Health | ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന ദീർഘദർശിയായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഡോ. ആസാദ് മൂപ്പൻ


● ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപയുടെ പദ്ധതി
● നഴ്സിംഗ് വിദ്യാഭ്യാസത്തിന് 1020 സീറ്റുകൾ വർദ്ധിപ്പിക്കും.
● കൂടുതൽ നഴ്സിംഗ് കോളേജുകളും ആരംഭിക്കും
● എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
തിരുവനന്തപുരം: (KVARTHA) കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രതികരിച്ചു.
ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപ അനുവദിച്ചത് അതിന്റെ ഉദാഹരണമാണ്. അത്യാധുനിക ചികിത്സാസൗകര്യങ്ങളും, നല്ലൊരു അന്തരീക്ഷവും ഇവിടെയുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ ഇത് സഹായിക്കും. അതുപോലെ സംസ്ഥാനത്തിന് മികച്ച വരുമാനം കണ്ടെത്താനും നിരവധിപേർക്ക് തൊഴിൽ നൽകാനും സാധിക്കും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഈ നേട്ടം അതേപടി തുടരാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ക്യാൻസർ രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനും, ചികിത്സയ്ക്കും വേണ്ടി കൂടുതൽ പണം നിക്ഷേപം നടത്താനുള്ള തീരുമാനം വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. എല്ലാ സർക്കാർ ആശുപത്രികളും കാൻസർ ചികിത്സയ്ക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും ആധുനിക ലാബുകളും തുടങ്ങാനുള്ള തീരുമാനം, കുട്ടികളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. അതുപോലെ റഫറൽ ആശുപത്രികളിൽ രക്താതിസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ മെച്ചപ്പെട്ട ചികിത്സയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചതും നല്ലൊരു തീരുമാനമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ വികസിപ്പിച്ചത് വൃക്ക രോഗങ്ങളാൽ വലയുന്നവർക്ക് ഉപകാരപ്രദമാകും.
ബിഎസ്‌സി നഴ്സിങ്ങിന് 1020 അധിക സീറ്റുകൾ അനുവദിച്ചതും കൂടുതൽ നഴ്‌സിങ് കോളേജുകൾ തുറക്കാനുള്ള തീരുമാനവും കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്ക് ഒരുപാട് ഉപകാരം ചെയ്യും. ലോകമെമ്പാടും നേഴ്‌സുമാർക്ക് ക്ഷാമം നേരിടുന്ന ഈ കാലത്ത് ഇങ്ങനെയൊരു മികച്ച തീരുമാനം സംസ്ഥാനം കൈക്കൊള്ളുന്നത് പ്രശംസനീയമാണ്.
ഉന്നത നിലവാരമുള്ള നഴ്‌സിങ് ജീവനക്കാരെയാണ് കേരളം സൃഷ്ടിക്കുന്നത്. ലോകമെമ്പാടും മലയാളി നഴ്‌സുമാർക്ക് ഉയർന്ന ഡിമാൻഡ് ആണ്. ഈ നീക്കം കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സംസ്ഥാനത്തിനകത്തെ ചികിത്സാസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ആരോഗ്യരംഗത്തെ ഇന്നത്തെ ആവശ്യങ്ങളും ഭാവിയിലെ സാധ്യതകളും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Dr. Asad Mooppan appreciates the budget's long-term vision to strengthen Kerala's healthcare system, focusing on health tourism, cancer treatment, and nurse training.
#KeralaBudget #HealthTourism #CancerCare #Nurses #HealthcareStrengthening #DrAsadMooppan