Aspirin | ദിവസേന ആസ്പിരിൻ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി പുതിയ പഠനം 

 

 
Daily aspirin


മിക്കവരും മരുന്നുപയോഗിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം

ന്യൂഡെൽഹി: (KVARTHA) ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയാൻ 18.5 ദശലക്ഷത്തോളം വരുന്ന പ്രായമായവർ പതിവായി ആസ്പിരിൻ വേദനസംഹാരി കഴിക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന പ്രവണതയാണ് ഇതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അന്നൽസ് ഓഫ് ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, അമേരിക്കയിലുടനീളമുള്ള 186,000 ലധികം മുതിർന്നവരുടെ വിവരങ്ങൾ പരിശോധിച്ചു. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ മൂന്നിലൊന്ന് പേരും 2021-ൽ ആസ്പിരിൻ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. അത്തരം രോഗികൾക്ക് സാധാരണയായി ഈ മരുന്ന് ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് ദഹനനാളത്തിൽ  രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും. 

ഈ ഉപയോഗത്തിൽ ചിലത് ഹാനികരമായേക്കാം, കാരണം ഇത് ഹൃദയത്തിന് സംരക്ഷണം നൽകുന്നതിനേക്കാൾ രക്തസ്രാവം ഉണ്ടാകുന്നതിനാണ് വഴിയൊരുക്കുക എന്നും പഠനത്തിൻ്റെ രചയിതാവും, ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ മുതിർന്ന റസിഡൻ്റ് ഫിസിഷ്യനുമായ ഡോ. മോഹക് ഗുപ്ത പറഞ്ഞു. 

ആസ്പിരിൻ കൊണ്ട് യാതൊരു ഉപയോഗവും ഇല്ലാത്ത നിരവധി രോഗികൾ പോലും ഇപ്പോഴും അത് കഴിക്കുന്നുണ്ടെന്നും പല കേസുകളിലും ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് ഇതെന്നും മൗണ്ട് സിനായ് ഫസ്റ്റർ ഹാർട്ട് ഹോസ്പിറ്റൽ പ്രസിഡൻ്റും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ഡോ. വാലൻ്റൈൻ ഫസ്റ്റർ അഭിപ്രായപ്പെട്ടു.

ആരാണ് ദിവസേന ആസ്പിരിൻ കഴിക്കേണ്ടത്?

രക്തത്തെ നേർപ്പിക്കുകയാണ് ആസ്പിരിൻ്റെ ധർമം. ഇത് വഴി രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയുന്നു. ധമനികളിലെ തടസങ്ങളെ നീക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക് ഒഴിവാക്കുകയും ചെയ്യും. വർഷങ്ങളോളം, ഹൃദ്രോഗം തടയാൻ ആസ്പിരിൻ കുറഞ്ഞ അളവിൽ കഴിക്കാൻ ആണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

എന്നാൽ അടുത്ത കാലത്തായി ആ രീതി മാറാൻ തുടങ്ങി. 2019-ൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും 70 വയസിനു മുകളിലുള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആസ്പിരിൻ പതിവായി ഉപയോഗിക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചു. 2022-ൽ, യുഎസ് പ്രിവൻ്റീവ് സർവീസസ് ടാസ്‌ക് ഫോഴ്‌സ് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ ഈ മരുന്ന് യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് നിർദേശിച്ചു. 

ആമാശയ രക്തസ്രാവത്തിനുള്ള സാധ്യതയുള്ള രോഗികളിൽ, ഇത് ഉപയോഗിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് 60 വയസും അതിൽ കൂടുതലുമുള്ളവരിൽ അല്ലെങ്കിൽ ഇതിനകം തന്നെ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ രക്തസ്രാവത്തിന് സാധ്യതയുള്ളവരിൽ അപകടമുണ്ടാക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു.

മുമ്പ് ഹൃദയാഘാതം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദ്രോഗം കണ്ടെത്തിയവരുൾപ്പെടെ, ചില വിഭാഗത്തിലുള്ള രോഗികൾക്ക്, ഇപ്പോഴും ദിവസേനയുള്ള ആസ്പിരിൻ പ്രയോജനപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ, മരുന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയും. 

അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി അല്ലെങ്കിൽ മറ്റ് അപകട ഘടകങ്ങൾ എന്നിവ കാരണം ഹൃദ്രോഗ സാധ്യത കൂടുതലുള്ള 40 നും 59 നും ഇടയിൽ പ്രായമുള്ള ആളുകൾക്കും മരുന്ന് അനുയോജ്യമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആസ്പിരിൻ ഫാർമസികളിൽ ലഭ്യമാണെങ്കിലും, മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യാവശ്യമായ കാര്യമാണെന്നും, മരുന്നുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഒരിക്കലും രോഗികൾ സ്വയം എടുക്കാൻ പാടില്ലെന്നും ഡോ. ഗുപ്ത ഓർമപ്പെടുത്തുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia