വന്ധ്യതാ ചികിത്സയിലെ ചൂഷണം: മക്കളില്ലാത്ത ദമ്പതിമാര്‍ രംഗത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വന്ധ്യതാ ചികിത്സയിലെ ചൂഷണം: മക്കളില്ലാത്ത ദമ്പതിമാര്‍ രംഗത്ത്
കോഴിക്കോട്: തട്ടിപ്പുകളുടെ കാലമാണിത്. എന്തിലും ഏതിലും തട്ടിപ്പ്. മക്കളില്ലാത്തവരുടെ സ്വപ്‌നങ്ങളെയും വേദനകളെയും പോലും കച്ചവടക്കണ്ണുകള്‍ മുതലാക്കുന്നു. ഈ തട്ടിപ്പിനെതിരെ അപൂര്‍വമായൊരു കൂട്ടായ്മ ഉയര്‍ന്നു വന്നിരിക്കുകയാണിപ്പോള്‍. വന്ധ്യതാ ചികിത്സയുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ മക്കളില്ലാത്ത ദമ്പതിമാരാണ് സംഘടിച്ചിരിക്കുന്നത്. പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് സംഘടനയുടെ പേര്. വന്ധ്യതാ ചികിത്സയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം

കേരളത്തില്‍ മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയില്‍ കൂണുപോലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ മുളച്ചുപൊന്തുന്നത്. ഇവയില്‍ പലതും പണംതട്ടാനുളള കേന്ദ്രങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുഞ്ഞിക്കാല്‍ കാണുകയെന്ന സ്വപ്‌നത്തിനായി എത്രപണവും മുടക്കാമെന്ന ദമ്പതികളുടെ മാനസികാവസ്ഥയെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്. മറ്റെല്ലാ രോഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. എന്നാല്‍ വന്ധ്യതക്ക് ഇന്ന് വരെ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സ്വകാര്യആശുപത്രികള്‍ക്ക് ചാകരയാണ്. സ്വകാര്യ വന്ധ്യതാ ചികിത്സാ സ്ഥാപനങ്ങള്‍ ലക്ഷങ്ങളാണ് ദമ്പതിമാരില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മക്കളില്ലാത്ത ദമ്പതിമാരുള്ളത് മലപ്പുറം ജില്ലയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മറ്റെല്ലാ വിഭാഗവും സംഘടിച്ച് സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഏറെ ചൂഷണം നേരിടുന്ന മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല. അതുകൊണ്ടാണ് പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി മുക്കം ശശി പറഞ്ഞു.

മക്കളില്ലാത്ത ദമ്പതിമാരെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുക, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്‌ന പരിഹാരത്തിനും ക്ഷേമപദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തുക, വന്ധ്യതാ ചികിത്സക്ക് ആവശ്യമായ സഹായം നല്‍കുക, ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുക, ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, കുട്ടികളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ്-പഞ്ചായത്ത് ഓഫീസില്‍ നിന്ന് നല്‍കുക, അര്‍ഹരായവര്‍ക്ക് യാത്രാ സൗകര്യം നല്‍കുക, ആധുനിക വന്ധ്യതാ ചികിത്സക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, മക്കളില്ലാത്ത ദമ്പതിമാരെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
 പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന് കീഴില്‍ മക്കളില്ലാത്ത ദമ്പതിമാരെ പരമാവധി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണിപ്പോള്‍ ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ ഏരിയാ കണ്‍വെന്‍ഷനുകള്‍  ഇപ്പോള്‍ നടന്നുവരികയാണ്.

Keywords: Health, Infertility clinic, exploitation, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia