Cooking Oil | വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും! പാചക എണ്ണ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
Cooking Oil


* ശുദ്ധമായ എണ്ണ തിരഞ്ഞെടുക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാൻ സഹായിക്കും

 

ന്യൂഡെൽഹി: (KVARTHA) ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് പാചക എണ്ണ.  എന്നാൽ, വൃക്കകളുടെ ആരോഗ്യം ഉൾപ്പടെ, നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഘടകങ്ങൾ ചില പാചക എണ്ണകളിൽ അടങ്ങിയിട്ടുണ്ട്. ഏതൊക്കെ കാര്യങ്ങളാണ് നാം എണ്ണ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് അറിയാം.

ദോഷകരമായ മലിനീകരണവസ്തുക്കൾ 

പാചക എണ്ണകളിൽ കാണപ്പെടുന്ന രണ്ട് ദോഷകരമായ മലിനീകരണവസ്തുക്കളാണ് ഗ്ലൈസിഡോൾ എസ്റ്ററുകളും (GE) 3-മോണോക്ലോറോപ്രോപെയ്ൻ ഡയോളും (3-MCPD). എണ്ണകൾ ശുദ്ധീകരിക്കുന്ന പ്രക്രിയയിൽ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളിലൂടെയാണ് ഇവ രൂപപ്പെടുന്നത്. മൃഗ പരീക്ഷണങ്ങളിൽ, 3-മോണോക്ലോറോപ്രോപെയ്ൻ കരൾ, വൃക്ക തകരാറുകൾ, ക്യാൻസർ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഗ്ലൈസിഡോൾ എസ്റ്ററുകൾ ഡിഎൻഎയെ നശിപ്പിക്കാനും കാൻസറിന് കാരണമാകാനും സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഈ ഘടകങ്ങളുടെ അളവ്‌ നിയന്ത്രിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിൽ 3-മോണോക്ലോറോപ്രോപെയ്ൻ ഡയോളിനും  ജിഇയ്ക്കും നിലവിൽ നിയന്ത്രണങ്ങൾ ഇല്ല.

'ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും ശുദ്ധീകരിക്കുന്നതിലും ജലാംശം നിലനിർത്തുന്നതിലും ഇലക്ട്രോലൈറ്റ്, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുന്നതിലും വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു.  3-മോണോക്ലോറോപ്രോപെയ്ൻ ഡയോളും ജിഇയും വിഷവസ്തുക്കളാണ്, വൃക്കയാണ് അവയുടെ പ്രധാന ലക്ഷ്യം', ന്യൂഡൽഹിയിലെ വെങ്കിടേശ്വർ ഹോസ്പിറ്റലിലെ നെഫ്രോളജി, വൃക്ക മാറ്റിവയ്ക്കൽ വിഭാഗം അസോസിയേറ്റ് ഡയറക്ടറും ഹെഡുമായ ഡോ.അനുപം റോയ് പറയുന്നു.

വൃക്കാരോഗ്യം സംരക്ഷിക്കാൻ

ശുദ്ധമായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് വൃക്കകളുടെ ആരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാൻ സഹായിക്കും.  കുറച്ച് സമയം ചിലവഴിച്ച് ലേബൽ ശ്രദ്ധിച്ച്  ശരിയായ തിരഞ്ഞെടുപ്പ് നടത്താം. 3-മോണോക്ലോറോപ്രോപെയ്ൻ ഡയോളും ജിഇയും കുറഞ്ഞ എണ്ണകൾ തിരഞ്ഞെടുക്കുക, പാചകം ചെയ്യുമ്പോൾ എണ്ണ കൂടുതൽ ചൂടാക്കാതിരിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നിവയൊക്കെ പ്രധാനമാണ്. വ്യായാമം രക്തസമ്മർദം നിയന്ത്രിക്കാനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഡോക്ടറെ കാണുകയും നിർദേശിക്കുന്ന ചികിത്സ തുടരുകയും ചെയ്യുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia