കോവിഡ് നിസാരരോഗമല്ല; തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തുക, എം ബി രാജേഷിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 07.12.2020) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ 10 ദിവസം കഴിയേണ്ടി വന്ന സിപിഎം നേതാവും ലോക്‌സഭയിലെ മുന്‍ പാര്‍ലമെന്റ് അംഗവുമായ എം ബി രാജേഷിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. കേരള സര്‍കാരിന്റെ കരുതലും ആരോഗ്യ രംഗത്തുള്ളവരുടെ സ്‌നേഹപൂര്‍ണമായ പരിചണവും തനിക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചു എന്നാണ് എം ബി രാജേഷ് പറയുന്നത്. കോവിഡ് എന്ന മഹാമാരി നിസാരരോഗമല്ലെന്നും അത് വന്നു കഴിഞ്ഞാല്‍ ചികിത്സ തേടാനും രോഗമുക്തി വന്നാല്‍ മതിയായ വിശ്രമം ഉറപ്പാക്കാനും വീഴ്ച വരുത്തരുതെന്നും രാജേഷ് തന്റെ അനുഭവത്തില്‍ നിന്ന് അറിയിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഫേസ്ബുകില്‍ വ്യക്തമാക്കുന്നു. 
Aster mims 04/11/2022

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം; 

ഒരുപാടു പേര്‍ ആരോഗ്യസ്ഥിതി അന്വേഷിക്കുകയുണ്ടായി. കോവിഡിനൊപ്പം ന്യുമോണിയ കൂടി വന്നതിനാല്‍ 10 ദിവസം ആശുപത്രിവാസം വേണ്ടിവന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമവും മരുന്നും തുടരുന്നു. ചുരുങ്ങിയത് ഡിസംബര്‍ 15 വരെ തുടരേണ്ടി വരും. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ക്കായി  അനേകം സഖാക്കള്‍ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്യുന്നുണ്ട്. തല്‍ക്കാലം അധികം ആയാസമെടുക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഫോണ്‍ സംഭാഷണം പോലും വളരെ അത്യാവശ്യമേ നടത്താവു എന്നാണ് നിര്‍ദ്ദേശം. അതിനാല്‍ എല്ലാവരും ക്ഷമിക്കുമല്ലോ.

കോവിഡ് നിസാരരോഗമല്ല; തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തുക, എം ബി രാജേഷിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു


രോഗബാധിതനായി ആശുപത്രിയില്‍ കിടന്നത് ജീവിതത്തിലാദ്യമായിട്ടായിരുന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് പല ആശുപത്രികളിലും മുമ്പ് കിടന്നിട്ടുണ്ടെങ്കിലും. രണ്ടും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. നവംബര്‍ 14, 15 തീയതികളില്‍ തന്നെ കടുത്ത ക്ഷീണവും ശരീരവേദനയും തോന്നിയിരുന്നു. വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും സ്വയം ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയതുകൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുമാണെന്നേ കരുതിയുള്ളൂ. എന്നാല്‍ 15 ന് രാത്രി കടുത്ത വിറയലും പനിയും അനുഭവപ്പെട്ടു. 16 ന് ആന്റിജന്‍ ചെയ്തപ്പോള്‍ തന്നെ പോസിറ്റീവായി. 

തൊട്ടടുത്ത ദിവസങ്ങളില്‍ നിനിതയും രണ്ടു മക്കളും കൂടി പോസിറ്റീവായി. ഭാഗ്യത്തിന് അവര്‍ക്കാര്‍ക്കും കടുത്ത പ്രശ്‌നങ്ങളുണ്ടായില്ല. ഞങ്ങള്‍ നാലു ദിവസം വീട്ടില്‍ തുടര്‍ന്നു. കടുത്ത ക്ഷീണം. എങ്കിലും രുചി നഷ്ടമാവാത്തതിനാല്‍ നന്നായി ഭക്ഷണം കഴിക്കാനാവുന്നത് ആശ്വാസമായി. 20ന് രാത്രി എനിക്ക് പനി കടുത്തു. ഓക്‌സി മീറ്ററില്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയാന്‍ തുടങ്ങി. 94ല്‍ താഴെയായാല്‍ ആശുപത്രിയിലെത്തി ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കൊടുമ്പ് PHC യിലെ ഡോ.രശ്മി ഫോണില്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. 

ഡോക്ടറും ആശാ വര്‍ക്കറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കൃത്യമായ ഇടവേളകളില്‍ എല്ലാവരുടേയും വിവരങ്ങള്‍ ഫോണില്‍ അന്വോഷിച്ചു കൊണ്ടിരുന്നു. ആരോഗ്യ പ്രവര്‍ത്തകന്‍ ശിവന്‍ പി പി ഇ കിറ്റ് ധരിച്ച് വീട്ടിലെത്തി രക്തവും രക്തസമ്മര്‍ദ്ദവും പരിശോധിച്ചു കൊണ്ടിരുന്നു. സര്‍കാര്‍ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും കരുതലും നേരിട്ട് അനുഭവിച്ചറിഞ്ഞ ദിവസങ്ങള്‍. ഓക്‌സിജന്‍ റീഡിങ്ങ് ഡോ. രശ്മിക്കും ജില്ലാ ആശുപത്രിയിലെ കോ വിഡ് നോഡല്‍ ഓഫീസര്‍ ഡോ.സോനക്കും നിരീക്ഷിക്കാനായി തുടര്‍ച്ചയായി വാട്‌സ്ആപില്‍ അയച്ചു കൊണ്ടിരുന്നു. 

ഒരു പോള കണ്ണടക്കാത്ത രാത്രിക്കു ശേഷം പുലര്‍ച്ചെയായപ്പോഴേക്കും ഓക്‌സിജന്‍ 89 ലെത്തി. രാവിലെത്തന്നെ ഡോക്ടര്‍ ആംബുലന്‍സയച്ച് ജില്ലാ ആശുപത്രിയിലേക്ക് എന്നെ മാറ്റി. ഉടന്‍ സി ടി സ്‌കാന്‍ എടുത്തു. ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി. റെം ഡിസീവര്‍ എന്ന മരുന്നു നല്‍കാന്‍ ഡോക്ടര്‍ രേഖാമൂലം സമ്മതം തേടി. ഫ്രണ്ട് ലൈനിലും മറ്റും മരുന്നിനെക്കുറിച്ച് വായിച്ചതിന്റെ ആശങ്കയുണ്ടായിരുന്നു. ഡോക്ടറും മരുന്നിന്റെ പാര്‍ശ്വഫല സാദ്ധ്യതകളെക്കുറിച്ച് അറിയിച്ചു. എങ്കിലും പേടിക്കാനില്ലെന്നു പറഞ്ഞു. ഞാന്‍ ഒപ്പിട്ടു കൊടുത്തു. 

മറ്റ് സ്റ്റിറോയ്ഡുകളും കുത്തിവെക്കാന്‍ തുടങ്ങി. ഒരു അനുബന്ധ രോഗവും- പ്രത്യേകിച്ച് പ്രമേഹം- അതുവരെ ഇല്ലാതിരുന്ന എന്റെ ഷുഗര്‍ ലെവല്‍ ഒറ്റയടിക്ക് 74ല്‍ നിന്ന് 574 ലേക്ക് കുതിച്ചുയര്‍ന്നു! (ഇപ്പോള്‍ പഴയ നിലയിലെത്തിയിട്ടുണ്ട്) പിന്നെ തുടര്‍ച്ചയായി ഇന്‍സുലിന്‍. നിരന്തര പരിശോധന. രണ്ട് കൈകളിലും നിറയെ സിറിഞ്ച് കുത്തിയ അടയാളങ്ങള്‍. പല ദിവസങ്ങളിലും അര്‍ദ്ധബോധാവസ്ഥയില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. 

ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു തന്നെയിരുന്നു. ഒടുവില്‍ ഓക്‌സിജന്‍ സിലിണ്ടറുകളെത്തി. നാല് ദിവസം ശ്വസനം പൂര്‍ണ്ണമായും ഓക്‌സിജന്‍ സഹായത്തില്‍. ഓക്‌സിജന്‍ ട്യൂബും ഡ്രിപ്പുമെല്ലാമായി ബന്ധനസ്ഥനായ നിലയില്‍ ഞാന്‍ കിടന്നു. ആ കിടപ്പില്‍ ഞാന്‍ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തു. അല്പം ആശ്വാസം വന്നപ്പോള്‍  ഇനി വേണമെങ്കില്‍ ഓക്‌സിജന്‍ ഒഴിവാക്കാമെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. 

ഒഴിവാക്കിയാല്‍ ഈ ആശ്വാസം ഉണ്ടാവില്ലെന്നും തുടരണമെന്നും ഡോക്ടര്‍. ആവശ്യത്തിന്ന് സിലിണ്ടറുണ്ടാവുമോ എന്ന് ആശങ്കപ്പെട്ട എന്നോട് സോന ഡോക്ടര്‍ പറഞ്ഞു- 'ഒരു ക്ഷാമവുമില്ല; അതൊക്കെ ധാരാളമുണ്ട്. ' ഓരോ അര്‍ദ്ധരാത്രിയും ഷിഫ്റ്റിനെത്തുന്ന ലിയോ ചേട്ടനാണ് 7000 ലിറ്ററിന്റെ സിലിണ്ടര്‍ മുറിയിലെത്തിക്കുക. അത്രയും വലിയ സിലിണ്ടര്‍ അദ്ദേഹത്തിനു മാത്രമേ കൊണ്ടെത്തിക്കാനാവു. പകുതിബോധത്തില്‍ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും തളര്‍ച്ച കാരണം ലിയോ ചേട്ടനോട് ഒരു വാക്ക് മിണ്ടാന്‍ പോലുമായില്ല. ഓക്‌സിജന്‍ വിഭാഗത്തിലെ അജിതിന്റെ സേവനവും അതുപോലെ വിലപ്പെട്ടത്. 

ഡോ. സോനയുടെ നേതൃത്വത്തില്‍ ഡോ. അശ്വിന്‍, മെഡിക്കല്‍ കോളേജിലെ ഡോ. ശ്രീറാം, ജില്ലാ ആശുപത്രിയിലെ ഡോ. കാജല്‍, ഡോ. അശ്വതി, ഡോ. ലംന എന്നിരാണ് എന്നെ ചികിത്സിച്ചത്. ഒപ്പം പല ഷിഫ്റ്റിലായി ജോലി ചെയ്ത നഴ്‌സുമാരുടെ വലിയൊരു സംഘവും. പട്ടിക നീണ്ടതായതിനാല്‍ ഓരോരുത്തരുടേയും പേര് പറയുന്നില്ല. പക്ഷേ ഈ സംഘത്തിന്റെ സമര്‍പ്പിതവും ആത്മാര്‍ത്ഥവുമായ സേവനത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്കു മാത്രമല്ല അപ്പുറത്തും ഇപ്പുറത്തുമുള്ള രോഗികള്‍ക്കെല്ലാം സമാനമായ സേവനം അവര്‍ നല്‍കി. 

പടച്ചട്ടയണിഞ്ഞ പടയാളികളെപ്പോലെ പി പി ഇ കിറ്റും ധരിച്ച്, കണ്ണ് പോലും പുറത്തു കാണാത്ത വിധം മണിക്കൂറുകള്‍- രാവും പകലും- ജോലി ചെയ്യുന്ന അവരെ ഞാന്‍ എത്രയോ വട്ടം മനസ്സില്‍ നിശ്ശബ്ദമായി സല്യുട്ട് ചെയ്തു.

നാല് ദിവസം അതികഠിനമായിരുന്നു. രാത്രി മുഴുവന്‍, കോവിഡ് പോസിറ്റീവെങ്കിലും മറ്റ് പ്രശ്‌നങ്ങളില്ലാതിരുന്ന സ്റ്റാഫ് നഴ്‌സ് മാര്‍ട്ടിന്‍ എനിക്ക് കൂട്ടായി ഒപ്പമുണ്ടായി. പകല്‍ പോസിറ്റീവായ എന്റെ ഭാര്യ നിനിത ആശുപത്രിയില്‍ ഒപ്പം നില്‍ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ദിവസങ്ങള്‍ പിന്നിടാന്‍ തുടങ്ങിയപ്പോള്‍ പുറത്തെ സുഹൃത്തുക്കളില്‍ പലര്‍ക്കും ആശങ്ക പടര്‍ന്നു. അവരുടെ ഭാഗത്തു നിന്ന് കൊച്ചിയിലേയോ മറ്റോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഇവിടെ തന്നെ മതി എന്ന ഉറച്ച നിലപാട് ഞാന്‍ തന്നെയാണ് എടുത്തത്. നിനിതയും അതിനൊപ്പം ധൈര്യത്തില്‍ നിന്നു.

ഞങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിബദ്ധതയിലും ആത്മാര്‍ത്ഥതയിലും കഴിവിലും ആഴത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നതു തന്നെ പ്രധാന കാരണം. അവര്‍ പലരും വ്യക്തിപരമായി അടുത്തറിയുന്നവരുമാണ്. സൗകര്യങ്ങള്‍ കൂടുതലുണ്ടാവാമെങ്കിലും ഇത്രയും കരുതലും പരിചരണവും മറ്റൊരു ആശുപത്രിയിലും കിട്ടുക പ്രയാസമാണെന്ന് തോന്നി. അത് ഡോക്ടര്‍മാര്‍ക്കും ബലമായി. നവംബര്‍ 28-ആയപ്പോഴേക്കും ആരോഗ്യ നിലയില്‍ പ്രകടമായ പുരോഗതിയും ആശ്വാസവുമുണ്ടായി. ക്രമേണ കൂടുതല്‍ മെച്ചപ്പെട്ടു.

ശക്തമായ പൊതു ആരോഗ്യ മേഖലയും കാര്യക്ഷമമായ സര്‍ക്കാര്‍ സംവിധാനവും എത്ര പ്രധാനമാണെന്ന എന്റെ ബോദ്ധ്യത്തെ കൂടുതല്‍ ബലപ്പെടുത്തി എന്റെ ചികിത്സാ അനുഭവം. ഇന്ന് രാവിലെ ഡെല്‍ഹിയില്‍ നിന്ന് ഒരു പത്രപ്രവര്‍ത്തക കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാനായി വിളിച്ചിരുന്നു. അക്കൂട്ടത്തില്‍ അവര്‍ പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിച്ചു. ഡല്‍ഹിയിലെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയില്‍ 14 ദിവസം കോവിഡ് വന്ന് അഡ്മിറ്റായ ഒരു രോഗിയുടെ ബില്ല് 40 ലക്ഷമായിരുന്നുവത്രേ മുംബയിലെ ആശുപത്രിയില്‍ 14 ദിവസം ചികിത്സ തേടിയ ഒരു രോഗിയുടെ ബില്ല് 8 ലക്ഷത്രേ. 

ഈ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ 14 ദിവസം കിടന്ന രോഗിയുടെ 8.13 ലക്ഷത്തിന്റെ ബില്ലും അതിനെതിരെ കൊടുത്ത പരാതിയും ഇന്നലെ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി. ഇതിനിടയിലാണ് വളരെ നിസ്സാരമായ ചെലവില്‍ ഞാന്‍ 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗമുക്തനായി വീട്ടില്‍ തിരിച്ചെത്തുന്നത്! 

നോക്കൂ, കേരളത്തിന് പുറത്തായിരുന്നെങ്കിലോ? ഇവിടെ തന്നെ സര്‍കാര്‍ ആശുപത്രിയില്‍ അല്ലായിരുന്നെങ്കിലോ? സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സൗകര്യങ്ങളുള്ള എന്നെപ്പോലൊരു ഇടത്തരക്കാരനു പോലും ചികിത്സാ ചെലവ് താങ്ങാതെ നടുവൊടിഞ്ഞു പോകുമായിരുന്നു. ഞാനും വിരമിച്ച സൈനികനായ എന്റെ അച്ഛനും അധ്യാപകരായ എന്റെ ഭാര്യയും സഹോദരിയുമെല്ലാം ഒരു മാസത്തെ ഞങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. അതിന്റെ മൂല്യത്തേക്കാള്‍ വലിയ, വിലമതിക്കാനാവാത്ത സേവനം എനിക്ക് സര്‍കാരില്‍ നിന്ന് തിരിച്ചു കിട്ടി. 

ഇത് എന്റെ അനുഭവസാക്ഷ്യമാണ്. എന്നെപ്പോലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിച്ച അനേകായിരങ്ങളുടേയും. സര്‍കാര്‍ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്. ആ വാക്കുകള്‍ ഇന്ന് എന്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു. കേരളത്തിലായതില്‍ ഞാന്‍ അഭിമാനിക്കുകയും ആ സുരക്ഷിതത്വത്തില്‍ ആശ്വസിക്കുകയും ചെയ്യുന്നു. ആരോഗ്യ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായി ഞങ്ങള്‍ നയിച്ച പോരാട്ടങ്ങള്‍ എത്ര ശരിയായിരുന്നുവെന്ന് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കട്ടെ.. കേരളം എങ്ങിനെ ജീവിക്കുന്ന ബദലാണെന്ന് അനുഭവത്തെ മുന്‍നിര്‍ത്തി നിങ്ങളോട് ഉറക്കെ പറയട്ടെ.

അവസാനമായി ഒരു കാര്യം കൂടി. രോഗാവസ്ഥയില്‍ പിന്തുണയും അന്വേഷണങ്ങളുമായി നൂറുകണക്കിനു പേര്‍ വിളിക്കുകയും സന്ദേശങ്ങളയക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ എന്റെ പാര്‍ടി സഖാക്കളും ഇതര പാര്‍ടികളിലെ സുഹൃത്തുക്കളും ജീവിതത്തിന്റെ നാനാതുറകളിലുമുള്ള മനുഷ്യരുണ്ട്. അവരോടെല്ലാം സ്‌നേഹം. മന്ത്രി സ: എ കെ ബാലന്‍ ഞാന്‍ രോഗബാധിതനായ ശേഷം ദൈനംദിനമെന്നോണം എന്നേയും ആശുപത്രി അധികൃതരേയും വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. 

SFI കാലം മുതല്‍ സഹപ്രവര്‍ത്തകനും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പുത്തലത്ത് ദിനേശനും ഈയിടെ കോവിഡിന്റെ കഠിന ദിനങ്ങളിലൂടെ കടന്നുപോയതാണ്. ദിനേശനും ഭാര്യ ഡോ. യമുനയും സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തി നിരന്തരം നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങളും എന്നെ ഏറെ സഹായിച്ചു. 

എണ്‍പത്തിയേഴാമത്തെ വയസ്സിലെ ശാരീരിക അവശതകള്‍ക്കിടയിലും ഉത്കണ്ഠയോടെ എന്റെ രോഗാവസ്ഥ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന പ്രിയ സഖാവ് ശിവദാസമേനോന്റെ കരുതല്‍. കോവിഡ് മുക്തരായ എം  എ ബേബിയുടേയും സി കെ രാജേന്ദ്രന്റേയും ചന്ദ്രേട്ടന്റേയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിരന്തര ജാഗ്രതപ്പെടുത്തലുകള്‍. മറ്റനേകം നേതാക്കളുടേയും സഖാക്കളുടേയും സ്‌നേഹാന്വേഷണങ്ങള്‍. 

രോഗം കടുത്ത ദിവസങ്ങളില്‍ ആരോടും നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫോണിന് പൂര്‍ണ്ണ നിയന്ത്രണമായിരുന്നു. എങ്കിലും വിളികളും സന്ദേശങ്ങളുമെല്ലാം ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചികിത്സക്ക് നേതൃത്വം കൊടുത്ത ഡോ. സോന ഞങ്ങള്‍ക്കെല്ലാം അടുത്തറിയാവുന്ന ഡോക്ടറാണ് എന്നത് വലിയ ധൈര്യമായിരുന്നു. 

ആശുപത്രിവാസം സമ്മാനിച്ച പുതിയ സുഹൃത്താണ് ഡോ. അശ്വിന്‍. അശ്വിന്‍ എന്നെ പുതിയ ഭക്ഷണ ശീലത്തിലേക്കു തന്നെ ഇപ്പോള്‍ നയിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ് ഡ്യൂട്ടി കാരണം ഒറ്റക്ക് താമസിക്കുന്ന അശ്വിന്‍ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ വകയായി എനിക്കു കഴിക്കാന്‍ സാലഡും കാട മുട്ടയും പതിവായി കൊണ്ടുവന്നു. (എന്റെ പതിവു ഭക്ഷണം ആശുപത്രിയില്‍ നല്‍കുന്നതു തന്നെയായിരുന്നു. ഇത് ഡോക്ടറുടെ സ്‌പെഷ്യല്‍) അതുപോലെ മെഡിക്കല്‍ കോളേജിലെ എന്റെ സുഹൃത്തുക്കളായ ഡോ. അഭിയും ഡോ. മോഹന്‍ദാസ് നെച്ചിക്കോട്ടിലും ജില്ലാ ആശുപത്രിയില്‍ തന്നെയുള്ള ഞങ്ങളുടെ കുടുംബ സുഹൃത്ത് ഡോ. ഗീതച്ചേച്ചിയും നല്‍കിയ ബലവും വിലപ്പെട്ടതാണ്. 

ഈ ദിവസങ്ങളെ ഉണര്‍വ്വുള്ളതാക്കാന്‍ കുമാര്‍ ഗന്ധര്‍വ്വയും ബഡേ ഗുലാം അലി ഖാനും ഹരിപ്രസാദ് ചൗരസ്യയും രബീന്ദ്രസംഗീതവും നല്ല ധാരാളം പുസ്തകങ്ങളുമെല്ലാം അയച്ചു തന്ന പ്രിയപ്പെട്ട ധാരാളം സുഹൃത്തുക്കളുണ്ട്. അവര്‍ക്കെല്ലാം സ്‌നേഹം.

ക്വാറന്റൈന്‍ ദിവസങ്ങളില്‍ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി എത്തിച്ചു തരുന്ന നിനിതയുടെ അമ്മ, നിതിന്‍, എല്ലാ സഹായത്തിനും വിളിപ്പുറത്തുള്ള അയല്‍ക്കാരായ ഗോപിയേട്ടനും ജയന്തിച്ചേച്ചിയും മകള്‍ കാവ്യയും തൊട്ടിപ്പുറത്തുള്ള ജാന്‍സി ആന്റിയും സുധീറും സുധീഷുമൊക്കെ നല്‍കുന്ന സഹായങ്ങളും പിന്തുണയും വാക്കുകള്‍ക്കതീതമാണ്.

ഞാനീ സന്ദര്‍ഭത്തില്‍ സഖാക്കള്‍ പി ബിജുവിനേയും എം നാരായണനേയും ഓര്‍ക്കുന്നു. രോഗം സങ്കീര്‍ണ്ണമായപ്പോള്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉടന്‍ ചികിത്സ തേടാന്‍ എന്നെ പ്രേരിപ്പിച്ചത് അവരുടെ അപ്രതീക്ഷിത മരണങ്ങളാണ്. കോവിഡ് അപ്രവചനീയമായ സ്വഭാവമുള്ള രോഗമാണ്. ആദ്യത്തെ ഏഴെട്ടു മാസം തികഞ്ഞ ജാഗ്രത എനിക്കുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു ആരോഗ്യ പ്രശ്‌നവുമില്ലാത്ത, പൂര്‍ണ്ണ ആരോഗ്യവാനായ എന്നെ കോവിഡിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല എന്ന തെറ്റായ ആത്മവിശ്വാസം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എങ്ങിനെയോ വളര്‍ന്നു വന്നിരുന്നു. തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയതോടെ എന്റെ ജാഗ്രതയില്‍ അയവുണ്ടായി. അതിന്റെ പ്രത്യാഘാതമായിരുന്നു കോവിഡും ന്യൂമോണിയയും ബാധിച്ചത്.

അതുകൊണ്ട് ഇതുവരെ രോഗം വരാത്തവര്‍ ഇനി വരാതിരിക്കാന്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളുടേയും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും. രോഗം ബാധിച്ചാല്‍ ഉദാസീനതയരുത്. ആവശ്യമെങ്കില്‍ ചികിത്സ തേടാനും രോഗമുക്തി വന്നാല്‍ മതിയായ വിശ്രമം ഉറപ്പാക്കാനും വീഴ്ച വരുത്തരുത്. അതിനു വേണ്ടി അല്പ ദിവസം മാറി നിന്നാല്‍ ആകാശം ഇടിഞ്ഞു വീഴില്ല. അതു കൊണ്ട് ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുക. വീണ്ടും പറയട്ടെ കോവിഡ്- 19 നിസാരമായി കാണരുത്.

ഒരുപാടു പേർ ആരോഗ്യസ്ഥിതി അന്വേഷിക്കുകയുണ്ടായി. കോവിഡിനൊപ്പം ന്യുമോണിയ കൂടി വന്നതിനാൽ 10 ദിവസം ആശുപത്രിവാസം വേണ്ടിവന്നു....

Posted by MB Rajesh on  Sunday, 6 December 2020
Keywords:  News, Kerala, State, Kochi, Politics, Facebook, Facebook Post, Social Network, Health, Health & Fitness, COVID-19, Trending, Hospital, Treatment, Govt-Doctors, Election, Covid is not a trivial disease; MB Rajesh's Facebook post goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia