Announcement | ഒക്ടോബര്‍ 17 ലോക ട്രോമ ദിനം: സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും യാഥാര്‍ഥ്യമാക്കും; നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്

 
Comprehensive Trauma Care System to be Established in All Districts
Comprehensive Trauma Care System to be Established in All Districts

Photo credit: Facebook / Veena George

● സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ട്രോമ കെയര്‍ സംവിധാനം ഒരുക്കുന്നു
● അവശേഷിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 2 സംവിധാനത്തിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു
● ആദ്യത്തെ മണിക്കൂറിനുള്ളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ പദ്ധതികള്‍

തിരുവനന്തപുരം: (KVARTHA) സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ കൂടി ട്രോമ കെയര്‍ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി അറിയിച്ചു. 

അപകടം സംഭവിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ പ്രധാനമാണ്. ആ സുവര്‍ണ നിമിഷങ്ങള്‍ക്കകം അടിയന്തര ചികിത്സ ലഭ്യമാക്കാനായി സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകള്‍ നിശ്ചയിച്ച് കനിവ് 108 ആംബുലന്‍സുകള്‍ പുന:വിന്യസിച്ചു. 

അപകടത്തില്‍ പെടുന്നവര്‍ക്ക് വേഗത്തില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന പാതയോടും ദേശീയ പാതയോടും ബന്ധിപ്പിച്ച് പ്രധാന ആശുപത്രികളില്‍ ട്രോമകെയര്‍ സംവിധാനമൊരുക്കി വരുന്നു. ഒരു രോഗിയെ ആ ആശുപത്രിയില്‍ നിന്നും മറ്റൊരു ഉയര്‍ന്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതിന് റഫറല്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. റഫറല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 1 ട്രോമ കെയര്‍ സംവിധാനവും കൊല്ലം, എറണാകുളം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 2 ട്രോമ കെയര്‍ സംവിധാനവുമാണുള്ളത്. 

ഇടുക്കി, വയനാട്, പത്തനംതിട്ട, കാസര്‍കോട് മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ 2 സംവിധാനം ഒരുക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതുകൂടാതെ ദേശീയ പാതയോടും സംസ്ഥാന പാതയോടും ചേര്‍ന്നുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള 52 തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ട്രോമ കെയര്‍ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജുകളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യമായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചു. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ് തസ്തികള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജുകളിലെ അത്യാഹിത വിഭാഗത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്.

മികച്ച ട്രോമ കെയറിന് മികച്ച പരിശീലനം ഏറ്റവും അത്യാവശ്യമാണ്. ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്റര്‍ (എ.ടി.ഇ.എല്‍.സി.) സ്ഥാപിച്ചു. ഇതിനോടകം 25,000ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

#TraumaCare #KeralaHealth #EmergencyServices #AccidentCare #VeenaGeorge #MedicalInfrastructure

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia