Hypertension | ചെമ്പ് പാത്രത്തിലെ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദം കുറയുമോ? വിശദീകരണവുമായി ആരോഗ്യ വിദഗ്ധര്‍


ന്യൂഡൽഹി: (KVARTHA) ഇന്ന് പല ആളുകളും നേരിടുന്ന ആരോഗ്യ പ്രശന്ങ്ങളിലൊന്നാണ് രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. ലോകത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊരാള്‍ക്ക് ഈ അസുഖം കാണപ്പെടാം. എന്നാല്‍ ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ നിരവധി ചികിത്സാരീതികള്‍ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലിതാ ചെമ്പ് പാത്രത്തിലെ വെള്ളം കുടിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം മാറുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്.
ആയുർവേദിക് ക്യൂയേർസ് (Ayurvedic Cures) എന്ന പേജ് പങ്കിട്ട ഈ പോസ്റ്റ്, ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം സൂക്ഷിക്കുന്നത് രക്തസമ്മര്‍ദ്ദത്തിനുള്ള പ്രതിവിധിയാണെന്ന് നിര്‍ദ്ദേശിക്കുകയാണ്. എന്നാല്‍ ഈ അവകാശവാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം രക്തസമ്മര്‍ദ്ദം എന്താണെന്ന് അറിഞ്ഞിരിക്കണം.
എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദം?
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷനെ ലോകാരോഗ്യ സംഘടന (WHO) നിര്‍വചിച്ചിരിക്കുന്നത് രക്ത സമ്മര്‍ദ്ദം 140/90 (mmHg) അല്ലെങ്കില്‍ അതിലും ഉയര്‍ന്ന അവസ്ഥയാണ്. ഇതൊരു ഒരു സാധാരണ അവസ്ഥയാണ്, എങ്കിലും ചികിത്സിച്ചില്ലെങ്കില്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ജനിതകശാസ്ത്രം, പൊണ്ണത്തടി, ശാരീരിക നിഷ്‌ക്രിയത്വം, വാര്‍ദ്ധക്യം, ഉയര്‍ന്ന സോഡിയമുള്ള ഭക്ഷണക്രമം, അമിതമായ മദ്യപാനം എന്നിവയാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. കുടുംബം പാരമ്പര്യവും പ്രായവും രക്തസമ്മര്‍ദ്ദത്തിനുള്ള കാരണമായി കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം അന്തരീക്ഷ മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ഇതിന് കാരണമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
രക്തസമ്മര്‍ദ്ദത്തില്‍ ചെമ്പിന്റെ പങ്ക്
ഊര്‍ജ ഉല്‍പ്പാദനം, ഇരുമ്പ് ആഗിരണം, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കല്‍ എന്നിങ്ങനെ ശരീരത്തില്‍ നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് ചെമ്പ്. ഇത് ചെറുകുടലിലാണ് ആഗിരണം ചെയ്യപ്പെടുന്നത്. പ്രധാനമായും എല്ലുകളിലും പേശികളിലുമാണ് ഇവ കാണപ്പെടുന്നത്.
ചെമ്പ് പാത്രങ്ങളുടെ ഗുണങ്ങള്‍
പരമ്പരാഗതമായി, ആയുര്‍വേദ വൈദ്യശാസ്ത്രം ചെമ്പ് പാത്രങ്ങളില്‍ വെള്ളം സംഭരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു, ഇത് 'താമ്ര ജാല്‍' അല്ലെങ്കില്‍ 'കോപ്പറൈസ്ഡ് വാട്ടര്‍' എന്നറിയപ്പെടുന്നു. ഈ സമ്പ്രദായം ജലത്തെ അയണീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും, അതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പറയുന്നു. ചില ആധുനിക പഠനങ്ങളും ചെമ്പിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ടെന്നും വെള്ളം കുടിക്കാന്‍ സുരക്ഷിതമാക്കുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്. ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത്, പോപ്പുലേഷന്‍ ആന്‍ഡ് ന്യൂട്രീഷനില്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ചെമ്പ് സൂക്ഷ്മ ജീവികളെ ചെറുക്കുകയും ശുദ്ധമായ കുടിവെളളം നല്‍കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ചെമ്പ് പാത്രങ്ങളില്‍ നിന്നുള്ള ജലത്തിന്റെ അമിതമായ ഉപഭോഗം ചെമ്പ് വിഷബാധയ്ക്ക് കാരണമാകുമെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ചെമ്പ് പാത്രങ്ങളുടെ ദീര്‍ഘകാല ഉപയോഗം കരളിനും വൃക്കയ്ക്കും കേടുപാടുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിസര്‍ച്ച് ജേണല്‍ ഓഫ് റീസെന്റ് സയന്‍സസിലെ ഒരു അവലോകനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദം സുഖപ്പെടുത്താന്‍ ചെമ്പ് വെള്ളത്തിന് കഴിയുമോ?
ചെമ്പ് പാത്രത്തിലെ വെള്ളം കുടിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാറുമെന്ന വാദത്തെ നിലവിലെ ശാസ്ത്രീയ തെളിവുകള്‍ പിന്തുണയ്ക്കുന്നില്ല. ജേണല്‍ ഓഫ് അനിമല്‍ സയന്‍സ് ആന്‍ഡ് ബയോടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചെമ്പ് കഴിക്കുന്നതും രക്തസമര്‍ദ്ദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്പ് അത്യന്താപേക്ഷിതമാണെങ്കിലും ചെമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ നിന്ന് ചെറിയ അളവില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കാര്യമായി ബാധിക്കില്ലെന്ന് കാര്‍ഡിയോളജിസ്റ്റും ന്യൂഡല്‍ഹിയിലെ സഞ്ജീവന്‍ ആശുപത്രി ചെയര്‍മാനുമായ ഡോ. പ്രേം അഗര്‍വാള്‍ വിശദീകരിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളും ആരോഗ്യപരിപാലന വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും പോലുള്ള തെളിയിക്കപ്പെട്ട രീതികള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഹൈപ്പര്‍ടെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്
സഞ്ജീവന്‍ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. മാനവ് അഗര്‍വാള്‍, ഹൈപ്പര്‍ടെന്‍ഷന്‍ ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. സോഡിയം കഴിക്കുന്നത് കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും വര്‍ദ്ധിപ്പിക്കുക, സ്ഥിരമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മദ്യപാനം പരിമിതപ്പെടുത്തുക, പുകവലി ഉപേക്ഷിക്കുക, യോഗ, ധ്യാനം, ശരിയായ ഭക്ഷണക്രമം തുടങ്ങിയ പരിശീലനങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ജീവിതശൈലിയിലെ ഈ മാറ്റങ്ങള്‍ കൊണ്ട് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മരുന്നുകള്‍കൊണ്ടുള്ള ചികിത്സ ആവശ്യമായി വന്നേക്കാം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചെമ്പിന് ചില ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ടെങ്കിലും, ഒരു ചെമ്പ് പാത്രത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സുഖപ്പെടുത്തുമെന്ന വാദത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. വാസ്തവത്തില്‍, ചെമ്പ് പാത്രങ്ങളുടെ അമിതമായ ഉപയോഗം വിഷാംശത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അതിനാല്‍, രക്താതിമര്‍ദ്ദം സുഖപ്പെടുത്താന്‍ ചെമ്പ് വെള്ളത്തിന് കഴിയുമെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിനായി വൈദ്യസഹായം തേടുകയോ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നതാണ് അനുയോജ്യം.