മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരികയിലേക്ക്; മയോ ക്ലിനികിലെ ചികിത്സയ്ക്കായി ഈ മാസം 23 ന് യാത്ര തിരിക്കും

 



തിരുവനന്തപുരം: (www.kvartha.com) മയോ ക്ലിനികിലെ തുടര്‍ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരികയിലേക്ക് പോകുന്നു. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരികയിലേക്ക് പുറപ്പെടും എന്നാണ് വിവരം. ഇതിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കി.

യാത്രയില്‍ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളില്‍ വിശദീകരണം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഭാര്യ കമല അദ്ദേഹത്തെ അമേരികയിലേക്ക് അനുഗമിച്ചിരുന്നു. 

മേയ് 20 ന് സര്‍കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വര്‍ഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരികയിലായിരുന്നു.

അതിനിടെ അമേരികയിലെ മയോ ക്ലിനികിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്ന് കാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പിച്ച് പുതുക്കി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം.

ജനുവരി 11 മുതല്‍ 26 വരെ അമേരികയിലെ മയോ ക്ലിനികില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലാണ് നടപടിക്രമങ്ങളില്‍ പാളിച്ചയുണ്ടായത്. മാര്‍ച് 30ന്  മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.  തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. ഇത് സ്വാഭാവികമാണ്. 

എന്നാല്‍ ഇതിന് പിന്നാലെയാണ് തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം. ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരികയിലേക്ക്; മയോ ക്ലിനികിലെ ചികിത്സയ്ക്കായി ഈ മാസം 23 ന് യാത്ര തിരിക്കും


തുക ലഭിക്കാനായി ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നല്‍കിയിരുന്നത്. ഈ അപേക്ഷയില്‍  അധിക തുക വാങ്ങിയത് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്‌കര്‍ഷയാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രടറി പുതിയ അപേക്ഷ സമര്‍പിക്കും. പിന്നീട് തുക നല്‍കാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരികന്‍ യാത്രയ്ക്കായി ചെലവായത്. 

Keywords:  News, Kerala, State, Thiruvananthapuram, America, Pinarayi-Vijayan, Health, Health & Fitness, CM, Top-Headlines, CM Pinarayi leaving to America again 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia