽ ചേര്‍ക്കുന്നുണ്ട്. ഈ മധുരത്തിനെ ആഗിരണം ചെയ്യാന്‍ മനുഷ്യ ശരീരത്തിന് സാധിക്കും. 

പശ പോലുള്ള ഈ മരക്കറയെ ദഹിപ്പിക്കാന്‍ മനുഷ്യനിലെ ദഹന പ്രക്രിയക്ക് സാധിക്കില്ല. ദഹന വ്യവസ്ഥയുടെ ചുരുങ്ങിയും, വലിഞ്ഞുമുള്ള ചലനത്തിലൂടെ ഈ പശ അന്ന നാളത്തിലേക്ക് എത്തിച്ചേരും. ഈ പശയുടെ പിന്നീടുള്ള യാത്ര മലവിസര്‍ജനത്തിലൂടെ അവസാനിക്കുകയും ചെയ്യും. ച്യൂയിങ് ഗം ചവയ്ക്കുന്നത് പല്ലുകള്‍ക്ക് ഏറെ നേരം പണി കൊടുക്കുന്ന കാര്യമാണ്. മധുരമില്ലാത്ത ച്യൂയിങ് ഗമ്മുകള്‍ വിരളവുമാണ്. അതുകൊണ്ടുതന്നെ പല്ലുകളിലേക്കും, മോണയിലേക്കും മധുരം ഏറെ നേരം ചെന്നു ചേരുമ്പോള്‍ പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഷുഗര്‍ ഫ്രീ ആണെന്നു പറഞ്ഞു വില്‍ക്കുന്ന ച്യൂയിങ് ഗമില്‍ ചേര്‍ക്കുന്നത് സോർബിടോള്‍ ആണ്. ഇത് കുട്ടികളില്‍ വയറിളക്കത്തിന് കാരണമാകുന്നു. കറുവപ്പട്ടയുടെ രുചി തോന്നിപ്പിക്കുന്ന ച്യൂയിങ് ഗം ചവയ്ക്കുമ്പോള്‍ സുഗന്ധത്തോടൊപ്പം ചെറിയ എരിച്ചില്‍ കൂടി അനുഭവപ്പെടുന്നത് ഇതിനാലാണ്. ഇത് ചവയ്ക്കുന്നത് വായില്‍ വരകള്‍ വീഴുന്നതിനു ഇടയാക്കുന്നുണ്ട്. എത്ര ഷുഗര്‍ ഫ്രീ ആയാലും ച്യൂയിങ് ഗം പല്ലില്‍ ഒട്ടിപ്പിടിക്കുക തന്നെ ചെയ്യും. മുതിര്‍ന്നവരില്‍ ച്യൂയിങ് ഗം ശീലമാക്കിയവര്‍ ദിവസം രണ്ടില്‍ കൂടുതല്‍ ച്യൂയിങ് ഗം ചവക്കാതിരിക്കുക. 

ചവച്ചതു വിഴുങ്ങാതെ കടലാസിലോ, ഇലയിലോ ചുരുട്ടി പുറത്തു കളയുക. മറ്റുള്ളവര്‍ തുപ്പിയ ച്യൂയിങ് ഗം നമ്മുടെ ചെരുപ്പിലോ, കയ്യിലോ, വണ്ടിയുടെ ടയറിലോ ഒക്കെ ഒട്ടി പിടിക്കുന്നത് ഏറ്റവും അറപ്പ് ഉളവാക്കുന്ന കാര്യമാണ്. വലിച്ചു നീട്ടാവുന്നതും, കട്ടിയുള്ളതുമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ്ഗമിലെ പശ നിര്‍മിക്കുന്നത്. ഭക്ഷണ പദാർഥങ്ങള്‍ പോലെ എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റുന്ന വിധത്തിലല്ല ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ച്യൂയിങ് ഗം പോലുള്ള ഏതൊരു വസ്തുവും തൊണ്ടയ്ക്കുള്ളില്‍ കുടുങ്ങിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധർ പ്രസ്താവിച്ചിട്ടുണ്ട്. 

ഷുഗര്‍ ച്യൂയിങ്ഗത്തിൽ ചേര്‍ക്കുന്ന സോർബി ടോള്‍ ഘടകങ്ങള്‍ ചെറിയ അളവില്‍ ശരീരത്തില്‍ ചെന്നതുകൊണ്ട് ദഹനപ്രക്രിയക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാല്‍ വളരെ കൂടിയ അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ അതിസാരത്തിന് ഇടയാക്കും. ച്യൂയിങ് ഗം വിഴുങ്ങിയാല്‍ അത് ദഹിക്കാതെ കിടന്ന് ചിലര്‍ക്ക് മലബന്ധത്തിന് ഇടയാക്കുമെന്നും സംഘടന പറയുന്നു. കുട്ടികള്‍ ച്യൂയിങ് ഗം ചവച്ചു കഴിഞ്ഞാല്‍ തുപ്പാന്‍ മറന്നു പോകാനും അബദ്ധത്തില്‍ വിഴുങ്ങാനും ഇടയുണ്ട്. മിഠായിയും ച്യൂയിങ് ഗമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകുന്ന പ്രായത്തില്‍ മാത്രമേ കുട്ടികള്‍ക്ക് ച്യൂയിങ് ഗം കൊടുക്കാവൂ'.

കുട്ടികളുടെ ച്യൂയിങ് ഗം  ഉപയോഗത്തിനും മറ്റ് എന്തിനെയും പോലെ ഒരു ബോധവത്ക്കരണം രക്ഷിതാക്കളുടെ ഇടയിൽ നിന്നും അധ്യാപകരുടെ ഇടയിൽ നിന്നും ആവശ്യമാണ്. മദ്യം, പുകവലി, മയക്കുമരുന്ന് പോലെ ഇതും ഇപ്പോൾ വിദ്യാർത്ഥികളുടെ ഇടയിൽ പടർന്നുകൊണ്ടിരിക്കുന്നു. എൽ.പി സ്‌കൂൾ പഠിക്കുന്ന കുട്ടികൾ വരെ ച്യൂയിങ് ഗമ്മിന്റെ ആരാധകർ ആണെന്ന് കേൾക്കുമ്പോൾ അതിൻ്റെ സ്വാധീനം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാകും. ഈ ലേഖനം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ എല്ലാവർക്കും ഒത്തുചേരാം.

#childsafety #parentingtips #healthhazards #chewinggum #dentalcare #digestivehealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia