കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റും അണുനാശിനി സ്‌പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍, ചേംബറുകള്‍ എന്നിവ അശാസ്ത്രീയവും പാഴ് ചിലവുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 12.04.2020) കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റും അണുനാശിനി സ്‌പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍, ചേംബറുകള്‍ എന്നിവ അശാസ്ത്രീയവും പാഴ് ചിലവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചു.

ജില്ലാ ഭരണകൂടവും ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതു സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിന്‍ബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റും അണുനാശിനി സ്‌പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍, ചേംബറുകള്‍ എന്നിവ അശാസ്ത്രീയവും പാഴ് ചിലവുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ബാഷ്പം (പുകമഞ്ഞ്) സ്‌പ്രേ ചെയ്യുന്ന തുരങ്കത്തിലൂടെ ഏതാനും സെക്കന്‍ഡ് കടന്നു പോകുന്ന മനുഷ്യര്‍ അണുവിമുക്തരാകുമെന്ന ധാരണയാണ് പരത്തുന്നത്.

ലോകാരോഗ്യ സംഘടന, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (CDC) എന്നിവയുടെ രോഗാണുനാശന മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നത്. അതില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റോ ഹൈഡ്രജന്‍ പെറോക്‌സൈഡോ അണുനാശിനിപ്പുകയ്ക്ക് (Fumigation) ഉപയോഗിക്കാമെന്ന് എവിടെയും പറയുന്നില്ല.

ആശുപത്രികളിലെ മേശ, ഉപകരണങ്ങള്‍, തറ എന്നിവ ശുചീകരിക്കുന്നതിന് ഹൈപ്പോക്ലോറൈറ്റ് ലായനിയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ വൈറസുകള്‍ കൈകാര്യം ചെയ്യുന്ന ലാബുകളിലോ നമ്മുടെ ആശുപത്രികളിലെ ഓപ്പറേഷന്‍ തിയറ്ററുകളിലോ ഇത് അണുനാശനത്തിനായി പരീക്ഷിക്കപ്പെടുന്നില്ല.

രോഗപ്പകര്‍ച്ചക്ക് പ്രധാനഹേതുവായ ഉള്ളങ്കയ്യിലെ വൈറസുകളെ ഇത്തരത്തിലുള്ള മാര്‍ഗം നശിപ്പിക്കുമെന്ന് കരുതാന്‍ വയ്യ. അതിന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയോ വേണം. ശ്വാസകോശനാളികളിലുള്ള വൈറസുകളാണ് യഥാര്‍ത്ഥ അപകടം. അവ മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ മാസ്‌ക് തന്നെ ഉപയോഗിക്കണം. തുരങ്കങ്ങള്‍ ഇതു രണ്ടിനെയും പ്രതിരോധിക്കുന്നില്ല.

ആളുകളുടെ ശ്രദ്ധ മേല്‍പറഞ്ഞ കൂടുതല്‍ പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറുന്നതിനും തുരങ്കത്തില്‍ കയറി എന്ന കാരണത്താല്‍ തെറ്റായ ഒരു സുരക്ഷിതത്വബോധം ഉണ്ടാകുന്നതിനും അത് ആളുകളുമായി കരുതലില്ലാതെ ഇടപഴകുന്നതിനും കാരണമാകും.

വൈറസിനെ ചെറുക്കുന്നതിന് ഏതൊരു രാസവസ്തുവിനും നിശ്ചിതസമയം (Contact time) വേണം. അതിനാല്‍ പ്രതലങ്ങളിലും അചേതന വസ്തുക്കളിലും ഉള്ള വൈറസുകളെ നശിപ്പിക്കാന്‍ പോലും തുരങ്കങ്ങള്‍ പര്യാപ്തമാകില്ല.

തുരങ്കങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ്, ക്ലോറിന്‍ തുടങ്ങിയവ മനുഷ്യന്റെ ത്വക്കിനും കണ്ണിനും അലര്‍ജി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടിയ അളവില്‍ ശ്വാസകോശത്തില്‍ എത്തിയാല്‍ ന്യൂമോണിയ, പള്‍മണറി എഡീമ, എ ആര്‍ ഡി എസ് എന്നിവയ്ക്ക് കാരണമാകാം. ശ്വാസംമുട്ടുള്ള രോഗികള്‍ക്ക് രോഗം മൂര്‍ഛിക്കുന്നതിന് ഇതിടയാക്കും.

മാത്രമല്ല കൊറോണ രോഗികളാണ് ടണലില്‍ കൂടി പോകുന്നതെങ്കില്‍ ശ്വാസകോശത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് രോഗം വഷളാകാനിടയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം അണുനാശിനികള്‍ മനുഷ്യശരീരത്തില്‍ നേരിട്ട് ഉപയോഗിക്കരുത്.

കൊവിഡ് പ്രതിരോധത്തിന് ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, അത്യാവശ്യമായി പുറത്തിറങ്ങേണ്ടി വന്നാല്‍ തുണിമാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ജനങ്ങള്‍ ശീലമാക്കുകയാണ് വേണ്ടത്.

ദക്ഷിണേന്ത്യയില്‍ ആദ്യമായി തിരുപ്പൂരിലാണ് ഇത്തരം കവാടം സ്ഥാപിച്ചത്. ദോഷമുണ്ടാകാനിടയുണ്ടെന്ന് കണ്ടതോടെ ഇത് എടുത്തുമാറ്റാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

രോഗപ്രതിരോധത്തെ കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്തുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും അപകടസാധ്യതയും സാമ്പത്തിക ചെലവുമുണ്ടാക്കുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കണമെന്നും അതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഭാരവാഹികളായ എ പി മുരളീധരന്‍, കെ രാധന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Corona virus: Sathra Sahithya Parishad against tunnels, Kannur, News, Health, Health & Fitness, Allegation, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia