ഹെലികോപ്റ്റെര്‍ അപകടം: 80 ശതമാനത്തോളം പൊള്ളലേറ്റ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ തുടരുന്നു
Dec 11, 2021, 14:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗളൂറു: (www.kvartha.com 11.12.2021) ഹെലികോപ്റ്റെര്‍ അപകടത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൈകള്‍ക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിംഗ് തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്.
കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. വിലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബെംഗളൂറിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം, ഹെലികോപ്റ്റെര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം കൂനൂരിലെത്തി അന്വേഷണം തുടങ്ങി. അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്റെറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന കൂനൂര്‍ റെയില്‍പാത എന്നിവിടങ്ങളിലാണ് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം പരിശോധന നടത്തിയത്.
റെയില്‍ പാതയില്‍ നിന്ന് സെകന്‍ഡുകള്‍ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്റ്റെര്‍ തകര്‍ന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും പൂര്‍ത്തിയാക്കി.
തമിഴ്നാട് പൊലീസും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഊട്ടി എഡിഎസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങള്‍ സംയുക്തസേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്രബാബു പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നഞ്ചപ്പസത്രത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് പുതപ്പും വസ്ത്രങ്ങളും നല്കി തമിഴ്നാട് പൊലീസ് ആദരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

