Warning | എലികൾ, അണ്ണാന്‍, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളെ സൂക്ഷിക്കുക! ചെള്ളുപനി വ്യാപനം, ജാഗ്രത പാലിക്കാം
ആലപ്പുഴയിൽ ചെള്ളുപനി, ജില്ലാ ആരോഗ്യ വകുപ്പ് ജാഗ്രത, എലികളിൽ നിന്ന് മനുഷ്യരിലേക്ക്
ആലപ്പുഴ: (KVARTHA) ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം.
ഈ ബാക്ടീരിയ വഹിക്കുന്ന ചെള്ളുകളുടെ കടിയേറ്റാണ് രോഗം പകരുന്നത്. ചെള്ളുകളുടെ ഒരു തരമായ ചിഗർമായിറ്റുകൾ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഈ ചെള്ളുകൾ പ്രധാനമായും എലികൾ, അണ്ണാന്‍, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിൽ കാണപ്പെടുന്നു.
ചെള്ളുപനിയുടെ ലക്ഷണങ്ങൾ
* നീണ്ടുനിൽക്കുന്ന പനി
* തലവേദന
* കണ്ണുചുവപ്പ്
* കഴല വീക്കം
* പേശി വേദന
* വരണ്ട ചുമ
രോഗം തടയാൻ എന്ത് ചെയ്യാം?
വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക: കുട്ടികൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വളർത്തുമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.
വസ്ത്രധാരണം: പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. ബൂട്ട്, കാലുറ തുടങ്ങിയ സുരക്ഷിതമായ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. വസ്ത്രങ്ങൾ കുറ്റിച്ചെടികളിലോ നിലത്തോ ഇട്ട് ഉണക്കരുത്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക: വീട്ടുപരിസരത്തെ കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക.
ശുചിത്വം പാലിക്കുക: പുൽമേടുകളിലോ, വനപ്രദേശത്തോ പോയി തിരിച്ചുവന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി കഴുകുക. വസ്ത്രങ്ങൾ അലക്കിയിടുക.
എന്തുകൊണ്ട് ജാഗ്രത പാലിക്കണം?
ചെള്ളുപനി സമയത്ത് ശരീരത്തിൽ പല അണുബാധകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താൽ ചെള്ളുപനിയെ പ്രതിരോധിക്കാം.
#tickfever #alappuzha #healthwarning #kerala #publichealth #diseaseprevention #rodents #hygiene